സുരേഷ് ഗോപി കടിച്ചത് ജീവനുള്ള എലിയെ തന്നെ; മോഹന്‍ലാലിന്‍റെ ആടുതോമയുടെ വിജയ രഹസ്യവും പറഞ്ഞ് ഭദ്രന്‍
തിരുവനന്തപുരം: യുവ തുര്‍ക്കി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയെ കൊണ്ട് ജീവനുള്ള എലിയെ കടിപ്പിച്ചുവെന്ന വെളിപ്പെടുത്തല്‍ ഈയിടെ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചാ വിഷയമായിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ സേതു അടൂര്‍ ആയിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഈ സംഭവത്തെ കുറിച്ച് അടുത്തിടെ വെളിപ്പെടുത്തല്‍ നടത്തിയത്. ഇക്കാര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകനായ ഭദ്രന്‍. മുന്‍പൊക്കെ കഥയുടെ പൂര്‍ണതയ്ക്കായി എന്ത് വിട്ടു വീഴ്ചയ്ക്കും താരങ്ങള്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

സുരേഷ്ഗോപി
സുരേഷ്ഗോപിയെ ഞാൻ എലിയെ തീറ്റിച്ചു എന്ന തലക്കെട്ടില്‍ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വാര്‍ത്ത കണ്ടു. ആ സംഭവം ശരിയാണെന്നാണ് മനോരമ ഓണ്‍ലൈന് അനുവദിച്ച അഭിമുഖത്തില്‍ ഭദ്രന്‍ പറയുന്നത്. അത് ജീവനുള്ള എലി തന്നെയായിരുന്നു. എന്നാല്‍ ആ വാര്‍ത്തയുടെ ഹെഡ് കൊടുക്കേണ്ടത് അങ്ങനെ ആയിരുന്നില്ല. ഞാന്‍ സുരേഷ് ഗോപിയെകൊണ്ട് എലിയെ തീറ്റിച്ചു എന്നതിനേക്കാള്‍ സുരേഷ് ഗോപി കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി വേണ്ടി ജിവനുള്ള എലിയെ കടിക്കാന്‍ പോലും തയ്യാറായി എന്നാണ് എഴുതേണ്ടിയിരുന്നത്.

യുവതുര്‍ക്കി
യുവതുര്‍ക്കി എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. എലിയെ കഴിക്കുന്ന ഷോട്ട് എടുക്കാൻ ആർട്ട് ഡയറക്ടർ എലിയുടെ ഒരു മോഡൽ ഉണ്ടാക്കിക്കൊണ്ടു വന്നു. എന്നാല്‍ എനിക്ക് അതിനോട് യോജിക്കാന്‍ കഴിഞ്ഞില്ല. എലിയെ കടിക്കുന്ന ഷോട്ടിൽ ഫുൾ ക്ലോസപ്പിൽ എലിയുടെ കണ്ണിലേയ്ക്ക് ചെന്ന് അതിന്റെ കറുത്ത കണ്ണിലെ ദൈന്യതയും പിടപ്പും ഒപ്പിയെടുക്കുക എന്നതായിരുന്നു എന്‍റെ മനസ്സിലുണ്ടായിരുന്ന ഷോട്ട്.

ആ ഷോട്ട്
എലിയുടെ മോഡല്‍ വെച്ച് എടുത്താല്‍ ജീവന്‍ തുടിക്കുന്ന ആ ഷോട്ട് ലഭിക്കില്ല. ഞാന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ സന്തോഷത്തോടെ തന്നെയാണ് സുരേഷ് ഗോപി ആ ഷോട്ട് ചെയ്യാന്‍ റെയിയായത്. അന്നത്തെ കാലത്ത് ഹൈടെക് ആയി എടുത്ത ചിത്രമായിരുന്നു യുവതുര്‍ക്കി. തീഹാര്‍ ജയിലായിരുന്നു പശ്ചാത്തലം. എലിയെ കൊണ്ട് വന്നു ചൂടുവെള്ളവും ഡെറ്റോളും ഉപയോഗിച്ച് ഉരച്ചു കഴുകി വൃത്തിയാക്കിയിട്ടാണ് ഷോട്ടിന് ഉപയോഗിച്ചതെന്നും ഭദ്രന്‍ പറയുന്നു.

"ചേട്ടാ" വിളി
തീഹാര്‍ ജയിലിലെ അന്തരീക്ഷം വളരെ മോശമായിരുന്നു. വൃത്തികെട്ട അന്തരീക്ഷം, ആ പശ്ചാത്തലത്തിൽ ഒരു കഥാപാത്രത്തിന്റെ പൂർണതയ്ക്കു ഇത്തരത്തിലുള്ള എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായ സുരേഷ് ഗോപിയുടെ മഹത്വമാണ് എടുത്ത് പറയേണ്ടത്. വളരെ സ്നേഹമുള്ള വ്യക്തിയാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ ഏറ്റവും ഇമ്പമുള്ള "ചേട്ടാ" വിളി സുരേഷിന്റേതാണെന്നും അഭിമുഖത്തില്‍ ഭദ്രന്‍ പറയുന്നു.

നിനക്കോർമ്മയുണ്ടോ
അദ്ദേഹം എംപി ആയതിന് ശേഷം എന്നെ വിളിച്ചിരുന്നു. ഭദ്രൻ ചേട്ടാ ഞാൻ അതുവഴി വരുന്നുണ്ട് എനിക്ക് നിങ്ങളുടെ നാടൻ ഏത്തക്കാ പുഴുങ്ങിയതും ചൂട് ഇഡ്‌ലിയും വേണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നീട് എന്‍റെ വീടിന്‍റെ പൂമുഖത്തിരുന്ന സംസാരിക്കുന്നതിനിടെ ഞാന്‍ യുവതുര്‍ക്കിയിലെ ഈ എലി വിഷയം എടുത്തിട്ടു. ഞാന്‍ ചോദിച്ചു 'നിനക്കോർമ്മയുണ്ടോ സുരേഷേ അന്ന് യുവതുർക്കിയിൽ എലിയെ കടിക്കുന്ന ഷോട്ട്, സുരേഷ് പറഞ്ഞു ചേട്ടാ ഓർമ്മിപ്പിക്കല്ലേയെന്ന്'

റവണെന്‍റ് എന്ന സിനിമ
അപ്പോഴാണ് ഞാന്‍ റവണെന്‍റ് എന്ന സിനിമയെ കുറിച്ചുള്ള ഒരു കഥ വായിച്ചു കേള്‍പ്പിച്ചു കൊടുത്തത്. രണ്ടു ഓസ്കർ നേടിയ ലോകപ്രശസ്തനായ ഒരു നടൻ ഒരു സിനിമയിൽ പട്ടിണികിടന്നു മടുത്ത് ഒരു മൃഗത്തിന്റെ കരൾ കടിച്ച് പറിക്കുന്ന ഒരു സീനുണ്ട്. ആര്‍ട്ട് ഡയറക്ടര്‍ ഉണ്ടാക്കി കൊടുത്ത കരള്‍ ഉപയോഗിച്ചായിരുന്നു ആദ്യം ചിത്രീകരിച്ചത്. അപ്പോള്‍ അദ്ദേഹം പറഞ്ഞു എനിക്ക് ഇത് ഒട്ടു ശരിയാവുന്നില്ലെന്ന്.

സുരേഷ് അന്ന് പോയത്
ശരിക്കുമുള്ള കരള്‍ കൊണ്ടുവരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഒര്‍ജിനല്‍ കിട്ടിയാലെ ലിവർ പച്ചയ്ക്കു തിന്നുമ്പോൾ ഉണ്ടാകുന്ന ആ ഒരു ഭാവം എന്റെ മുഖത്ത് വരൂ എന്ന്. അതുപോലെ ഒറിജിനൽ എലിയെ കടിക്കുമ്പോൾ നിന്നെ മുഖത്തുണ്ടാകുന്ന എക്സ്പ്രെഷൻ കിട്ടാൻ വേണ്ടിയാണ് അന്ന് ഞാൻഅത് ചെയ്യിച്ചതെന്ന് സുരേഷ് ഗോപിയോട് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കെട്ടിപിടിച്ച് ഒരു ഉമ്മ തന്നിട്ടാണ് സുരേഷ് അന്ന് പോയതെന്നും ഭദ്രന്‍ പറയുന്നു

മോഹന്‍ലാലും സ്ഫടികവും
തന്‍റെ മാസറ്റര്‍ പീസായ സ്ഫടികം എന്ന ചിത്രത്തെ കുറിച്ചും ഭദ്രന്‍ അഭിമുഖത്തില്‍ വാചാലനാവുന്നു. ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് അപ്പന്റെ കൈ വെട്ടുന്ന മകൻ, മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന നായകന്‍ ഇതെല്ലാം ഞാന്‍ ഉണ്ടാക്കിയ കഥാ സന്ദര്‍ഭങ്ങളായിരുന്നു. പക്ഷേ ഇതെല്ലം ഒരു വലിയ കഥയുടെ പശ്ചാത്തലത്തിന്റെ ആവശ്യകതയായിരുന്നു. ലോകമെമ്പാടുമുള്ള മലയാളികളുടെ സിരകളിൽ ചോരയോട്ടം കൂട്ടിയ കഥാപാത്രമായിരുന്നു സ്ഫടികത്തിലെ മോഹൻലാലിന്‍റെ കഥാപത്രമെന്നും അദ്ദേഹം പറയുന്നു.
Recommended Video

ജനം സ്വീകരിക്കുമോ
ഇങ്ങനെയൊക്കെ ചെയ്താൽ ജനം സ്വീകരിക്കുമോ എന്ന് അന്ന് പലരും എന്നോട് ചോദിച്ചിരുന്നു. പക്ഷേ എനിക്കറിയാമായിരുന്നു കാഴ്ചക്കാരുടെ വികാരം. ആടുതോമ മുട്ടനാടിന്റെ ചോരകുടിച്ചതോ റെയ്ബാൻ ഗ്ലാസ് വച്ചതോ ആയിരുന്നില്ല ആ ചിത്രത്തിന്റെ മഹത്വം. അതിനെല്ലാം ഇടയില്‍ കിടക്കുന്ന കഥയുടെ അടിത്തറയാണ് ആ ചിത്രത്തിന്‍റെ വിജയമെന്നും ഭദ്രന്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications