ഇലന്തൂര്‍ നരബലി: സ്ത്രീയെന്ന പരിഗണന തരണം: ഹൈക്കോടതിക്ക് മുമ്പാകെ ലൈലയുടെ ജാമ്യാപേക്ഷ
കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി ലൈലയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കേസിലെ മൂന്നാം പ്രതിയാണ് ലൈല. സ്ത്രീയെന്ന പരിഗണനയില്‍ ജാമ്യം നല്‍കണം എന്നായിരുന്നു ലൈലയുടെ ആവശ്യം. എന്നാല്‍ ഹൈക്കോടതി ഇത് നിരാകരിച്ചു. ഇരട്ട നരബലി കേസില്‍ പൊലീസ് കോടതിയില്‍ കുറ്റപത്രം സമർപ്പിക്കാനിരിക്കെയായിരുന്നു ലൈല ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. പത്മ, റോസ് ലിന്‍ എന്നിവരെ നരബലി ചെയ്തുവെന്നാണ് ലൈല ഉള്‍പ്പടേയുള്ളവർക്കെതിരായ കേസ്.
ലൈലയുടെ ജാമ്യാപേക്ഷയെ പ്രേസിക്യൂഷനും ശക്തമായ ഭാഷയില്‍ എതിർത്തു. പ്രതികള്‍ക്കെതിരായ മുഴുവന്‍ തെളിവുകളും കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതിയും നിരീക്ഷിച്ചു. പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ലൈല നേരത്തെ എറണാകുളം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാല്‍ അന്നും കോടതി ജാമ്യം അനുവദിച്ചില്ല.

താന്‍ കേസിലെ പ്രധാന പ്രതിയല്ല, തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുക മാത്രമാണ് ഞാന്‍ ചെയ്ത തെറ്റ്. അതിനാല്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ലൈലയുടെ വാദം. പ്രധാന പ്രതി ഷാഫി, ലൈലയുടെ ഭർത്താവ് ഭഗവല്‍സിങ് എന്നിവരും ഇപ്പോഴും റിമാന്‍ഡിലാണ്. ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയുമുണ്ടാകാന്‍ പത്മയേയും റോസ്ലിയേയും നരബലി നടത്തിയെന്നതാണ് കേസ്. ഇരുവരെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
പത്മയേയും റോസിലിയേയും 56 ഓളം കഷ്ണങ്ങളാക്കി വെട്ടി മുറിച്ചായിരുന്നു വീട്ടു വളപ്പില്‍ മറവ് ചെയ്തത്. ഇത് പിന്നീട് കണ്ടെത്തുകയും മൃതദേഹവശിഷ്ടങ്ങള്‍ ഇവരുടേത് തന്നെയാണ് സ്ഥിരീകരിക്കുകയും ചെയ്തു. പത്മയ്ക്കും റോസിലിക്കും മുൻപ് മറ്റ് രണ്ട് സ്ത്രീകളെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പ്രതികൾ പോലീസിന് മൊഴി നൽകിയിരുന്നു.
ലോട്ടറി വിൽപനക്കാരിയായ പത്തനംതിട്ട ആനപ്പാറ സ്വദേശിയാണ് ഇതിലൊരാൾ. ഇവരുടെ ലോട്ടറികൾ മുഴുവൻ വാങ്ങിയാണ് പ്രതികളിലൊരാളായ മുഹമ്മദ് ഷാഫി ഇവരുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് തിരുമ്മ് കേന്ദ്രത്തിൽ 18,000 രൂപയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് ഇവരെ ഇലന്തൂരിൽ എത്തിക്കുകയായിരുന്നു. ആദ്യ ദിവസം ശമ്പളമായി 1000 രൂപ നൽകി. അടുത്ത ദിവസം ഇവരെ ഭഗവൽ സിംഗും ലൈലയും ചേർന്ന് വീട്ടിലേക്ക് ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. ഇവർ വീട്ടിലെത്തിയപ്പോൾ കട്ടിലിലേക്ക് തള്ളിയിട്ട് കൈകാലുകൾ കെട്ടിയിടാൻ ശ്രമിച്ചു. ഇതിനിടയിൽ ഇവർ കുതറി ഓടുകയായിരുന്നെന്നുമാണ് റിപ്പോർട്ട്.












Click it and Unblock the Notifications