'ദിലീപിന്റെ പങ്ക് തെളിയിക്കാൻ മഞ്ജു കോടതിയിൽ എത്തണം'; ദിലീപിന് കുരുക്ക് മുറുക്കാൻ സർക്കാർ
കേസിൽ മഞ്ജുവിനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ പറയുന്ന വാദങ്ങൾ വ്യാജമാണെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ദിലീപ് പറഞ്ഞിരുന്നു.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാനുള്ള പ്രോസിക്യൂഷൻ നീക്കത്തെ തടയണമെന്ന ആവശ്യമാണ് ദിലീപ് സുപ്രീം കോടതിയിൽ ഉന്നയിച്ചിരിക്കുന്നത്. കേസിൽ മഞ്ജുവിനെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ പറയുന്ന വാദങ്ങൾ വ്യാജമാണെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ദിലീപ് പറഞ്ഞിരുന്നു. എന്നാൽ ദിലീപിന്റെ വാദങ്ങളെ ശക്തമായി തള്ളുകയാണ് സർക്കാർ. കേസിൽ മഞ്ജുവിനെ വിസ്തരിക്കേണ്ടത് അനിവാര്യമാണെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

മഞ്ജുവിനെ എന്തുകൊണ്ട് വിസ്തരിക്കുന്നു
നടി കേസിൽ ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദരേഖയെ കുറിച്ചുള്ള മഞ്ജുവിന്റെ മൊഴി അതിപ്രധാനമാണെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ശബ്ദരേഖയിലെ ദിലീപിന്റേയും സഹോദരൻ അനൂപിന്റേയുമെല്ലാം ശബ്ദം തിരിച്ചറിയുന്നതിനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കേണ്ടതെന്ന് പ്രോസിക്യൂഷൻ വിചാരണ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ തുടക്കം മുതൽ ദിലീപ് എതിർപ്പ് അറിയിക്കുകയായിരുന്നു.

മഞ്ജുവിനെ വീണ്ടും വിസ്തരിക്കേണ്ട സാഹചര്യമില്ലെന്ന്
ഒരിക്കൽ വിസ്തരിച്ച മഞ്ജുവിനെ വീണ്ടും വിസ്തരിക്കേണ്ട സാഹചര്യമില്ലെന്നതാണ് ദിലീപിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ ദിലീപിന്റെ വാദങ്ങൾ എഴുതി നൽകാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപ് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഗുരതര ആരോപണമാണ് ദിലീപ് ഉയർത്തിയത്.

ദിലീപിന്റെ വാദങ്ങൾ അടിസ്ഥാന രഹിതം
പ്രോസിക്യൂഷൻ പറയുന്ന കാര്യങ്ങൾ വ്യാജമാണെന്നും മഞ്ജുവിന് തന്നോട് വിരോധം ഉണ്ടെന്നും ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്നത് പ്രധാനമാണെന്നാണ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമമാണ് നടക്കുന്നതെന്ന ദിലീപിന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

ദിലീപിന്റെ പങ്ക് തെളിയിക്കാൻ
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പങ്ക് തെളിയിക്കാൻ മഞ്ജുവിനെ വിസ്തരിക്കേണ്ടത് ആവശ്യമാണ്. ദിലീപ് തെളിവുകൾ സമർപ്പിക്കുന്നത് തടയാൻ ശ്രമിക്കുകയാണ്. വീണ്ടും വിസ്തരിച്ച ഏഴ് സാക്ഷികളിൽ മഞ്ജു വാര്യരെ മാത്രമാണ് ഇനി വിസ്തരിക്കാൻ ഉള്ളതെന്നും സുപ്രീം കോടതിയെ സർക്കാർ അറിയിച്ചു. വിചാരണ വേഗം നടത്തണമെന്ന ദിലീപിന്റെ ആവശ്യം കേസിൽ രക്ഷപ്പെടുമെന്ന മിഥ്യാധാരണയിലാണെന്നും സർക്കാർ പറയുന്നു.

തെളിവ് നശിപ്പിച്ചത്
കേസിൽ പ്രതികൾ തെളിവ് നശിപ്പിച്ചുണ്ടെങ്കിൽ അത് തെളിയിക്കാനുള്ള അവകാശം പ്രോസിക്യൂഷന് ഉണ്ട്. കേസിലെ പ്രധാന സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വിസ്താരം നീട്ടിക്കൊണ്ട് പേകാൻ ശ്രമിക്കുന്നത് പ്രതിഭാഗം ആണ്. പ്രതിഭാഗം ഇത് നീട്ടിയില്ലെങ്കിൽ മുപ്പത് ദിവസം കൊണ്ട് തന്നെ കേസിന്റെ വിചാരണ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. അതേസമയം സത്യവാങ്മൂലത്തിൽ വെള്ളിയാഴ്ച സുപ്രീം കോടതി വിശദമായ വാദം കേൾക്കും.

വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടണമെന്ന്
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ ആറ് മാസത്തേക്ക് കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ഹൈക്കോടതിയെ സമീപിച്ചു. ജനവരി 30 നകം വിചാരണ പൂർത്തിയാക്കാനായിരുന്നു നേരത്തേ സുപ്രീം കോടതി വിചാരണ കോടതിയെ അറിയിച്ചത്. എന്നാൽ കൂടുതൽ സാക്ഷികളെ വിസ്തരിക്കാൻ ബാക്കിയുണ്ട്. ഈ സാഹചര്യത്തിലാണ് വിചാരണ കോടതിയുടെ അപേക്ഷ.

മഞ്ജു വാര്യർ, കാവ്യയുടെ മാതാപിതാക്കൾ
മഞ്ജു വാര്യർ, കാവ്യയുടെ മാതാപിതാക്കളായ ശകുന്തള, മാധവൻ, ദിലീപിന്റെ സഹോദരൻ അനൂപ് എന്നിവർ അടക്കമുള്ളവരെയാണ് കേസിൽ വീണ്ടും വിസ്തരിക്കാൻ പ്രോസിക്യൂഷൻ അനുമതി തേടിയത്. കാവ്യ ദിലീപിനെ ബന്ധപ്പെടൻ ഉപയോഗിച്ച ഫോൺ കാവ്യയുടെ അമ്മയുടേതാണോയെന്ന് അറിയാനാണ് അവരെ വിസ്തരിക്കുക. കാവ്യയുടെ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട കാര്യം അറിയാനാണ് മാധവനെ വിസ്തരിക്കുന്നത്. തെളിവ് നശിപ്പിച്ചത് അടക്കമുള്ള കാര്യങ്ങളിലാണ് അനൂപിൽ നിന്നും വിവരങ്ങൾ തേടുന്നത്.












Click it and Unblock the Notifications