ദിലീപിനെ ട്രാപ്പിലാക്കിയത് അവർ, 25 കോടിയെങ്കിലും തീർന്ന് കാണും, 2 കോടി തരാമെന്ന് പറഞ്ഞത് ആര്?;ശാന്തിവിള ദിനേശ്
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തിമ വിചാരണ പൂർത്തിയായതോടെ എത്രയും പെട്ടെന്ന് കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. എട്ടാം പ്രതിയാണ് നടൻ ദിലീപ്. മുൻവൈരാഗ്യത്തിന്റെ പേരിൽ നടിയെ പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയെന്നാണ് ദിലീപിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റം.
എട്ട് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരാൻ പോകുന്നത്. കേസിൽ ദിലീപിന് ശിക്ഷ ലഭിക്കുമോയെന്നാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്. എന്നാൽ ദിലീപ് കുറ്റവിമുക്തനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് ദിലീപ് അനുകൂലി കൂടിയായ സംവിധായകൻ ശാന്തിവിള ദിനേശ്. വിധി വരുന്നതോടെ ദിലീപ് സ്വതന്ത്രനാകുമെന്നും ഈ കേസിൽ എന്താണ് സംഭവിച്ചതെന്ന് അയാൾക്ക് വിളിച്ച് പറയാനാകുമെന്നും ശാന്തിവിള പറഞ്ഞു. യെസ് മീഡിയ നെറ്റ്വർക്ക് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ശാന്തിവിളയുടെ വാക്കുകളിലേക്ക്

'ദൈവത്തെ അമിതമായി കൂട്ടുപിടിക്കുന്ന ആളല്ല ഞാൻ. ഇക്കാര്യം ദിലീപിനോടും ഞാൻ പറഞ്ഞിട്ടുണ്ട്, ദൈവത്തെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്. അയാൾ എന്ത് പറഞ്ഞാലും പറയും മുകളിൽ ഇരിക്കുന്നയാൾ കാണുമെന്ന്. അയാൾക്കിതാണോ ജോലി. ശിവക്ഷേത്രത്തിൽ തൊഴുത് നിന്ന ദിലീപിനെയാണ് ഒരു പരാതിയുടെ ക്ലാരിഫിക്കേഷന് വിളിച്ച് വരുത്തി 88 ദിവസം ജയിലിൽ ഇട്ടത്.
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പൂർത്തിയായിട്ടുണ്ട്. അവധി കഴിഞ്ഞ് കോടതി തുറന്നാൽ ഈ കേസിന്‌റെ വിധി വരും. വിധി വന്നാൽ അതിജീവിത ഹൈക്കോടതിയിൽ പോയ്ക്കോട്ടെ. ആദ്യത്തെ വിധി കഴിയുമ്പോൾ ദിലീപിന് സ്വതന്ത്രനാകാമല്ലോ, അയാൾക്ക് പറയാനുള്ളതൊക്കെ പറയട്ടെ എന്തൊക്കെയാണ് ഇവിടെ സംഭവിച്ചതെന്ന്. എന്തായാലും ദിലീപിന്റെ 25 കോടിയെങ്കിലും തീർന്ന് കാണും, അയാളുടെ സിനിമ ജീവിതം അവസാനിച്ചു. ഇത്രയും മാനസിക ടെൻഷനിൽ നിൽക്കുമ്പോഴാണ് അയാൾ സിനിമകളിൽ ഹ്യൂമർ ചെയ്യുന്നതെന്ന് ഓർക്കണം. ഒരു മനുഷ്യനേയും ഇങ്ങനെ വേട്ടയാടരുത്.
പൾസർ സുനി എങ്ങനെയാണ് കത്തെഴുതി പുറത്തേക്ക് വിട്ടത്. ജയിലിലെ പ്രൊസീജർ അനുസരിച്ച് ജയിൽ സൂപ്രണ്ട് ഒപ്പിട്ട് നൽകിയ പേപ്പറിലാണ് കത്തെഴുതാൻ ആകുക. തിരിച്ച് അദ്ദേഹത്തെ തന്നെ ഏൽപ്പിക്കുകയും വേണം. ഇതൊന്നുമില്ലാതെ എങ്ങനെ കത്തെഴുതി പുറത്തേക്ക് കൊടുക്കാൻ സാധിച്ചു?
പൾസർ സുനി ഫോണൊന്നും കൊണ്ടല്ലല്ലോ ജയിലിൽ പോയത്. അയാൾ അവിടെ വെച്ച് സെൽ ഫോണിൽ ദിലീപിനെ വിളിച്ചു. അയാൾ എടുക്കുന്നില്ല, പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് വിളിച്ചതിനാലായിരിക്കണം ദിലീപ് ഫോണെടുക്കാതിരുന്നത്. അതുകഴിഞ്ഞ് നാദിർഷയെ വിളിച്ചു, ദിലീപ് എനിക്ക് ഒന്നരക്കോടി തരാനുണ്ട്, തന്നില്ലെങ്കിൽ എനിക്ക് രണ്ട് കോടി തരാൻ ആളുണ്ട്, ഞാൻ ദിലീപേട്ടന്റെ പേര് പറയുമെന്ന് പറഞ്ഞു. കേസ് 8 വർഷമായിട്ടും പോലീസ് ചോദിച്ചിട്ടില്ല ഈ രണ്ട് കോടി തരാന്ന് പറഞ്ഞത് ആരാണെന്ന്. ഇത്തരത്തിൽ ആയിരം ചോദ്യങ്ങളുണ്ട്. ഇതിനെല്ലാം ഉത്തരം കിട്ടിയാൽ ഈ കേസ് മനസിലാകും.
ദിലീപിന്റെ വളർച്ചയിൽ സഹികെട്ടവരായിരിക്കും പിന്നിൽ. അമ്മയ്ക്ക് വേണ്ടി സിനിമ എടുത്ത് 15 കോടി സംഘടനക്ക് കൊടുത്തവനാണ്. ഇങ്ങനെയൊരുത്തൻ വളരേണ്ടെന്ന് സിനിമ രംഗത്ത് നിന്നുള്ളവർ തീരുമാനിച്ച് കാണും. അവർ തന്നെയായിരിക്കും ദിലീപിനെ ട്രാപ്പിലാക്കിയത്. യഥാർത്ഥത്തിൽ ഈ കേസ് രണ്ട് സ്ക്രിപ്റ്റ് ആണ്. പൾസർ സുനി പറഞ്ഞില്ലേ, ഞാൻ എത്രയോ നടിമാരെ കൊണ്ടുപോയി ട്രാപ്പ് ചെയ്തെന്ന്, പൈസ ഉണ്ടാക്കിയതെന്ന്', ശാന്തിവിള ദിനേശ് പറഞ്ഞു.
2017 ലായിരുന്നു കേരളത്തെ ഞെട്ടിച്ച് കൊണ്ട് ഓടുന്ന കാറിൽ വെച്ച് നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ദിവസങ്ങൾക്കുള്ളിൽ തന്നെ കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി അടക്കമുള്ളവർ പോലീസിന്റെ പിടിയിലായി. പിന്നേയും മാസങ്ങൾ കഴിഞ്ഞാണ് കേസിൽ നടൻ ദീലീപ് അറസ്റ്റിലാകുന്നത്. 88 ദിവസം കഴിഞ്ഞാണ് ദിലീപിന് ജാമ്യം ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കരുത്, സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമടക്കമുള്ള കർശനമായ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം.












Click it and Unblock the Notifications