കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇപ്പോൾ കോൺഗ്രസ് ഐസിയുവിൽ, ഇനി വെന്റിലേറ്ററിൽ'! കോൺഗ്രസിനെ നിർത്തിപ്പൊരിച്ച് മുഹമ്മദ് റിയാസ്!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷമായ കോൺഗ്രസ് തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം അവശേഷിക്കെയാണ് സർക്കാരിനേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കാൻ കോൺഗ്രസ് അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

അധികാരത്തിൽ എത്തിയില്ലെങ്കിൽ ഇപ്പോൾ ഐസിയുവിലുളള കേരളത്തിലുള്ള കോൺഗ്രസ് വെന്റിലേറ്ററിലാകും എന്ന യാഥാർഥ്യം കോൺഗ്രസ് നേതൃത്വത്തിനറിയാമെന്ന് ഡിവൈഎഫ്ഐ നേതാവ് പിഎ മുഹമ്മദ് റിയാസ് പരിഹസിച്ചു. കോൺഗ്രസ് കൊലകൾ അക്കമിട്ട് നിരത്തിയ റിയാസ്, ഇത്രയേറെ കൊലപാതകങ്ങള്‍ നടത്തിയിട്ടും സമാധാനത്തിന്റെ വെള്ളരിപ്രാവ് ചമയുകയാണ് കോൺഗ്രസ് എന്നും പരിഹസിച്ചു. വിശദമായി വായിക്കാം...

കോൺഗ്രസിന്റെ കൊലക്കത്തി രാഷ്ട്രീയം

കോൺഗ്രസിന്റെ കൊലക്കത്തി രാഷ്ട്രീയം

സമരാഭാസത്തിലൂടെ കൊലപാതക ചർച്ചയുടെ അജണ്ട വഴിമാറ്റുക എന്ന ആഗ്രഹവും കോൺഗ്രെസ്സിനുണ്ട്. സമരാഭാസവും അസത്യ പ്രചാരണങ്ങളും നടത്തുവാൻ കോൺഗ്രസിന് അവകാശമുള്ളതു പോലെ കോൺഗ്രസിന്റെ കൊലക്കത്തി രാഷ്ട്രീയ ചരിത്രം ഓർമ്മപെടുത്താനുള്ള അവകാശം ഞങ്ങൾക്കുമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഖദറിന് നിരവധി മനുഷ്യജീവനുകളുടെ ചോരപറ്റിയ നിറമുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയ ഖ്യാതി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെയാണ്.

മൊയ്യാരത്ത് ശങ്കരനില്‍ തുടങ്ങി

മൊയ്യാരത്ത് ശങ്കരനില്‍ തുടങ്ങി

1948ല്‍ മൊയ്യാരത്ത് ശങ്കരനില്‍ തുടങ്ങിയ ആ കൊലപാതക പരമ്പര ഏറ്റവും അവസാനം വെഞ്ഞാറമൂട് ഹഖ് മുഹമ്മദിലും മിഥിലാജിലും എത്തിനില്‍ക്കുന്നു. മൊയ്യാരത്ത് ശങ്കരന്‍ കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് അടിത്തറ പാകിയ സമുന്നതരായ നേതാക്കളിലൊരാളായിരുന്നു. മികച്ച വാഗ്മിയും എഴുത്തുകാരനുമെല്ലാമായിരുന്ന മൊയ്യാരത്ത്, കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിച്ചത്. 1948 മെയ് 11ാം തിയ്യതി എടക്കാട് വെച്ചാണ് കോണ്‍ഗ്രസിന്റെ കുപ്രസിദ്ധമായ കുറുവടിപ്പട വൃദ്ധനായിരുന്ന മൊയ്യാരത്തെന്ന സ്വാതന്ത്ര്യ സമരസേനാനിയെ കൊലപ്പെടുത്തിയത് .

ചോരകണ്ട് അറപ്പുമാറി

ചോരകണ്ട് അറപ്പുമാറി

കോൺഗ്രസ് പാര്‍ട്ടിയുടെ ചരിത്ര0 എഴുതിയ മൊയ്യാരത്ത് ശങ്കരന്റെ ചോരകണ്ട് അറപ്പുമാറിയ കേരളത്തിലെ കോണ്‍ഗ്രസ്, പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കൊലയാളി പാര്‍ട്ടിയായി മാറിയതില്‍ അത്ഭുതം കാണേണ്ടതില്ല. കേരളത്തില്‍ ആദ്യമായി ഒരു മുന്‍ നിയമസഭാംഗത്തെ കൊലപ്പെടുത്തിയതും കോണ്‍ഗ്രസ് തന്നെയാണ്. 1971ല്‍ സെപ്തംബര്‍ മാസം 17ന് കൊടുങ്ങല്ലൂരില്‍ സഖാവ് പി കെ അബ്ദുള്‍ ഖാദറിനെ നിഷ്‌കരുണം കൊന്നു തള്ളി കോണ്‍ഗ്രസ്. പണ്ട് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അബ്ദുള്‍ ഖാദര്‍, ജന്മിമാരുടെ പക്ഷം ചേര്‍ന്ന് ഭൂപരിഷ്‌കരണ നടപടികളെ അട്ടിമറിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിടുകയും, കമ്മ്യൂണിസ്റ്റ് സഹയാത്രികനായി തീരുകയും ചെയ്തയാളാണ്.

സഖാവ് അഴീക്കോടന്‍ രാഘവൻ

സഖാവ് അഴീക്കോടന്‍ രാഘവൻ

സഖാവ് അബ്ദുല്‍ ഖാദറിന്റെ ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയായ സി പി ഐ എം പ്രവര്‍ത്തകന്‍ സഖാവ് അഹമുവും കോണ്‍ഗ്രസ് വെടിയുണ്ടക്കിരയായി കൊല്ലപ്പെട്ടു. 1972 സെപ്തംബറിലാണ് സഖാവ് അഴീക്കോടന്‍ രാഘവനെ, ചില തീവ്ര ഇടതു ചിന്താഗതിക്കാരുടെ പിന്തുണയോടുകൂടി കോണ്‍ഗ്രസ് വകവരുത്തിയത്. തൃശൂരില്‍ വച്ച് കൊല്ലപ്പെടുമ്പോള്‍ സഖാവ് അഴീക്കോടന്‍ അന്നത്തെ പ്രതിപക്ഷ ഏകോപന സമിതിയുടെ കണ്‍വീനറായിരരുന്നു. അന്ന് കോണ്‍ഗ്രസ് മന്ത്രിസഭയിലെ പ്രമുഖന് പങ്കുണ്ടെന്ന് പറയപ്പെട്ട ഒരു പ്രമാദമായ ഭൂമി തട്ടിപ്പ് കേസിന്റെ തെളിവുകള്‍ സഖാവ് അഴീക്കോടന്റെ കൈവശമെത്തിയെന്നതായിരുന്നു കൊലപാതകത്തിന് പ്രേരണയായത്.

സഖാവ് കുഞ്ഞാലിയുടെ കൊലപാതകം

സഖാവ് കുഞ്ഞാലിയുടെ കൊലപാതകം

ഇടതുപക്ഷ പ്രവര്‍ത്തകരുടെ കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുന്ന നേതാക്കള്‍ക്ക് പാര്‍ട്ടിയിലും തങ്ങളുടെ സര്‍ക്കാരിലും ഉന്നത പദവികള്‍ നല്‍കി അംഗീകരിക്കുന്ന രീതി പതിറ്റാണ്ടുകളായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചുവരുന്നുണ്ട്. സഖാവ് കുഞ്ഞാലിയുടെ കൊലപാതകത്തിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാവ് പിന്നെ കെ പി സി സി സെക്രട്ടറിയും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ നിര്‍ണായക വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയുമായി. ചരിത്രം നമുക്ക് മുമ്പിലുണ്ട്.

അടിയന്തരമാവസ്ഥാ കാലത്ത്

അടിയന്തരമാവസ്ഥാ കാലത്ത്

സമാനമായ രീതിയാണ് അടിയന്തരമാവസ്ഥാ കാലത്ത് സഖാവ് കൊളങ്ങരേത്ത് രാഘവനെ കൊലപ്പെടുത്തിയ പ്രതികളുടെ കാര്യത്തിലും കോണ്‍ഗ്രസ് സ്വീകരിച്ചത്. 1976 ജൂണ്‍ 5നാണ് പിണറായില്‍ ബീഡി കമ്പനി തൊഴിലാളികളുടെ നേതാവായിരുന്ന സഖാവ് രാഘവനെ കോണ്‍ഗ്രസ് ക്രിമിനലുകള്‍ കൊലപ്പെടുത്തിയത്. വെറും 38വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആ സഖാവിന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ടവരില്‍ ചിലര്‍ കെ പി സി സി സംസ്ഥാന ഭാരവാഹിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായും ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിച്ചു.

ചീമേനിയിലെ അഞ്ചു സഖാക്കൾ

ചീമേനിയിലെ അഞ്ചു സഖാക്കൾ

കൊലപാതക രാഷ്ട്രീയത്തിന് പരസ്യമായ പിന്തുണയും അംഗീകാരവും നല്‍കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഈ രീതി കേരളത്തിലെ മറ്റൊരു സംഘടനക്കും അവകാശപ്പെടാനില്ലാത്ത പാരമ്പര്യമാണെന്ന് നിസംശയം പറയാം. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ അരങ്ങേറാറുള്ള ജാതീയ കൂട്ടക്കൊലകളെ അനുസ്മരിപ്പിക്കുന്ന കൂട്ടക്കൊല നടത്തിയ ചരിത്രമുണ്ട് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക്. 1987 മാര്‍ച്ച് മാസം 23ന് ചീമേനിയിലെ പാര്‍ടി ഓഫീസ് ആക്രമിച്ച് അഞ്ചു സഖാക്കളെയാണ് കോണ്‍ഗ്രസ് സംഘം കൊലപ്പെടുത്തിയത്.

വെട്ടിയും കുത്തിയും കൊലപ്പെടുത്തി

വെട്ടിയും കുത്തിയും കൊലപ്പെടുത്തി

പാര്‍ട്ടി ഓഫീസ് വളഞ്ഞ് തീയിട്ടുകൊണ്ടായിരുന്നു അക്രമം. വെന്തുരുകുന്ന തീയില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച സഖാക്കളെ പുറത്തുനിന്ന അക്രമിസംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തി. സഖാക്കള്‍ പി കുഞ്ഞപ്പന്‍, ചാലില്‍ കോരന്‍, അലവളപ്പില്‍ അമ്പു, എം കോരന്‍, കെ വി കുഞ്ഞിക്കണ്ണന്‍ എന്നിവരാണ് അന്ന് രക്തസാക്ഷിത്വം വരിച്ചത്. ഒരു രാഷ്ട്രീയ സംഘര്‍ഷത്തില്‍ സ്വതന്ത്ര കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊലക്കത്തിക്കിരയായതും ചീമേനിയില്‍ തന്നെയാണ്.

സഖാവ് വാസുവിനെ വെടിവെച്ചുവീഴ്ത്തി

സഖാവ് വാസുവിനെ വെടിവെച്ചുവീഴ്ത്തി

കേരളത്തെ നടുക്കിയ മറ്റൊരു കൊലപാതകമായിരുന്നു കണ്ണൂരിലെ സഖാവ് നാല്‍പാടി വാസുവിന്റേത്. 1993 മാര്‍ച്ച് നാലാം തീയതി കണ്ണൂര്‍ നഗര മധ്യത്തില്‍ വെച്ചാണ് കോണ്‍ഗ്രസ് അക്രമികള്‍ സഖാവ് വാസുവിനെ വെടിവെച്ചുവീഴ്ത്തിയത്. ആ കേസിലെ ഒന്നാം പ്രതി പിന്നീട് കെ പി സി സി ഉന്നത ഭാരവാഹിത്വവും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ മന്ത്രി പദവി അലങ്കരിക്കുകയും ചെയ്തു. കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റംഗമാകുകയും ചെയ്തു ഈ ക്രിമിനല്‍ നേതാവ്.

ജനപ്രതിനിധികളെ കൊന്നുതള്ളുന്ന രീതി

ജനപ്രതിനിധികളെ കൊന്നുതള്ളുന്ന രീതി

നാല്‍പാടി വാസുവിനെ വെടിവെച്ചു കൊലപ്പെടുത്തുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ നഗരത്തിലെ ഒരു ഹോട്ടല്‍ തൊഴിലാളിയും സി പി ഐ എം പ്രവര്‍ത്തകനുമായിരുന്ന നാണുവിനെ ബോംബ് എറിഞ്ഞു കൊ്ന്നതും ഇതേ നേതാവിന്റെ നേതൃത്വത്തിലായിരുന്നു. ജനപ്രതിനിധികളെ കൊന്നുതള്ളുന്ന രീതി, കുഞ്ഞാലിയിലോ അബ്ദുല്‍ ഖാദറിലോ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല എന്നതിന് ഉദാഹരണമായിരുന്നു ചാവക്കാട് മുന്‍സിപ്പല്‍ ചെയര്‍മാനായ പി വത്സലന്റെ കൊലപാതകം. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുകൊണ്ടിരിക്കേയാണ് സഖാവ് പി വത്സലനെ കോണ്‍ഗ്രസുകാര്‍ വെട്ടികൊലപ്പെടുത്തിയത്.

കൊലപാതക രാഷ്ട്രീയത്തിന്റെ പരിശീലന കളരി

കൊലപാതക രാഷ്ട്രീയത്തിന്റെ പരിശീലന കളരി

കേരളത്തിലെ കലാലയങ്ങളില്‍ ചോരവീഴ്ത്താനാരംഭിച്ചതും കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍്ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ എസ് യു കൊലപാതക രാഷ്ട്രീയത്തിന്റെ പരിശീലന കളരിയായിരുന്നു ഒരു കാലത്ത് കേരളത്തില്‍, ഏറ്റവും കൂടുല്‍ വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ സംഘടനയും കോണ്‍ഗ്രസിന്റെ കുട്ടിപ്പട്ടാളം തന്നെ. കെ എസ് യു വിനെ കേരളത്തിന്റ കലാലയങ്ങളിലെ വിദ്യാര്‍ത്ഥി സമൂഹം പുറത്താക്കിയത് അവര്‍ അഴിച്ചുവിട്ട സമാനതകളില്ലാത്ത കൊലപാതക അക്രമ പരമ്പരകളുടെ കൂടി കാരണമായിട്ടാണ്.

സഖാവ് അഷ്‌റഫ് കൊലക്കത്തിക്കിരയായി

സഖാവ് അഷ്‌റഫ് കൊലക്കത്തിക്കിരയായി

1973ല്‍ ബ്രണ്ണന്‍ കോളേജിലെ യൂണിയന്‍ ഭരണം നഷ്ടമായപ്പോള്‍ കെ എസ് യു ക്രിമിനലുകള്‍ അഴിച്ചുവിട്ട അക്രമത്തിലാണ് സഖാവ് അഷ്‌റഫിന് ജീവന്‍ നഷ്ടമായത്. ഇന്ന് സി പി ഐ എം കേന്ദ്രകമ്മറ്റിയംഗമായ സഖാവ് എ കെ ബാലനെ കൊലപ്പെടുത്താന്‍ എത്തിയ അക്രമി സംഘത്തെ തടയാന്‍ ശ്രമിച്ചപ്പോഴാണ് സഖാവ് അഷ്‌റഫ് കൊലക്കത്തിക്കിരയായത്. 1977ല്‍ പന്തളത്ത് എന്‍ എസ് എസ് കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന സഖാവ് ഭുവനേശ്വരനെ കെ എസ് യു പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തി.

 വിചാരണ തുടങ്ങും മുമ്പേ

വിചാരണ തുടങ്ങും മുമ്പേ

പിന്നീട് പട്ടാമ്പി സംസ്‌കൃത കോളേജിലെ സഖാവ് സെയ്താലി, തൃപ്പൂണിത്തറ ആയുര്‍വേദ കോളേജിലെ സഖാവ് പി രാജന്‍, പത്തനംതിട്ട കാത്തലിക് കോളേജിലെ സഖാവ് സി വി ജോസ് എന്നിവരെയും കൊലപ്പെടുത്തി. സഖാവ് സി വി ജോസിന്റെ കൊലപാതകത്തിന് സാക്ഷിയായിരുന്ന സഖാവ് എം എസ് പ്രസാദിനെ കേസിന്റെ വിചാരണ തുടങ്ങും മുമ്പേ തന്നെ കെ എസ് യു കൊലക്കത്തിക്കിരയാക്കി. കലോത്സവ വേദികളെ പോലും ചോരക്കളമാക്കിയ ചരിത്രമാണ് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയ്ക്കുള്ളത്. എസ്.എഫ്.ഐ ഒലൂര്‍ ഏരിയ പ്രസിഡന്റായിരുന്ന സഖാവ് കൊച്ചനിയനെ കൊലപ്പെടുത്തിയത്, സര്‍വ്വകലാശാല യുവജനോത്സവ വേദിക്കടുത്തായിരുന്നു. 1992 ഫെബ്രുവരി 29നായിരുന്നു കേരളത്തെ നടുക്കിയ ഈ കൊലപാതകം അരങ്ങേറിയത്‌.

ഗ്രൂപ്പ് പോരിന്റെ ഭാഗമായും കൊല

ഗ്രൂപ്പ് പോരിന്റെ ഭാഗമായും കൊല

ഗ്രൂപ്പ് പോരിന്റെ ഭാഗമായി കോൺഗ്രസ് തന്നെ കോൺഗ്രെസ്സുകാരെ വകവരുത്തിയ കൊലപാതകങ്ങളാണ് തൃശൂര്‍ ജില്ലയില്‍ കൊല്ലപ്പെട്ട മധുവിന്റേതും ലാല്‍ജിയുടേതും ഹനീഫയുടെതും.2013 ജൂണ്‍ 13ാം തീയതിയാണ് ഗ്രൂപ്പ് മാറിയെന്ന പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മധുവിനെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ പ്രതികാരമെന്നോണം മറ്റൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ലാല്‍ജിയും കൊല്ലപ്പെട്ടു. ്അധികം താമസിയാതെ ചാവക്കാട് കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി ഹനീഫയും കൊല്ലപ്പെട്ടു.

സംസ്ഥാന നേതൃത്വം സംരക്ഷിച്ചു

സംസ്ഥാന നേതൃത്വം സംരക്ഷിച്ചു

ഈ കൊലപാതകങ്ങള്‍ക്കുപിന്നില്‍ തൃശൂര്‍ ജില്ലയിലെ സമുന്നതരായ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ആരോപണമുന്നയിച്ചിട്ടും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അവരെ സംരക്ഷിക്കുകയാണ് ചെയ്തത്്. ആലപ്പുഴയിൽ കായംകുളത്ത് കൊല്ലപ്പെട്ട സിയാദ് കോവിഡ് കാലത്ത് സന്നദ്ധ പ്രവർത്തനത്തിനിടയിൽ ലോകത്താദ്യം കൊല്ലപ്പെട്ട വ്യക്തിയാണ് , കൊന്നത് കോൺഗ്രസും. ഹഖും മിഥിലാജും ജനകീയരായ രണ്ടു DYFI പ്രവര്‍ത്തകരായിരുന്നു.

സംസ്ഥാനത്തില്‍ ആദ്യമായിട്ട്

സംസ്ഥാനത്തില്‍ ആദ്യമായിട്ട്

നാടിനെ കണ്ണീരിലാഴ്ത്തിയ ആ ഇരട്ടക്കൊലപാതകത്തിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതിന് ഒരു മഹിളാ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായിരിക്കുന്നുവെന്ന വസ്തുത ഞെട്ടിക്കുന്നതാണ്. ഒരുപക്ഷേ ഒരു രാഷ്ട്രീയ കൊലപാതകത്തിലെ പങ്കിന് വനിതയായ ഒരു രാഷ്ട്രീയ പ്രവര്‍ത്തക അറസ്റ്റിലാകുന്നത് സംസ്ഥാനത്തില്‍ ആദ്യമായിട്ടായിരിക്കും. ഇത്രയേറെ കൊലപാതകങ്ങള്‍ നടത്തിയിട്ടും സമാധാനത്തിന്റെ വെള്ളരിപ്രാവ് ചമഞ്ഞ്, കമ്മ്യൂണിസ്റ്റ് അക്രമം എന്ന സ്ഥിര പല്ലവി ചില മാധ്യമ കുത്തകകളുടെ സഹായത്തോടെ കേരളത്തില്‍ പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.

Recommended Video

cmsvideo
Ramesh chennithala's black humour went wrong | Oneindia Malayalam
ഖദറില്‍ പുരണ്ട ഈ ചോരപ്പാടുകള്‍

ഖദറില്‍ പുരണ്ട ഈ ചോരപ്പാടുകള്‍

എന്നാല്‍ കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധത കോണ്‍ഗ്രസിന്റെ ഈ കൊലപാതക രാഷ്ട്രീയത്തെ തിരിച്ചറിയുകയും പരാജയപ്പെടുത്തുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. അഹിംസയുടെ സന്ദേശമുയര്‍ത്തിയ മഹാത്മജിയുടെ പാരമ്പര്യത്തിന് അവകാശമുന്നയിക്കാന്‍, അക്രമ രാഷ്ട്രീയത്തിന്റെ കൊലക്കത്തി പേറുന്ന കേരളത്തിലെ കോണ്‍ഗ്രസിന് ധാര്‍മ്മികമായി സാധിക്കുകയില്ല. ഖദറില്‍ പുരണ്ട ഈ ചോരപ്പാടുകള്‍ കോണ്‍ഗ്രസിനെ വേട്ടയാടുകയും ചരിത്രത്തിന്റെ പുറമ്പോക്കിലേക്ക് തള്ളിയിടുകയും ചെയ്യും''.

English summary
DYFI leader Muhammad Riyas about Political murders in Kerala carried out by Congress Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X