കോണ്‍ഗ്രസ് പോലും മിണ്ടിയില്ല; പക്ഷെ ഡിഎംകെ പറഞ്ഞു, അത് ബിജെപിക്കല്ല കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ്
ചെന്നൈ: ഐ എൻ എസ് വിക്രാന്ത് ബി ജെ പി നേതൃത്വത്തിലുള്ള സർക്കാരിന്റെ വിജയമാണെന്ന് അവകാശപ്പെട്ട ബി ജെ പിയെ കടന്നാക്രമിച്ച് ഡി എം കെയുടെ മുഖപത്രമായ മുരസൊലിയുടെ എഡിറ്റോറിയൽ. ബി ജെ പിക്കല്ല യഥാർത്ഥത്തില്‍ ഐ എന്‍ എസ് വിക്രാന്തിന്റെ ക്രെഡിറ്റ് കോണ്‍ഗ്രസിനാണെന്നാണ് എഡിറ്റോറിയല്‍ അവകാശപ്പെടുന്നത്.
മൻമോഹൻ സിങ്ങിന്റെ കാലത്ത് യുദ്ധക്കപ്പലിന്റെ 80% പണിയും പൂർത്തിയായതായി എഡിറ്റോറിയൽ പറയുന്നു. ബി ജെ പിയുടെ അവകാശവാദത്തിനെതിരെ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന ഘടകം എതിർപ്പൊന്നും ഉന്നയിച്ചില്ലെങ്കിലും കോണ്‍ഗ്രസിന് വേണ്ടി ഡി എം കെ രംഗത്ത് എത്തിയെന്നതെന്നാണ് ശ്രദ്ധേയം.

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ വിജയഗാഥയെക്കുറിച്ച് മുരസൊലിയുടെ എഡിറ്റോറിയൽ വിശദീകരിക്കുന്നുണ്ട്. കൂടാതെ ബി ജെ പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തങ്ങളുടെ ലേബൽ കാരിയറിനുമേൽ പതിച്ചതല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നും പറയുന്നു. 1999-ൽ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ പുതിയ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ നിർമ്മിക്കാനുള്ള ചർച്ചകൾ ആരംഭിച്ചെന്നും അന്ന് 2000 കോടി രൂപ അനുവദിച്ചുവെന്നും ഐ എൻ എസ് വിക്രാന്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളെ കുറിച്ച് എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ 2005ൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു പി എ സർക്കാരിന്റെ കാലത്ത് മാത്രമാണ് കപ്പലിന്റെ പണി തുടങ്ങിയത്. പിന്നീട് 20,000 ടണ്ണിന് പകരം കപ്പലിന്റെ രൂപരേഖ 38,000 ടൺ ആക്കി മാറ്റി. 2009 ഫെബ്രുവരി 28 ന് കപ്പലിന് അടിത്തറയിട്ടു, അതിന്റെ 80% ജോലിയും നടന്നത് കോൺഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോഴാണെന്നും മുരസൊലി വിശദീകരിക്കുന്നു.

അഞ്ച് വർഷം മുമ്പ് കപ്പൽ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്യണമായിരുന്നുവെന്നും എന്നാൽ കമ്മീഷനിംഗ് ബി ജെ പി സർക്കാർ കാരണം ഇഴഞ്ഞുനീങ്ങുകയായിരുന്നുവെന്നും ഡി എം കെ കുറ്റപ്പെടുത്തുന്നു. മോദി സർക്കാരിന് വിക്രാന്തുമായി ബന്ധമില്ലെന്ന മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജയറാം രമേശിന്റെ നിരീക്ഷണവും മുരസൊലി ഉദ്ധരിക്കുന്നുണ്ട്. കമ്മീഷൻ ചെയ്യപ്പെടുമ്പോള്‍ അധികാരത്തില്‍ ഇരിക്കുന്നതിനാല്‍ മാത്രം അതിന്റെ ക്രെഡിറ്റ് അവർ ഏറ്റെടുക്കുകയാണെന്നും ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസിനെ പ്രതിരോധിക്കുകയും ബി ജെ പിയെ സ്വമേധയാ ആക്ഷേപിക്കുകയും ചെയ്യുന്ന എഡിറ്റോറിയൽ തമിഴ്‌നാട് രാഷ്ട്രീയരംഗത്ത് അമ്പരപ്പുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. "സഖ്യ സർക്കാരിൽ ഒഴികെയുള്ള സഖ്യകക്ഷികൾ ഒരു പാർട്ടിയെ പ്രതിരോധിക്കാൻ മുന്നിട്ടിറങ്ങുന്നത് അപൂർവമാണ്.''- എന്നാണ് മുതിർന്ന പത്രപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ടി കൂടലരശൻ എഡിറ്റോറിയലിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

'ഭാരത് ജോഡോ യാത്ര'യുടെ ഒരുക്കങ്ങളുടെ തിരക്കിലായതിനാൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ഈ വിഷയത്തിൽ ബി ജെ പിയെ നേരിടുന്നതിൽ പരാജയപ്പെട്ട സമയത്താണ് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്. രാഹുൽ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ച്, ഡിഎംകെ 2024-ൽ നടക്കാനിരിക്കുന്ന പാർലമെന്റ് പൊതുതെരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചതായി തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications