ദിലീപിന്റെ നീക്കത്തിന് മറുപണി; പൂട്ടാനുറച്ച് തന്നെ ക്രൈംബ്രാഞ്ച്: വിശദ പരിശോധന ഉടന്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗുഡാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനും കൂട്ടുപ്രതികള്‍ക്കുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കുന്നു. ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഫോണുകള്‍ ഫോർമാറ്റ് ചെയ്യപ്പെട്ടതായി പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.
ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപ് അടക്കുമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി നിർദേശം നല്‍കിയതിന്റെ പിറ്റേദിവസമാണ് ഇത്തരമൊരു നീക്കം ഉണ്ടായതെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇതുവഴി കൃത്രിമത്വം നടത്തിയാതിയ സംശയിക്കണം. ഫോൺ ടാംപറിങ് സംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ട് ലഭിച്ചെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സുരാജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഗൂഡാലോചന കേസിലെ പ്രതികള്‍. ദിലീപ് ഉപയോഗിച്ച് മൂന്ന് ഫോണിലേത് ഉള്‍പ്പടെ കോടതിയില്‍ ഹാജരാക്കിയ ആറ് ഫോണുകളുടെ പരിശോധന ഫലമായിരുന്നു കഴിഞ്ഞ ദിവസം ലഭിച്ചത്. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലായിരുന്നു പരിശോധന.

സഹോദരന്‍ അനൂപ് 2017 ലും 2022 ലും ഉപയോഗിച്ച രണ്ട് ഫോണുകളും സുരാജ് ഉപയോഗിച്ച് ഹുവായ് ഫോണും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ആവശ്യപ്പെട്ട മുഴുവന്‍ ഫോണുകളും ലഭിച്ചില്ലെന്ന നിലപാടായിരുന്നു അന്വേഷണ സംഘവും പ്രോസിക്യൂഷനും അന്ന് സ്വീകരിച്ചിരുന്നത്. ദിലീപ് 2017 മുതൽ ഉപയോഗിച്ച ഐ ഫോണ്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയില്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ വാദം.

ഐ ഫോൺ-10 ആണ് ഇത്. ഐ-ഫോൺ 13 പ്രൊ-ഐഫോൺ 12 പ്രൊ-മാക്സ്, വിവോ ഫോൺ തുടങ്ങിയവയാണ് ദിലീപിന്റേതായി നിലവില്‍ ഹാജരാക്കിയിരിക്കുന്ന ഫോണുകള്‍. ഐ ഫോൺ-10 ദിലീപ് ഉപയോഗിച്ച കാലയളവ് അടക്കം അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു ഫോണിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന നിലപാടായിരുന്നു ദിലീപ് സ്വീകരിച്ചത്.

പ്രധാനപ്പെട്ട ഫോണുകളില്‍ ഒന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും കൈമാറിയ മൊബൈൽ ഫോണിൽ നിന്നു നഷ്ടപ്പെട്ട ഡേറ്റ തിരിച്ചെടുക്കാൻ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങിയിട്ടുണ്ട്. കോടതിയുടെ അനുവാദത്തോടെ കൂടുതൽ സൈബർ ഫൊറൻസിക് പരിശോധന നടത്താനുള്ള സാധ്യതയാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളുണ്ടാവുമെന്ന‌് ക്രൈംബ്രാഞ്ച് കരുതുന്ന ഫോണ്‍ കണ്ടെത്താനുള്ള ശ്രമവും സജീവമായി നടക്കുന്നുണ്ട്. എന്നാല്‍ ഇത്തരമൊരു ഫോണിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ദിലീപും സംഘവും. അതേസമയം, നേരത്തെ കോടതി ഇടപെടലിലൂടെയായിരുന്നു ഫോണുകള്‍ പരിശോധനയ്ക്ക് അയച്ചത്

അന്വേഷണ സംഘം ആവശ്യപ്പെട്ടപ്പോള്‍ തന്റെ ഫോണുകള്‍ മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ നല്‍കിയെന്നായിരുന്നു ദിലീപ് കോടതിയെ അറിയിച്ചത്. എന്നാല്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കി സർക്കാർ അംഗീകൃത ലാബില്‍ പരിശോധനയ്ക്ക് അയക്കാന്‍ കോടതി നിർദേശിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഫോണുകള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചത്. കോടതി നിർദേശ പ്രകാരം ജനുവരി 31-ന് ആണ് പ്രതികൾ അഭിഭാഷകൻ മുഖേന ഹൈക്കോടതി രജിസ്ട്രാർ ജനറലിന് ഫോൺ കൈമാറുകയായിരുന്നു.

അതിനിടെ, സത്യം കണ്ടെത്താനുള്ള ലക്ഷ്യമാണ് തുടർ അന്വേഷണത്തിനു പിന്നിലെന്ന് വ്യക്തമാക്കി കേസിൽ കക്ഷി ചേർന്ന അതിജീവിതയായ നടി രംഗത്ത് എത്തി. പ്രതിയുടെ അടുത്ത സുഹൃത്ത് എന്നു പറയുന്നയാളുടെ വെളിപ്പെടുത്തലുകൾ മാധ്യമങ്ങളിൽ കണ്ടതിനെ തുടർന്ന് ഉടൻതന്നെ അന്വേഷണ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടിരുന്നു. ഗൂഢാലോചന നടത്തിയോ ഇല്ലേ എന്ന് അറിയേണ്ടതുണ്ട്. അതിന് അന്വേഷണം ആവശ്യമാണെന്നും നടി വ്യക്തമാക്കി.












Click it and Unblock the Notifications