'റെയിൽവേ ഇപ്പോൾ പണക്കാരന്റേതായി, അത് പഴയ നിലയിലേക്ക് മടക്കി കൊണ്ട് വരണം'; ഡോ. മേരി ജോർജ്
കൊച്ചി: കേന്ദ്ര ബജറ്റിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷകൾ പങ്കുവച്ച് പ്രമുഖ സാമ്പത്തികകാര്യ വിദഗ്‌ധ മേരി ജോർജ്. കാർഷിക മേഖലയ്ക്ക് ഊന്നൽ അനിവാര്യമാണെന്നും റെയിൽവേയെ പഴയ നിലയിലേക്ക് മടക്കി കൊണ്ട് വരേണ്ടത് അത്യാവശ്യമാണെന്നും അവർ വൺഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
രാജ്യത്ത് ശക്തമായ പ്രതിപക്ഷം ഇപ്പോഴുണ്ടെന്ന് മേരി ജോർജ് ചൂണ്ടിക്കാട്ടി. 'കർഷകർ വീണ്ടും പ്രക്ഷോഭത്തിലേക്ക് പോവാനാണ് സാധ്യത. അതുകൊണ്ട് തന്നെ തീർച്ചയായും കാർഷിക മേഖലയ്ക്ക് ഒരു ഊന്നൽ കാണും, കാണണം. കാരണം 144 കോടിയോളം വരുന്ന ഇന്ത്യൻ ജനതയെ തീറ്റിപ്പോറ്റുന്നത് അവരാണ്. അൻപത് ശതമാനത്തിൽ അധികം പേർ ജീവനോപാധി കണ്ടെത്തുന്നതും കൃഷിയിലൂടെയാണ്, പ്രഥമ പരിഗണന തന്നെ അതിന് നൽകുമെന്ന് പ്രതീക്ഷിക്കാം' അവർ പറയുന്നു.

അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കഴിഞ്ഞ പത്ത് വർഷ കാലത്തേതിന് സമാനമായി കൂടുതൽ പദ്ധതികൾ അവതരിപ്പിക്കുമെന്ന പ്രത്യാശയും അവർ പ്രകടിപ്പിച്ചു. 'സർക്കാർ രണ്ടാമത് പരിഗണന കൊടുക്കുന്ന വിഷയം അടിസ്ഥാന സൗകര്യ വികസനമായിരിക്കും. ബിജെപി സർക്കാർ കഴിഞ്ഞ പത്ത് വർഷക്കാലവും അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. അത് തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം' അവർ ചൂണ്ടിക്കാട്ടി.
'അങ്ങനെ വന്നാൽ ലോജിസ്‌റ്റിക് ചിലവുകളും ട്രാൻസ്‌പോർട്ടേഷൻ ചിലവുകളും കുറയും. അങ്ങനെയെങ്കിൽ നല്ലൊരു ഇൻവെസ്‌റ്റ്മെന്റ് ഹബ്ബായി മാറാൻ ഇടയുണ്ട് നമ്മുടെ നാട്.' അവർ പറയുന്നു. റെയിൽവേയെ പഴയ നിലയിലേക്ക് തിരിച്ചു കൊണ്ട് വരണമെന്നും കൂടാതെ സാധാരണക്കാർക്ക് വേണ്ടിയുള്ളത് ആക്കണമെന്നും മേരി ജോർജ് പറയുകയുണ്ടായി.
'ഇവിടുത്തെ ഏറ്റവും ചിലവ് കുറഞ്ഞ, സാധാരണക്കാർ ആശ്രയിച്ചിരുന്ന സംവിധാനമായിരുന്നു റെയിൽവേ. എന്നാൽ അതിപ്പോൾ സാധാരണ യാത്രക്കാർക്ക് അപ്രാപ്യമായി. ജനറൽ കമ്പാർട്ട്മെന്റ് എണ്ണം വെട്ടിക്കുറച്ചു കൊണ്ട് എസിയുടെയും ഫസ്‌റ്റ് ക്ലാസിന്റെയും എണ്ണം കൂട്ടിയിരിക്കുകയാണ്. പണക്കാരുടെ യാത്രാ മാധ്യമമായി റെയിൽവേ മാറി, അതിനെ പഴയ നിലയിലേക്ക് മാറ്റി കൊണ്ട് വരണം' അവർ ആവശ്യപ്പെട്ടു.
'വിവേക് ദെബ്രോയ് കമ്മിറ്റിയുടെ റിപ്പോർട്ടാണ് റെയിൽവേയുടെ അലകും പിടിയും മാറ്റി ആകെ താളം തെറ്റിച്ചത്. 2014ൽ വന്ന ഈ റിപ്പോർട്ട് അനുസരിച്ചാണ് റെയിൽവേ ബജറ്റ് നിർത്തലാക്കിയത്. ഇപ്പോൾ റെയിൽവേ മന്ത്രാലയത്തെ ഗതാഗത മന്ത്രാലയത്തിനൊപ്പമാക്കാനുള്ള നീക്കങ്ങൾ സജീവമാണ്.' അവർ പറയുന്നു.
'പല മേഖലകളും സ്വകാര്യവൽക്കരിക്കാൻ നീക്കം നടക്കുന്നു. റെയിൽവേ ജനകീയമാവണം, പഴയത് പോലെ. ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്‌ടിക്കുന്ന വിഭാഗമായിരുന്നു റെയിൽവേ. അത് മറക്കാൻ പാടില്ല. എല്ലാ സർവേകളും രാജ്യം കഴിഞ്ഞ 45 വർഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്ലായ്‌മ അനുഭവിക്കുന്നു എന്നാണ് പറയുന്നത്. അതിനൊക്കെ മാറ്റം വരണം' മേരി ജോർജ് പറഞ്ഞു.
കൂടാതെ പരിസ്ഥിതിക്ക് ഊന്നൽ നൽകി കൊണ്ട് പദ്ധതികൾ നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. 'കാർബൺ ക്രെഡിറ്റ് ഏർപ്പെടുത്തണം. കൂടുതൽ പരിസ്ഥിതിക്ക് ഊന്നൽ നൽകി കൊണ്ടുള്ള നയ പരിപാടികൾ അവതരിപ്പിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേകം കാർബൺ ക്രെഡിറ്റ് നൽകണം. അങ്ങനെ വരുമ്പോൾ സുസ്ഥിര വികസനം എന്ന ലക്ഷ്യം നന്നായിട്ട് മുന്നോട്ട് പോകും' മേരി ജോർജ് കൂട്ടിച്ചേർത്തു.
'പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രിച്ചു നിർത്താൻ കേന്ദ്ര സർക്കാരിന് ഇപ്പോഴും സാധിക്കും. അംബാനിയുടെ റിഫൈനറി ഒഴിച്ചു നിർത്തിയാൽ ബാക്കിയെല്ലാ പ്രധാനപ്പെട്ട റിഫൈനറികളും എൽപിജി ഉത്പാദന കേന്ദ്രങ്ങളും ഒക്കെ സർക്കാരിന്റെ കീഴിലാണ്. എപ്പോൾ വേണമെങ്കിലും കേന്ദ്ര സർക്കാരിന് ഇവയുടെ വില നിയന്ത്രണത്തിൽ ഇടപെടാവുന്നതാണ്' ഡോ. മേരി ജോർജ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications