സയീദ് അക്തര്‍ മിര്‍സ കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാന്‍
ദേശീയ തലത്തില്‍ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാപനമാണ് കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. ജീവനക്കാരുമായും വിദ്യാര്‍ത്ഥികളുമായും നേരിട്ട് ചര്‍ച്ച നടത്തുമെന്നും സയ്യീദ് അക്തര്‍ പറഞ്ഞു

തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാനായി സംവിധായകന്‍ സയിദ് അക്തര്‍ മിര്‍സയെ നിയമിച്ചു. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെയും ക്ഷണം താന്‍ സന്തോഷപൂര്‍വം സ്വീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുന്‍ ചെയര്‍മാനാണ് അദ്ദേഹം. നേരത്തെ വിവാദങ്ങളെ തുടര്‍ന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് അക്തര്‍ മിര്‍സയെ നിയമിച്ചത്.
അതേസമയം സയ്യീദ് മിര്‍സ നേരത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന്റെ ജൂറി തലവനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ തുടക്കമുണ്ടാകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.
മിര്‍സയെ പോലൊരു ചലച്ചിത്ര പ്രതിഭയുടെ സാന്നിധ്യം ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും മികച്ചൊരു വഴിവിളക്കാകുമെന്നും മന്ത്രി പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍ തന്റെ നല്ല സുഹൃത്താണെന്ന് അദ്ദേഹം പറഞ്ഞു.
കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിന്റെ പേരില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ആവില്ലല്ലോ എന്നും സയ്യീദ് അക്തര്‍ പറഞ്ഞു.
കേരളത്തിലാണ് പ്രവര്‍ത്തനമെങ്കിലും ദേശീയ തലത്തില്‍ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാപനമാണ് കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്. ജീവനക്കാരുമായും വിദ്യാര്‍ത്ഥികളുമായും നേരിട്ട് ചര്‍ച്ച നടത്തുമെന്നും സയ്യീദ് അക്തര്‍ പറഞ്ഞു.
നേരത്തെ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശങ്കര്‍ മോഹന്‍ രാജിവെച്ചിരുന്നു. അദ്ദേഹത്തിന് പിന്തുണ അറിയിച്ചായിരുന്നു അടൂരും രാജിവെച്ചത്. പുതിയ ഡയറക്ടറെ വൈകാതെ തെരഞ്ഞെടുക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.












Click it and Unblock the Notifications