'അമിതാബ് ബച്ചന്റെ ഉയരം എനിക്കില്ല', മന്ത്രിയുടെ പരാമര്‍ശത്തില്‍ വിഷമം ഇല്ലെന്ന് ഇന്ദ്രന്‍സ്
തിരുവനന്തപുരം: കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ സാംസ്‌ക്കാരിക വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ നിയമസഭയില്‍ നടത്തിയ ബോഡി ഷെയിമിംഗ് പരാമര്‍ശത്തില്‍ പ്രതികരണവുമായി നടന്‍ ഇന്ദ്രന്‍സ്. മന്ത്രിയുടെ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു. അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിന്റെ വലുപ്പത്തിലെത്തി എന്നായിരുന്നു മന്ത്രി സഭയില്‍ പറഞ്ഞത്. ഇത് വിവാദമായതിന് പിന്നാലെ മന്ത്രി ഈ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിവാദ പരാമര്‍ശം നീക്കം ചെയ്തു.
''അമിതാബ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാവമാവുകയും ഇല്ല. അത് സത്യമല്ലേ'' എന്ന് ഇന്ദ്രന്‍സ് ചോദിച്ചു. ഉളളത് ഉളളത് പോലെ അല്ലേ പറയേണ്ടത് എന്നും അതില്‍ തനിക്ക് ബോഡി ഷെയിമിംഗ് ഒന്നും തോന്നുന്നില്ലെന്നും ഇന്ദ്രന്‍സ് മനോരമ ന്യൂസ്. കോമിനോട് പ്രതികരിച്ചു. താന്‍ എന്താണ് എന്ന് തനിക്ക് നല്ല ബോധ്യമുണ്ടെന്നും ഇന്ത്യയില്‍ എല്ലാവര്‍ക്കും എന്തും പറയാനുളള സ്വാതന്ത്ര്യമുണ്ടെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

''കോണ്‍ഗ്രസ് ക്ഷീണിച്ച സംഭവം പരിശോധിച്ചാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ ഭരണം കൈമാറി കോണ്‍ഗ്രസിന്റെ കയ്യില്‍ തന്നതാണ്. ഇപ്പോള്‍ എവിടെ എത്തി. കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചില്ലാതെ ആയി എന്ന് പറഞ്ഞത് പോലെ, യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ രാജസ്ഥാനിലും, ഹിമാചല്‍ പ്രദേശിലും രണ്ട് ചേരിയായി തിരിഞ്ഞ് മുഖ്യമന്ത്രിയുടെ മുന്നില്‍ മുദ്രാവാക്യം വിളിക്കുകയാണ്. ഈ ഒരു അവസ്ഥ നിങ്ങളുടെ മുന്നില്‍ വരികയാണ്. ഇതാണ് നിങ്ങളുടെ ഗതികേട്. കോണ്‍ഗ്രസിന്റെ സ്ഥിതി പൊതുവെ എടുത്താല്‍ ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ നമ്മുടെ മലയാളം സിനിമയിലെ ഇന്ദ്രന്‍സിന്റെ വലുപ്പത്തിലെത്തി നില്‍ക്കുകയാണ്'' എന്നാണ് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞത്.
പ്രതിപക്ഷത്ത് നിന്ന് നിരവധി നേതാക്കൾ മന്ത്രിയെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. ''ശ്രീ ഇന്ദ്രൻസ് മലയാള സിനിമയിലെ തലയെടുപ്പുള്ള നടനാണ്, കേരള സ്റ്റേറ്റ് അവാർഡും സിംഗപ്പൂർ അന്താരാഷ്ട്ര ഫിലിം അവാർഡും നേടിയ വ്യക്തിയാണ്, അതിനെല്ലാം മീതെ നിഷ്കളങ്കനായ, സത്യസന്ധനായ ഒരു മനുഷ്യനാണ്. പഴയ ഫ്യൂഡൽ മനസ്സോടെ മാത്രം സിനിമയെയും നായകസങ്കല്പങ്ങളെയും സമീപിക്കുന്ന ബഹു സാംസ്‌കാരിക മന്ത്രി ശ്രീ VN വാസവനോട് ഒരു അപേക്ഷ മാത്രം - അങ്ങയുടെ വകുപ്പ് നടത്തുന്ന IFFK യിൽ പോയി നല്ല ഒരു പിടി ചിത്രങ്ങൾ കാണുക,ഡെലെഗേറ്റുകളുമായി സംവദിക്കുക,കൂടുതൽ പഠിക്കുക,അതിലൂടെ വിശാല മനസുള്ള ഒരു മനുഷ്യനാകാൻ ശ്രമിക്കുക'' എന്ന് കെഎസ് ശബരീനാഥൻ പ്രതികരിച്ചു.
''കോൺഗ്രസ്സിനെ അധിക്ഷേപിക്കാൻ നമ്മുടെ സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ ഇന്ന് നിയമസഭയിൽ പറഞ്ഞ വാക്കുകൾ ആദ്ദേഹത്തിന്റെ സംസ്കാര ശൂന്യത വിളിച്ചോതുന്നതാണ് "ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കം ഉണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ മലയാള സിനിമയിലെ ഇന്ദ്രൻസിനെ പോലെയായി" രാജ്യം ആദരിക്കുന്ന നടനാണ് ഇന്ദ്രൻസ്. ഹോം എന്ന സിനിമയിലെ പ്രകടനം മാത്രം മതി ഇന്ദ്രൻസ് എന്ന നടന്റെ പ്രതിഭ മനസിലാക്കാൻ. ഇന്ദ്രൻസ്സിന് സംസ്ഥാന അവാർഡ് നിരസിച്ചപ്പോൾ അത് ഈ സർക്കാർ വച്ച് പുലർത്തുന്ന നീച മനോഭാവത്തിന്റെ പ്രതിഫലനമാണ് എന്ന് നാം കരുതിയിരുന്നില്ല. എന്നാൽ ഇന്ന് മന്ത്രിയുടെ പ്രസ്താവന കൂട്ടിവായിക്കുമ്പോൾ അങ്ങിനെ സംശയിക്കാതിരിക്കാൻ നിർവാഹമില്ല.. മന്ത്രി മാപ്പു പറയുക'' എന്ന് വീണാ നായർ ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications