ഈ ഗൂഢാലോചന കേസ് ശരിയാംവണ്ണം അന്വേഷിക്കപ്പെടാന്‍ സാധ്യതയില്ല; കാരണങ്ങള്‍ നിരത്തി സനല്‍കുമാര്‍ ശശിധരന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസ് ശരിയാംവണ്ണം അന്വേഷിക്കപ്പെടാന്‍ സാധ്യത ഇല്ലെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞു. ക്രിമിനലുകളും അഴിമതിക്കാരുമായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥപ്രഭുക്കളെയും നീതിന്യായ വ്യവസ്ഥയിലെ പുഴുക്കുത്തുകളെയും കൂട്ടിയിണക്കിയുണ്ടാക്കിയിട്ടുള്ള മാഫിയാ സംവിധാനത്തിന്റെ ഉള്ളിലേക്ക് കടന്ന് കയറാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടാനാണ് സാധ്യതയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.

ബന്ധു സന്ധ്യയുടെ ദുരൂഹമരണത്തില്‍ അവയവ മാഫിയയുടെ പങ്ക് സംശയിച്ച് പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അത് എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്നും തെളിവ് നശിപ്പിക്കാന്‍ നീതിന്യായ സംവിധാനങ്ങള്‍ എങ്ങനെ ഒത്താശ ചെയ്തുവെന്നും ഞാന്‍ കണ്ടതാണെന്ന് അദ്ദേഹം പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഡാലോചനക്കേസ് മുന്നോട്ട് പോകില്ല എന്ന് ഞാന്‍ പറയാന്‍ കാരണം അതില്‍ സുപ്രധാന തെളിവുകളുള്ള ഫോണുകളുടെ സാന്നിധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം..

നടി ആക്രമിക്കപ്പെട്ട കേസില്‍ ( ഒരു സ്ത്രീയെ ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കരാര്‍ നല്‍കുകയും അത് നടപ്പാക്കുകയും ചെയ്ത കേസില്‍) അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയ കേസ് ശരിയാംവണ്ണം അന്വേഷിക്കപ്പെടാന്‍ സാധ്യത ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

ക്രിമിനലുകളും അഴിമതിക്കാരുമായ രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥപ്രഭുക്കളെയും നീതിന്യായ വ്യവസ്ഥയിലെ പുഴുക്കുത്തുകളെയും കൂട്ടിയിണക്കിയുണ്ടാക്കിയിട്ടുള്ള മാഫിയാ സംവിധാനത്തിന്റെ ഉള്ളിലേക്ക് കടന്ന് കയറാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടാനാണ് സാധ്യത. ഇത് എന്നെ സംബന്ധിച്ച് ആദ്യമായുണ്ടായ തിരിച്ചറിവല്ല.

എന്റെ ബന്ധു സന്ധ്യയുടെ ദുരൂഹമരണത്തില്‍ അവയവ മാഫിയയുടെ പങ്ക് സംശയിച്ച് പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അത് എങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്നും തെളിവ് നശിപ്പിക്കാന്‍ നീതിന്യായ സംവിധാനങ്ങള്‍ എങ്ങനെ ഒത്താശ ചെയ്തുവെന്നും ഞാന്‍ കണ്ടതാണ്. മൃതശരീരം ക്രമക്കേടുകളില്ലാതെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നെങ്കില്‍ കേരളം നടുങ്ങുന്ന കണ്ടെത്തലുകള്‍ ഉണ്ടാകുമായിരുന്നു.

രണ്ടാമതായി സുഹൃത്തും പത്രപ്രവര്‍ത്തകനുമായ എസ് വി പ്രദീപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ്. പ്രദീപിനെ ആസൂത്രിതമായി കൊന്നതാണെന്നത് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷെ ഏറ്റവും വിദൂരമായ ഒരു സിസിടിവി ദൃശ്യം പുറത്തുവന്നതൊഴികെ സമീപത്തുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധനയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. സിസി ടിവി ദൃശ്യങ്ങള്‍ വേണ്ടുംവിധം അന്വേഷിച്ചിരുന്നെങ്കിലും കേരളം നടുങ്ങുന്ന വിവരങ്ങള്‍ പുറത്തുവന്നേനെ.
Recommended Video

രണ്ടു കേസുകളും ഹൈക്കോടതിയിലുണ്ട്. തെളിവുകള്‍ എന്നത് കരിമ്പാറയില്‍ കൊത്തിവെച്ചിട്ടുള്ളതല്ലെന്ന് ആര്‍ക്കാണ് അറിയാത്തത്? തെളിവുകള്‍ മായ്ഞ്ഞുകഴിഞ്ഞാല്‍ മാത്രമെ തീരുമാനമുണ്ടാവുകയുള്ളു. നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഡാലോചനക്കേസ് മുന്നോട്ട് പോകില്ല എന്ന് ഞാന്‍ പറയാന്‍ കാരണം അതില്‍ സുപ്രധാന തെളിവുകളുള്ള ഫോണുകളുടെ സാന്നിധ്യമാണ്.

സന്ധ്യയുടെ ശരീരം പോലെ, പ്രദീപിന്റെ കൊലപാതകസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലെ തുറന്നാല്‍ കേരളം ഞെട്ടിവിറങ്ങലിക്കുന്ന വിവരങ്ങള്‍ അതിലുണ്ടാവും. നീതിമാന്മാര്‍ മുതല്‍ അന്യായാധിപന്മാര്‍ വരെ ആ പെട്ടിക്കുള്ളില്‍ കാണും. അത് തെളിയിക്കപ്പെടണമെങ്കില്‍ കേരളം ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. അന്ധമായ രാഷ്ട്രീയ വിശ്വാസത്തെക്കാള്‍ സത്യത്തിലും നീതിയിലും മുറുകെപ്പിടിക്കാന്‍ ജനങ്ങള്‍ തയാറാവണം.

ഭയന്ന് വായടച്ചിരിക്കുന്നവര്‍ ഉറക്കെ സംസാരിക്കാന്‍ തയാറാവണം. മാധ്യമങ്ങള്‍ ഇത്തരം വിഷയങ്ങള്‍ ഉത്തരവാദബോധത്തോടെ ഏറ്റെടുക്കണം. തിരിച്ചുപിടിക്കാന്‍ കഴിയാത്ത പടുകുഴിയിലേക്ക് കേരളം വീണുപോകാതെ സൂക്ഷിക്കേണ്ടത് എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും കൂടി ഉത്തരവാദിത്തമാണ്. (തുറക്കാതിരിക്കാന്‍ എല്ലാ അടവുകളും പയറ്റിയ മറ്റൊരു പെട്ടി തുറന്നപ്പോള്‍ ഉള്ളില്‍ എന്തായിരുന്നു എന്ന് നമ്മള്‍ കണ്ടതുമാണല്ലോ) - സനല്‍ കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications