ഷവര്‍മ തിന്നുന്നത് അത്ര വലിയ കുറ്റമല്ല: യുക്രൈനിലെ മലയാളി വിദ്യാർത്ഥിയെ പിന്തുണച്ച് എസ് സുദീപ്
കോഴിക്കോട്: റഷ്യ-യുക്രൈന്‍ യുദ്ധത്തിനിടെ ദൃശ്യങ്ങള്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച മെഡിക്കല്‍ വിദ്യാർത്ഥിക്കെതിരെ നടക്കുന്ന സൈബറാക്രമണത്തിനെതിരെ വിമര്‍ശനവുമായി മുന്‍ ജസ്റ്റിസ് എസ്. സുദീപ്. ഷവര്‍മ കഴിക്കാന്‍ പുറത്തിറങ്ങിയതും സൈനികരുടെ വീഡിയോ ചിത്രീകരിച്ചത് സൈനികര്‍ ചോദ്യം ചെയ്തതും താന്‍ ഷഹീദ് (രക്തസാക്ഷി) ആകാതെ രക്ഷപ്പെട്ടതുമൊക്കെയായിരുന്നു വിദ്യാർത്ഥി വീഡിയോയയിലൂടെ പങ്കുവെച്ചിരുന്നത്. ഇതിന് മുമ്പ് ശബ്ദം കുറച്ച് സംസാരിക്കാന്‍ ആവശ്യപ്പെട്ട യുക്രൈന്‍ കാരനോട് ക്ഷുഭിതനാകുകയും തന്തയുടെ വകയൊന്നുമല്ല അയാള്‍ നില്‍ക്കുന്ന പൊതുസ്ഥലം എന്നൊക്കെ തന്നോടു ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന മലയാളം ചാനല്‍ പ്രതിനിധിയോടു പ്രതികരിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിമർശനം ശക്തമായത്. അതില്‍ തന്നെ പലരും ചൂണ്ടിക്കാട്ടിയത് ഷവർമ്മ തിന്നാന്‍ പുറത്ത് ഇറങ്ങിയത് ശഹീദായേനെ എന്ന പരാമർശവുമായിരുന്നു. എന്നാല്‍ അയാള്‍ ഷവര്‍മ തിന്നത് ഒരു കുറ്റമൊന്നുമല്ലെന്നും വിശപ്പാണ് ഏറ്റവും വലിയ രാഷ്ട്രീയമെന്നുമാണ് എസ്. സുദീപ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ഷഹീദ് ഷവർമ ചത്തില്ലേ ഇതുവരെ?
യുദ്ധഭൂമിയിൽ ഷവർമ തിന്ന മലയാളിക്കെതിരെയാണ് ഇന്നലെ മുതൽക്കുള്ള സൈബർ യുദ്ധങ്ങൾ. വലതുപക്ഷ ഭീകരനായ നിരീക്ഷകൻ മുതൽ പുരോഗമന നാട്യക്കാർ വരെ ആ യുദ്ധത്തിൽ ഒറ്റക്കെട്ടാണ്. ഉക്രയ്നിൽ അകപ്പെട്ടു പോയ ആ മലയാളി യുവാവിൻ്റെ പെരുമാറ്റം തീർച്ചയായും പൊളിറ്റിക്കലി കറക്റ്റ് ഒന്നും ആയിരുന്നില്ല.
അയാൾ ഉച്ചത്തിൽ സംസാരിക്കുകയും ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ട തദ്ദേശീയനോടുട് ക്ഷുഭിതനാകുകയും (തദ്ദേശീയൻ്റെ) തന്തയുടെ വകയൊന്നുമല്ല അയാൾ നിൽക്കുന്ന പൊതുസ്ഥലം എന്നൊക്കെ തന്നോടു ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന മലയാളം ചാനൽ പ്രതിനിധിയോടു പ്രതികരിക്കുകയുമൊക്കെ ചെയ്തു.

അതിനു ശേഷമാണ് അയാൾ ഷവർമ കഴിച്ചു കൊണ്ടു നടക്കുന്നതും സംസാരിക്കുന്നതും സൈനികരുടെ വീഡിയോ ചിത്രീകരിച്ചത് സൈനികർ ചോദ്യം ചെയ്തതും താൻ ഷഹീദ് (രക്തസാക്ഷി) ആകാതെ രക്ഷപ്പെട്ടതും വർണ്ണിക്കുന്നതുമൊക്കെയായ അടുത്ത വീഡിയോ ദൃശ്യം. അയാൾക്ക് സൈബർ ലോകം നൽകിയ പേരാണ് ഷഹീദ് ഷവർമ. അയാൾ ചത്തില്ലേ എന്നു ചോദിക്കുകയും ചാവാത്തതിൽ ഖേദിക്കുകയും ചെയ്യുന്നവരാണു പലരും.
അയാൾ ഷവർമ തിന്നത് ഒരു കുറ്റമൊന്നുമല്ല. വിശപ്പാണ് ഏറ്റവും വലിയ രാഷ്ട്രീയം. ജീവിക്കാൻ വേണ്ടി തിന്നുന്നതാണ്. ഷവർമ നിരോധിക്കപ്പെട്ടതോ നികൃഷ്ടമായതോ ആയ ഒന്നല്ല. യുദ്ധഭൂമിയിലും ക്ഷാമത്തിലുമൊക്കെ മനുഷ്യൻ സ്വന്തം വിസർജ്യം പോലും കഴിച്ചു പോകും. അവസ്ഥകളാണ്. പിന്നെ പൊളിറ്റിക്കലിയും മോറലിയും കറക്റ്റ് അല്ലാത്ത അയാളുടെ ഇതര പ്രതികരണങ്ങൾ തെറ്റു തന്നെയാണ്.
യുദ്ധവും ക്ഷമവുമില്ലാത്ത ഒരിടത്തെ എ സി മുറിയിലിരുന്ന് ഏമ്പക്കം വിട്ടുകൊണ്ട് കറക്റ്റ്നെസ് അളക്കാൻ വളരെ എളുപ്പവുമാണ്. യുദ്ധഭൂമിയിൽ, ഉറ്റവരില്ലാത്ത ഒരിടത്ത്, കാതങ്ങളകലെ ഒറ്റയ്ക്കാവുന്നവൻ്റെ മനസാണ്. അടുത്ത നിമിഷം എന്നൊന്നുണ്ടാവുമോ എന്നതിനു യാതൊരുറപ്പുമില്ല. നൂലിന്മേൽ സഞ്ചരിക്കുന്നവരുടെ മനസ് എപ്പോഴാണു പിടിവിട്ടു പോകുക എന്നാർക്കറിയാം!
നിങ്ങളായിരുന്നെങ്കിൽ ഇങ്ങനെയൊന്നും പെരുമാറുമായിരുന്നില്ല, എന്നല്ലേ? നിങ്ങളതിന് ഉക്രയ്നിലല്ല. തോക്കിൻ മുനയിലല്ല. എപ്പോഴും മിസൈൽ പതിക്കാവുന്ന ഒരിടത്തുമല്ല. എല്ലാവർക്കും നിങ്ങളാവാൻ കഴിയാതെ പോയെന്നും വരും. മനുഷ്യനാണ്, ചില നേരങ്ങളാണ്, അവസ്ഥകളാണ്, മനുഷ്യാവസ്ഥകളും മാനസികാവസ്ഥകളുമാണ്...
ആ യുവാവിനെക്കൊണ്ടു പൊതു ഇടത്തിൽ സംസാരിപ്പിച്ചിരുന്ന മലയാളം ചാനൽ പ്രതിനിധികൾ, തദ്ദേശീയൻ വന്നു ക്ഷുഭിതനാകുന്നതു കേൾക്കുകയും കാണുകയും അതിൻ്റെ കാരണം ആ മലയാളി യുവാവിൽ നിന്നു മനസിലാക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടുപോലും ആ ചാനൽ സംഭാഷണം അവസാനിപ്പിക്കാൻ തയ്യാറായിട്ടില്ല. ആരാൻ്റമ്മയെ പ്രാന്തു പിടിപ്പിക്കാൻ നല്ല രസമാണ്.
നിരപരാധികളെ കൊന്നൊടുക്കുന്ന പുട്ടിനെ, ഇവിടെ സുഖശീതളിമയിൽ ചാഞ്ഞിരുന്ന് ഒളിഞ്ഞും തെളിഞ്ഞുമെല്ലാം പിന്തുണയ്ക്കുന്നവരാണ് ആരെയും കൊല്ലാത്ത, പൊളിറ്റിക്കലി കറക്റ്റ് ആയി പെരുമാറാൻ കഴിയാതെ പോയ ഒരു ചെറുപ്പക്കാരനെ വളഞ്ഞിട്ട് ആക്രമിക്കുന്നത്, അവനിതുവരെ ചത്തില്ലേ എന്നു ചോദിക്കുന്നത്. ഷഹീദ് എന്ന വാക്കാണ് വലതുപക്ഷ ഭീകരമാരെ പ്രകോപിപ്പിക്കുന്നത്. അവൻ ന്യൂനപക്ഷമാണെന്ന ചിന്തയിൽ അവൻ്റെ മരണം കാംക്ഷിക്കുന്നവർ.
അതിൽ അറിഞ്ഞും അറിയാതെയും തലവച്ചു കൊടുക്കുന്ന കപട പുരോഗമന വാദികളും. ഇതാണ് ഇന്നത്തെ ഇന്ത്യ. പൊളിറ്റിക്കലി പെർഫക്റ്റ് എന്ന പേരാണു ബാക്കി! പൊളിറ്റിക്കലി ഇംപെർഫക്റ്റ് ആയ ചെറുപ്പക്കാരാ, നിങ്ങൾ ജീവനോടെ, സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നു. നിങ്ങൾ മാത്രമല്ല, ഉക്രയ്നിലെയും ലോകത്തെവിടെയുമുള്ള എല്ലാ മനുഷ്യരും സുഖമായിരിക്കണമെന്ന് ആശിക്കുന്നു.
എന്ന്,
എന്നും എപ്പോഴും പൊളിറ്റിക്കലി കറക്റ്റ് ആയിരിക്കാൻ ആഗ്രഹിച്ചിട്ടും കഴിയാതെ പോകുന്ന ഒരാൾ.












Click it and Unblock the Notifications