മഞ്ജു അടക്കമുള്ളവർ കോടതിയിൽ എത്തില്ലേ? അതൃപ്തി അറിയിച്ച് സുപ്രീം കോടതി, 'എന്തിനാണ് 41 സാക്ഷികൾ'
കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ഹർജി പരിഗണിക്കവെയാണ് കോടതി വിചാരണ നീളുന്നതിൽ ചോദ്യം ഉയർത്തിയത്.

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ ജനവരി 31 നകം പൂർത്തിയാക്കണമെന്നതായിരുന്നു സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നത്. എന്നാൽ തുടർകുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ പുതിയ സാക്ഷികളെ കൂടി വിസ്തരിക്കുന്ന സാഹചര്യത്തിൽ വിചരാണ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല. കേസിൽ കൂടുതൽ സമയം തേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയണ് വിചാരണ കോടതി.
അതിനിടെ വിചാരണ നീളുന്നതിൽ കടുത്ത അതൃപ്തി അറിയിച്ചിരിക്കുകയാണ് സുപ്രീം കോടതി. കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ഹർജി പരിഗണിക്കവെയാണ് കോടതി വിചാരണ നീളുന്നതിൽ ചോദ്യം ഉയർത്തിയത്.

മഞ്ജു അടക്കമുള്ളവർക്കെതിരെ ദിലീപ്
നടി കേസ് സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കാണിച്ചായിരുന്നു ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. മാത്രമല്ല കേസിൽ ആദ്യം വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ മുൻ ഭാര്യയും നടിയുമായ മഞ്ജു വാര്യർ, കാവ്യയുടെ വസ്ത്ര സ്ഥാപനമായ ലക്ഷ്യയിലെ മുൻ ജീവനക്കാരനായ സാഗർ വിൻസെന്റ്, കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിംസൺ എന്നിവരെ വീണ്ടും വിസ്തരിക്കുന്നതായിരുന്നു ദിലീപ് ചോദ്യം ചെയ്തത്.

കേസിൽ ഏറ്റവും നിർണായകമെന്ന് പ്രോസിക്യൂഷൻ കണക്കാക്കുന്ന സാക്ഷികളാണിവർ. ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖയിൽ ദിലീപിന്റെ ശബ്ദം തിരിച്ചറിയുന്നതിൽ ഉൾപ്പെടെ മഞ്ജുവിന്റെ മൊഴിക്ക് പ്രാധാന്യമുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് ദിലീപ് നിർണായക നീക്കവുമായി സുപ്രീം കോടതിയെ സമീപിച്ചത്.
പുതിയ സാക്ഷികളെ കൊണ്ട് വന്ന്
വിചാരണ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്ന് ഇന്ന് ഹർജി പരിഗണിക്കവെ ദിലീപ് സുപ്രീം കോടതിയിൽ അറിയിച്ചു.

അതേസമയം ഹർജി പരിഗണിച്ച കോടതി വിചാരണ നീളുന്നത് എന്തുകൊണ്ടാണെന്ന് പ്രോസിക്യൂഷനോട് ചോദിച്ചു. ഇതിൽ മറുപടി പറയാനുള്ള ഉത്തരവാദിത്തം പ്രോസിക്യൂഷന് ഉണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. കേസ് വിസ്താരം അവസാന ഘട്ടത്തിലേക്ക് കടക്കമുമ്പോൾ 41 സാക്ഷികളെ പുതിതായി കൊണ്ട് വന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന ചോദ്യവും സുപ്രീം കോടതി ഉയർത്തി.

അവസാന നിമിഷം പുതിയ സാക്ഷികളെ കൊണ്ടുവന്നതിന് കാരണമെന്താണെന്നും പ്രോസിക്യൂഷനോട് കോടതി തിരക്കി. ഇത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി സാക്ഷികളെ അവതരിപ്പിച്ചതിന്റെ ആവശ്യകത എന്താണെന്നും ചോദിച്ചു. കേസിൽ ദിലീപിന്റെ വാദങ്ങൾ എഴുതി നൽകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.

സംവിധായകൻ ബാലചന്ദ്രകുമാർ, മഞ്ജു വാര്യർ ഉൾപ്പെടെയുള്ളവർ
അതേസമയം ദിലീപിന്റെ വാദങ്ങൾ സുപ്രീം കോടതി അംഗീകരിച്ചാൽ പ്രോസിക്യൂഷനെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടിയായിരിക്കും ഉണ്ടാകുക. സാക്ഷിപട്ടികയിൽ ഉൾപ്പെട്ട സംവിധായകൻ ബാലചന്ദ്രകുമാർ, മഞ്ജു വാര്യർ, സൈബർ വിദ്ഗദൻ സായ് ശങ്കർ എന്നിവരുടെ മൊഴികൾ കേസിൽ നിർണായകമാണെന്നാണ് പ്രോസിക്യൂഷൻ കരുതുന്നത്.

നിരവധി ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായി
രണ്ടാം ഘട്ട അന്വേഷണത്തിൽ കേസിൽ നിരവധി ഡിജിറ്റൽ തെളിവുകൾ ലഭിച്ചതായി പോലീസ് അവകാശപ്പെട്ടിരുന്നു. കേസിൽ ബാലചന്ദ്രകുമാർ സമർപ്പിച്ച ശബ്ദ രേഖയിൽ ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദം തിരിച്ചറിയുന്നതിനുൾപ്പെടെയാണ് മഞ്ജു ഉൾപ്പെടെയുള്ളവരെ വീണ്ടും വിസ്തരിക്കുന്നത്. അതേസമയം ഇനി കേസിൽ സുപ്രീം കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications