ഹൗസ് സര്‍ജന്‍മാര്‍ക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കുമെന്ന് മന്ത്രി; ഭാഗികമായി സമരം പിന്‍വലിച്ച് പിജി ഡോക്ടര്‍മാര്‍
തിരുവനന്തപുരം: ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിന് പിന്നാലെ സംസ്ഥാനത്ത് പി.ജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഭാഗികമായി പിന്‍വലിച്ചു. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണി മുതല്‍ എമര്‍ജന്‍സി സര്‍വീസില്‍ ഡോക്ടര്‍മാര്‍ തിരിച്ചു കയറും എന്നും അധികൃതര്‍ അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോര്‍ജുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. അതേസമയം ഒപി ബഹിഷ്‌കരണം തുടരും എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
തുടര്‍സമരത്തിന്റെ കാര്യത്തില്‍ ഇന്നുതന്നെ കമ്മിറ്റി കൂടി തീരുമാനമെടുക്കും. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തൃപ്തിയുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഹൗസ് സര്‍ജന്‍മാരുടെ സമരം പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

അതേസമയം പിജി ഡോക്ടര്‍മാരുടെയും ഹൗസ് സര്‍ജന്‍മാരുടെയും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് വീണ ജോര്‍ജ് വ്യക്തമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആയിരിക്കും കമ്മിറ്റി രൂപീകരിക്കുക. സുരക്ഷാ ഓഡിറ്റ് പൂര്‍ത്തിയാകുന്നതുവരെ ഹൗസ് സര്‍ജന്‍മാര്‍ക്ക് രാത്രി ഡ്യൂട്ടി ഒഴിവാക്കുക എന്ന ആവശ്യവും മന്ത്രി അംഗീകരിച്ചു.
ഒപ്പം ആഴ്ചയില്‍ ഒരു ദിവസത്തെ അവധി കൃത്യമായി അനുവദിക്കുക എന്ന കാര്യവും സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. ഇനി മുതല്‍ വാര്‍ഡുകളില്‍ കൂട്ടിരിപ്പുകാര്‍ ഒരാളെ മാത്രമെ അനുവദിക്കൂ. അത്യാഹിത വിഭാഗത്തില്‍ രണ്ട് പേരെ അനുവദിക്കും. ഒരുമാസത്തിനകം കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മെഡിക്കല്‍ റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി മറ്റാശുപത്രികളില്‍ പോകുന്നവര്‍ക്ക് എസ്ഒപി പുറത്തിറക്കും എന്നും മന്ത്രി വ്യക്തമാക്കി.
ഡോക്ടര്‍മാര്‍ക്കൊപ്പമാണ് സര്‍ക്കാരെന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ സമരം ചെയ്യരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളിലെ സുരക്ഷാ ഓഡിറ്റ് സമയബന്ധിതമായി നടത്തും എന്നും എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കും എന്നും മന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കി. എല്ലാ ആശുപത്രികളിലും സിസിടിവി ക്യാമറ ഉറപ്പാക്കും എന്നും വീണ ജോര്‍ജ് പറഞ്ഞു.
ഹോസ്റ്റല്‍ സൗകര്യം പരിശോധിച്ച് മുന്‍ഗണന നല്‍കാന്‍ ഡിഎംഇയെ ചുമതലപ്പെടുത്തി. ന്യായമായ സ്റ്റൈപെന്റ് വര്‍ധനയ്ക്കുള്ള പ്രൊപ്പോസല്‍ സര്‍ക്കാര്‍ പരിഗണനയിലാണ് എന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ഇനി ആക്രമിക്കപ്പെടാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. ചികിത്സാ ക്വാളിറ്റി, ജീവനക്കാരുടെ സുരക്ഷ എന്നിവ പ്രധാനമാണ് എന്നും രോഗികളുടെ വിവരങ്ങള്‍ അറിയിക്കുന്നതിന് ബ്രീഫിംഗ് റൂം ഉറപ്പാക്കണം എന്നും മന്ത്രി നിര്‍ദേശിച്ചു.












Click it and Unblock the Notifications