കേസ് കരിയറിനെ ബാധിച്ചോ? ദിലീപിന്റെ മറുപടി ഇങ്ങനെ.. ' 600 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്'
കൊച്ചി: നടിയെ ആക്രമിച്ച കേസ് കരിയറിനെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തില്‍ പ്രതികരണവുമായി നടന്‍ ദിലീപ്. കാര്‍ത്തിക് സൂര്യയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസിനെ കുറിച്ച് ഇപ്പോള്‍ ഒന്നും സംസാരിക്കാന്‍ പറ്റില്ല എന്നും വഴിയെ പോകുന്നവരെല്ലാം അടിച്ചിട്ട് പോകുന്ന അവസ്ഥയാണ് എന്നും ദിലീപ് പറയുന്നു.
കേസ് ദിലീപേട്ടന്റെ കരിയറിനെ എവിടെയെങ്കിലും ബാധിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഇതിന് അതിനെ കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം എന്നായിരുന്നു ദിലീപ് നല്‍കിയ മറുപടി. കാരണം അത് സംസാരിക്കാന്‍ തുടങ്ങി കഴിഞ്ഞാല്‍ ചിലപ്പോള്‍ എവിടെയെങ്കിലും കണക്ട് ചെയ്ത് കേസുമായി ബന്ധപ്പെട്ട് പോകും എന്നായിരുന്നു ദിലീപ് പറഞ്ഞത്. ദിലീപിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

'എനിക്ക് ഇപ്പോള്‍ സംസാരിക്കാന്‍ എനിക്ക് അനുവാദമില്ല. ഞാനാണെങ്കില്‍ സംസാരിച്ച് തുടങ്ങുമ്പോള്‍ ഓപ്പണ്‍ ആയിട്ട് സംസാരിക്കുകയും ചെയ്യും. പിന്നെ അതെനിക്ക് പാരയായി വരും. അത് നമുക്കെന്തായാലും സംസാരിക്കാം. അതിന് എന്തായാലും ദൈവം ഒരു ദിവസം തരും. ഇതുവരെ നമ്മള്‍ സംസാരിച്ചിട്ടില്ല. നമ്മള്‍ ഏത് വഴിക്ക് പോകുന്നവനും നമ്മളെ തലയ്ക്കിട്ട് അടിക്കാണ്.
പണ്ട് ശ്രീനിയേട്ടന്റെ ഒരു പടമുണ്ട്. ശ്രീനിയേട്ടന്‍ അഭിനയിച്ച ഒരു പടം. എനിക്ക് ധിം തരികിട തോം ആണോ എന്നൊരു സംശയമുണ്ട്. നടിമാരെ അന്വേഷിച്ച് പോകുന്നൊരു സംഭവമുണ്ട്. എന്നിട്ട് റോഡിലൂടെ പോകുന്നവര്‍ മുഴുവന്‍ ശ്രീനിയേട്ടനെ അടിക്കാന്‍ തുടങ്ങും. എന്തിനാണ് അടിക്കുന്നത് എന്ന് പോലും അറിഞ്ഞ് കൂട. വരുന്നവനും പോകുന്നവനുമൊക്കെ അടിക്കുക എന്ന് പറയില്ലേ.
നമുക്ക് പക്ഷെ എന്തിനാണ് എന്ന് പോലും ചോദിക്കാന്‍ പറ്റാത്ത തരത്തില്‍ ആക്കി വെച്ചിരിക്കുകയാണ്. അപ്പോള്‍ നമുക്ക് സംസാരിക്കാന്‍ പറ്റുന്ന ഒരു ദിവസം ദൈവം തരും. ഇപ്പോള്‍ ബാക്കിയെല്ലാവരും സംസാരിച്ച് കൊണ്ടിരിക്കുകയാണ്. നമ്മള്‍ മാത്രം കേട്ടുകൊണ്ടിരിക്കുകയാണ്. ഈ കേസൊക്കെ നടന്ന് കൊണ്ടിരിക്കുന്ന സമയത്ത് ഞാന്‍ പത്രത്തില്‍ കണ്ടിരുന്നു 600 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്.
32 റിയല്‍ എസ്‌റ്റേറ്റ് എറണാകുളം ജില്ലയില്‍ മാത്രം. അതാണ് ഇവിടത്തെ വലിയ പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത. ഞാന്‍ അന്നിങ്ങനെ ആലോചിച്ചു, 32 ഇടപാട് നടത്താന്‍ വേണ്ട സമയം എത്രയായിരിക്കും എന്ന്. പിന്നെ ഈ ഭൂമിയിലുള്ള സ്ഥലമൊക്കെ വില്ലേജ് ഓഫീസില്‍ ഫയലായിട്ട് ഉണ്ടാകുമല്ലോ. ഞാനാകെ എറണാകുളം ജില്ലയില്‍ ആറ്റുനോറ്റ് ഒരു ഓഫീസ് പണിയാനായിട്ട് കുറച്ച് സ്ഥലം വാങ്ങിച്ചു.
പുല്ലേപ്പടി പാലം വരുന്നു എന്ന് പറഞ്ഞ് കൊണ്ട് എല്ലാവരും കൂടി അത് വില്‍പ്പിച്ചു. ഞാനാകെ ഒമ്പത് സെന്റ് സ്ഥലമാണ് എറണാകുളം ജില്ലയില്‍ വിറ്റിട്ടുള്ളത്. അങ്ങനെയുള്ള ഒരുപാട് കഥകള്‍ ഉണ്ട്. എന്റെ എല്ലാ കാലത്തും കൂടെ നിന്നിട്ടുള്ള ഒരാളാണ് ഗണേഷേട്ടന്‍. ഗണേഷേട്ടനെ എനിക്ക് മറക്കാന്‍ പറ്റില്ല. പ്രധാനപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന സമയത്ത് പോലും പുള്ളി നമ്മളെ വിശ്വസിച്ച് നമുക്ക് വേണ്ടി സംസാരിച്ചിട്ടുണ്ട്.
സിദ്ദീക്കയും അതുപോലെയാണ്. എന്റെ ഫാമിലിയെ താങ്ങി നിര്‍ത്തിയ ഒരുപാട് പേരുണ്ട്. എടുത്ത് പറയേണ്ട ആള്‍ക്കാരാണ് സത്യേട്ടന്‍, ജോഷി സാര്‍, പ്രിയന്‍, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയ ഒരുപാട് പേരുണ്ട്. ഒരുപാട് പേര് കൂടെ നിന്നിട്ടുണ്ട്. നമ്മുടെ വീട് ഒരു ഐലാന്റാക്കുമ്പോള്‍ അവിടെ വന്ന് സപ്പോര്‍ട്ട് ചെയ്ത ആള്‍ക്കാര്‍ക്കെതിരെയും കേസെടുത്ത് ഇനിയാരും എന്നെ വന്ന് സപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ ഉള്ള പരിപാടികളൊക്കെ ഉണ്ടായിരുന്നു.
എടുത്ത് പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് പേരുണ്ട്. പക്ഷെ അവരാരും ടിവിയുടെ മുന്നില്‍ വന്നിരുന്ന് ഫൈറ്റ് ചെയ്യുകയൊന്നും ഉണ്ടായിട്ടില്ല. ആ ഒരു സമയത്ത് എടുത്ത് പറയേണ്ട ആളാണ് ശ്രീനിയേട്ടന്‍. ശ്രീനിയേട്ടന്‍ എന്നെ കുറിച്ച് പോസിറ്റീവായി പറഞ്ഞതിന് അദ്ദേഹത്തിന്റെ വീട്ടില്‍ കരിഓയില്‍ ഒഴിക്കുന്ന പരിപാടിയൊക്കെ ഉണ്ടായിരുന്നു. അങ്ങനെ ബലിയാടായ ഒരുപാട് പേര് വേറെയുണ്ട്. അത് രാഷ്ട്രീയത്തിലായാലും ഉദ്യോഗസ്ഥ തലത്തിലായാലും ഒക്കെ ഉണ്ട്. എനിക്ക് വേണ്ടി പറഞ്ഞാല്‍ അവരെ മാറ്റിനിര്‍ത്തുക എന്ന ഒരു അജണ്ടയുണ്ട്.'












Click it and Unblock the Notifications