ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസ്; സമയപരിധി തീരുന്നു... കൂടുതല്‍ സമയം ചോദിച്ചേക്കും
കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സുപ്രീംകോടതി അനുവദിച്ച സമയപരിധി തീരുന്നു. വിചാരണ നടപടികള്‍ അന്തിമ ഘട്ടത്തിലാണെങ്കിലും നിശ്ചിത സമയപരിധിക്കകം തീരുമോ എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. കേസിന്റെ വിചാരണയ്ക്ക് കോടതി കൂടുതല്‍ സമയം ചോദിക്കാനാണ് സാധ്യത.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ കാറില്‍ വച്ച് നടി ആക്രമിക്കപ്പെട്ടത്. ആറ് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ല. ഇടക്കാലത്ത് ചില വെളിപ്പെടുത്തലുകളുണ്ടായതും പുതിയ കേസ് രജിസ്റ്റര്‍ ചെയ്തതുമെല്ലാം വിചാരണ വൈകാന്‍ കാരണമായിട്ടുണ്ട്. നേരത്തെ സമാനമായ സാഹചര്യമുണ്ടായപ്പോള്‍ വിചാരണ കോടതി സുപ്രീംകോടതിയെ സമീപിച്ച് കൂടുതല്‍ സമയം തേടുകയായിരുന്നു.

ജൂലൈ 31 വരെയാണ് സുപ്രീംകോടതി ഒടുവില്‍ അനുവദിച്ചിരിക്കുന്ന സമയം. രണ്ടാഴ്ച്ചയ്ക്കകം വിചാരണ പൂര്‍ത്തിയാകാന്‍ സാധ്യതയില്ല എന്നാണ് സൂചനകള്‍. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിച്ച് വിചാരണയ്ക്ക് കൂടുതല്‍ സമയം തേടുക. ആറ് മാസം കൂടി അനുവദിച്ചാല്‍ വിചാരണയ്ക്ക് ഗുണകരമാകും. ആഗസ്റ്റ് നാലിന് സുപ്രീംകോടതി കേസിന്റെ പുരോഗതി പരിശോധിക്കും.
പ്രതികള്‍ തുടര്‍ച്ചയായി പുതിയ ആവശ്യങ്ങളുമായി മേല്‍ക്കോടതികളെ സമീപിച്ചതായിരുന്നു ആദ്യഘട്ടത്തില്‍ വിചാരണയ്ക്ക് തടസം. പിന്നീട് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുണ്ടായതോടെ വിചാരണ നിര്‍ത്തിവയ്ക്കുകയും വെളിപ്പെടുത്തല്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഈ അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.
അന്വേഷണ സംഘത്തെ ഇല്ലാതാക്കാന്‍ ദിലീപും അദ്ദേഹവുമായി ബന്ധമുള്ളവരും പദ്ധതിയിട്ടു, നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ വച്ച് പ്രതികള്‍ കണ്ടു, കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി ദിലീപിന്റെ വീട്ടിലെത്തി തുടങ്ങി ഗുരുതരമായ വെളിപ്പെടുത്തലാണ് ബാലചന്ദ്ര കുമാര്‍ നടത്തിയത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം പൂര്‍ത്തിയായ ശേഷമാണ് ഇപ്പോള്‍ വിചാരണ തുടരുന്നത്.
ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യര്‍ ഉള്‍പ്പെടെയുള്ളവരെ വീണ്ടും വിസ്തരിച്ചിരുന്നു. കേസിന്റെ നടപടികള്‍ രഹസ്യമായിട്ടാണ് നടക്കുന്നത്. നടിയുടെ സ്വകാര്യത മാനിച്ചാണ് ഇത്തരത്തില്‍ വിചാരണ മുന്നോട്ട് പോകുന്നത്. നീതി ലഭിക്കുംവരെ പോരാടുമെന്ന ഉറച്ച നിലപാടിലാണ് നടി. കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന ആക്ഷേപവും ഇടക്കാലത്ത് ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications