രാഷ്ട്രീയത്തില്‍ ഉമ്മന്‍ ചാണ്ടിയാണെങ്കില്‍ സിനിമയില്‍ അത് സിദ്ധീഖാണ്: ഹൃദയസ്പർശിയായ കുറിപ്പ്
സിനിമ മേഖലയില്‍ താന്‍ കാണുകയും പരിചയപ്പെടുകയും ചെയ്ത ഏറ്റവും മികച്ച വ്യക്തിത്വമാണ് അന്തരിച്ച സംവിധായകന്‍ സിദ്ധീഖ് എന്ന് മാണി സി കാപ്പന്‍. മലയാളത്തിലും, തമിഴിലും, ബോളിവുഡിലും ബ്ലോക്ക് ബസ്റ്ററുകളുടെ സൃഷ്ടാവായ അദ്ദേഹം എളിമയുടെയും ലാളിത്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഏറ്റവും മികച്ച ഒരു ഉദാഹരണം എന്ന നിലയിൽ ചൂണ്ടിക്കാട്ടാവുന്ന വ്യക്തിത്വമായിരുന്നുവെന്നാണ് സിനിമ നടനും നിർമ്മാതാവും കൂടിയായിരുന്നു മാണി സി കാപ്പന്‍ എം എല്‍ എ ഫേസ്ബുക്കില്‍ കുറിക്കുന്നത്.
മാണി സി കാപ്പന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
എനിക്ക് പ്രധാനമായും മൂന്നു പ്രവർത്തനമേഖലകളാണ് ഉണ്ടായിട്ടുള്ളത്. സ്പോർട്സും, സിനിമയും, രാഷ്ട്രീയവും. ഈ മൂന്നു മേഖലകളിലും ഞാൻ കാണുകയും പരിചയപ്പെടുകയും ചെയ്ത ഏറ്റവും മികച്ച വ്യക്തിത്വങ്ങൾ ആരാണ് എന്ന് ചോദിച്ചാൽ സ്പോർട്സിൽ അത് ജിമ്മി ജോർജും രാഷ്ട്രീയത്തിൽ അത് ഉമ്മൻചാണ്ടി സാറും ആയിരുന്നെങ്കിൽ സിനിമയിൽ അത് സംവിധായകൻ സിദ്ദിഖ് ആയിരുന്നു. മലയാളത്തിലും, തമിഴിലും, ബോളിവുഡിലും ബ്ലോക്ക് ബസ്റ്ററുകളുടെ സൃഷ്ടാവായ അദ്ദേഹം എളിമയുടെയും ലാളിത്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും ഏറ്റവും മികച്ച ഒരു ഉദാഹരണം എന്ന നിലയിൽ ചൂണ്ടിക്കാട്ടാവുന്ന വ്യക്തിത്വമായിരുന്നു. സൗഹൃദത്തിനപ്പുറം സഹോദര തുല്യമായ ഒരു ആത്മബന്ധം ഞങ്ങൾക്കിടയിൽ നിലനിന്നിരുന്നു.

മാന്നാർ മത്തായി സ്പീക്കിംഗ് എന്ന സിനിമയിൽ നിന്ന് ആരംഭിച്ച ഞങ്ങളുടെ ആ ബന്ധം ഇഴമുറിയാതെ പതിറ്റാണ്ടുകൾക്ക് ഇപ്പുറവും നിലനിർത്താൻ ഞങ്ങൾക്ക് ഇരുവർക്കും സാധിച്ചിരുന്നു. ഒരിക്കൽപോലും ആരോടും സിദ്ദിഖ് മുഖം കറുപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല. നർമ്മസംഭാഷണങ്ങളിലൂടെ അല്ലാതെ ഏതെങ്കിലും കാര്യം അദ്ദേഹം അവതരിപ്പിക്കുന്നത് ഞാൻ കേട്ടിട്ടില്ല. അദ്ദേഹത്തിൻറെ നർമ്മങ്ങൾക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു ആരെയും പരിഹസിക്കുകയും വേദനിപ്പിക്കുകയോ ചെയ്യുന്നതായിരുന്നില്ല മറിച്ച് എല്ലാവരെയും ഒരുപോലെ ചിരിപ്പിക്കുന്ന ശുദ്ധവും നിർമ്മലവുമായ നർമ്മങ്ങൾ കോർത്തിണക്കിയാണ് അദ്ദേഹം സിനിമയും ജീവിതവും മുന്നോട്ടുകൊണ്ടുപോയത്.
സിദ്ദിഖ് ആശുപത്രിയിലാണ് എന്നറിഞ്ഞ ദിവസം മുതൽ എല്ലാദിനവും ലാലിനെ വിളിച്ചു വിവരങ്ങൾ അന്വേഷിക്കാറുണ്ടായിരുന്നു. ആരോഗ്യസ്ഥിതി വഷളാണ് എന്ന് അറിയുമ്പോഴും തമാശ പറഞ്ഞ് സിദ്ദിഖ് തിരികെ വരുമെന്ന് തന്നെയാണ് വിശ്വസിച്ചിരുന്നത്. പ്രിയ സുഹൃത്ത് യാത്ര പറയാതെ വിടവാങ്ങിയെന്നത് ഉൾക്കൊള്ളാൻ കഴിയുന്ന ഒരു കാര്യമല്ല. സിദ്ദിഖിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തോടെ പങ്കുചേർന്നുകൊണ്ട് ആത്മാവിന് നിത്യശാന്തി നേരുന്നു. പ്രാർത്ഥനയോടെ മാണി സി കാപ്പൻ.












Click it and Unblock the Notifications