മഞ്ജു വാര്യരെ കുത്തി ദിലീപ്; മഞ്ജു പറഞ്ഞിടത്താണ് ഞാൻ പ്രതിയായത്';ആദ്യ പ്രതികരണം ഇങ്ങനെ
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വന്നതിന് പിന്നാലെ ആദ്യ പ്രതികരണവുമായി നടൻ ദിലീപ്. യഥാർത്ഥത്തിൽ തനിക്കെതിരെ നടന്ന ഗൂഢാലചനയായിരുന്നു കേസ് എന്ന് ദിലീപ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഒത്തുചേർന്ന സിനിമ കൂട്ടായ്മയിൽ മുൻ ഭാര്യ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തോടെയാണ് താൻ ഈ കേസിൽ പ്രതിയാകുന്നതെന്നും ദിലീപ് പ്രതികരിച്ചു. ദിലീപിൻ്റെ വാക്കുകളിങ്ങനെ
'നന്ദി പറയുന്നു, ഈ കേസിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട്, ആ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മഞ്ജു പറഞ്ഞിടത്ത് നിന്നാണ് എനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയർന്ന ഒരു മേലുദ്യോഗസ്ഥയും അവർ തെരഞ്ഞെടുത്ത ഒരു സംഘം ക്രിമിനൽ പോലീസുകാരും ചേർന്നാണ് ഈ കേസ് ഉണ്ടാക്കിയെടുത്തത്.

അതിനായിട്ട് ഈ കേസിലെ മുഖ്യ പ്രതിയേയും അയാളുടെ ജയിലിൽ ഉണ്ടായിരുന്ന കൂട്ടുപ്രതികളെയും കൂട്ടുപിടിച്ചിട്ട് ഈ പോലീസ് സംഘം ഒരു കള്ളക്കഥ മെനഞ്ഞെടുക്കുകയാണ് ചെയ്തത്. എന്നിട്ട് ഈ പോലീസ് സംഘം ചില മാധ്യമങ്ങളെയും അവർക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന ചില മാധ്യമ പ്രവർത്തകരേയും കൂട്ടുപിടിച്ച് ഈ കള്ളക്കഥ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇന്ന് കോടതിയിൽ ഈ പോലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ തകരുകയാണ് ചെയ്തത്. എന്നെ പ്രതിയാക്കാനാണ് ഈ കേസിൽ ഗൂഢാലോചന നടന്നത്. സമൂഹത്തിൽ എന്റെ കരിയർ, ഇമേജ്, ജീവിതം നശിപ്പിക്കാൻ വേണ്ടി ചെയ്തതാണ്. എനിക്കൊപ്പം ഉറച്ച് നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും എനിക്ക് വേണ്ടി നിന്ന സകല ജനങ്ങളോളും നന്ദി പറയുകയാണ്. ര് കോടിക്കണക്കിന് ആൾക്കാർ എനിക്ക് വേണ്ടി പ്രാർത്ഥിച്ചിട്ടുണ്ട്. അവരോടൊക്കെ ഞാൻ ആത്മാർത്ഥമായിട്ടുള്ള നന്ദി പറയുകയാണ്', ദിലീപ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ കൂടാതെ ഏഴാം പ്രതി ചാര്‍ളി തോമസ്, ഒൻപതാം പ്രതി സനില്‍കുമാര്‍, പത്താം പ്രതി ശരത് ജി. നായര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഒന്നാം പ്രതി സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചാം പ്രതി എച്ച്. സലിം എന്ന വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവർ കുറ്റക്കാരെന്ന് കോടതി വിധിച്ചു. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് വിധി പറഞ്ഞത്. ഇവർക്കുള്ള ശിക്ഷ ഈ മാസം 12 ന് പ്രഖ്യാപിക്കും.
നീണ്ട 8 വർഷങ്ങൾക്ക് ശേഷമാണ് നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരുന്നത്. 2017 ഫെബ്രുവരി 17 നാണ് കേരളത്തെ ഞെട്ടിച്ച് കൊണ്ട് ഓടുന്ന കാറിൽ വെച്ച് അതിക്രൂരമായ പീഡനത്തിന് നടി ഇരയാകുന്നത്. സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കാനായി തൃശൂരിൽ നിന്നും എറണാകുളത്തേക്ക് പുറപ്പെട്ട നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. കേസിൽ രണ്ട് മാസങ്ങൾക്ക് ശേഷമാണ് ദിലീപ് അറസ്റ്റിലാകുന്നത്. 85 ദിവസത്തോളം ജയിലിൽ കിടന്നതിന് ശേഷമാണ് നടന് ജാമ്യം ലഭിച്ചത്.












Click it and Unblock the Notifications