'ഡോണ്ട് സ്‌പിറ്റ് ഹാൻസ് ആൻഡ് പാൻ പരാഗ് ഹിയർ..'; ഗവർണറെ വെല്ലുവിളിച്ച് എസ്എഫ്ഐ, ഇന്ന് പ്രതിഷേധത്തിന് സാധ്യത
കോഴിക്കോട്: സർവകലാശാല ക്യാമ്പസിൽ ബാനർ ഉയർത്തുന്നതുമായി ബന്ധപ്പെട്ട ഗവർണർ-എസ്എഫ്ഐ പോർമുഖം കൂടുതൽ തുറക്കുന്നു. ഇന്നലെ ഗവർണർ നേരിട്ട് ഇടപെട്ട് ക്യാമ്പസിൽ നിന്ന് എടുത്ത് മാറ്റിയ ബാനറുകൾക്ക് പകരം മൂന്ന് ബാനറുകൾ കൂടി ഉയർത്തി എസ്എഫ്ഐ നിലപാട് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ബാനറുകളിലെ വാചകങ്ങൾ ഉൾപ്പെടെ എക്‌സിലും, മറ്റ് സമൂഹ മാധ്യമങ്ങളിലും വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.
'സംഘി ഗവര്‍ണര്‍ വാപസ് ജാവോ' എന്നെഴുതിയ ബാനര്‍ ഗവര്‍ണര്‍ പോലീസുകാരെ കൊണ്ട് അഴിപ്പിച്ച് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു ഇന്നലെ രാത്രിയോടെ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ നേതൃത്വത്തില്‍ പുതിയ ബാനര്‍ ഉയര്‍ത്തിയത്. ഈ ബാനറുകൾ തൊട്ടാൽ വിവരമറിയുമെന്നായിരുന്നു ആർഷോയുടെ പ്രതികരണം.

'മിസ്‌റ്റർ ചാൻസലർ ദിസ് ഈസ് കേരള', 'ഡൗൺ ഡൗൺ ചാൻസലർ', 'ഡോണ്ട് സ്‌പിറ്റ് ഹാന്‍സ് ആന്‍ഡ് പാന്‍ പരാഗ്' എന്നീ ബാനറുകളാണ് ഗവർണർക്ക് എതിരെ എസ്എഫ്ഐ ക്യാമ്പസിൽ ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ബാനറുകളുമായി ബന്ധപ്പെട്ട അസംതൃപ്‌തി ഗവർണർ പലവട്ടം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഓരോ ഘട്ടം കഴിയുംതോറും എസ്എഫ്ഐ വാക്കുകളുടെ മൂർച്ച കൂട്ടുകയാണ് എന്നത് ശ്രദ്ധേയമാണ്.
ഇന്നലെ രാത്രി പ്രതിഷേധത്തിന്റെ ഭാഗമായി ഗവര്‍ണറുടെ കോലവും ഗവര്‍ണര്‍ക്ക് അനുകൂലമായി എബിവിപി ഉയര്‍ത്തിയ ബാനറും പ്രതീകാത്മകമായി എസ്എഫ്ഐ കത്തിച്ചു. കൂടാതെ ക്യാമ്പസിലെ റോഡിലടക്കം ഗവര്‍ണര്‍ക്കെതിരെയുള്ള എഴുത്തുകളും അവർ കോറിയിട്ടുണ്ട്. എന്നാൽ രണ്ടാമത് ബാനർ കെട്ടിയ എസ്എഫ്ഐ നടപടിയിൽ ഗവർണർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, കാലിക്കറ്റ് സർവകലാശാലയിൽ നടക്കുന്ന പൊതുപരിപാടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പങ്കെടുക്കും. വൈകീട്ട് മൂന്നരയ്ക്ക് 'ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക. എസ്എഫ്ഐ പ്രതിഷേധം പ്രഖ്യാപിച്ച സാഹചര്യത്തിൽ വൻ സുരക്ഷാ സന്നാഹങ്ങളോടെ ആയിരിക്കും ഗവർണർ പരിപാടിക്ക് എത്തുക.
കാലിക്കറ്റ് സർവകലാശാല സനാധന ധർമ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പാസ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക. എങ്കിലും ഗവർണർ വേദിയിലേക്ക് എത്തുന്നത് വരെയുള്ള ഇടങ്ങളിലെല്ലാം എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യത ഉണ്ടെന്നെരിക്കെ പോലീസ് കനത്ത ജാഗ്രതയിലാണ്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഡിവൈഎഫ്‌ഐയും. 'സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള' എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് സംസ്ഥാനത്തെ 2000 കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്നും, പ്രതിഷേധ ബാനര്‍ ഉയര്‍ത്തുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്‌താവവനയിൽ അറിയിച്ചു.












Click it and Unblock the Notifications