Get Updates
Get notified of breaking news, exclusive insights, and must-see stories!

സയീദ് മസൂദ് എന്ന് പേര് യാദൃശ്ചികമല്ല, പൃഥ്വിയുടെ സിനിമകളില്‍ രാജ്യവിരുദ്ധത; വീണ്ടും ആര്‍എസ്എസ് മുഖപത്രം

കൊച്ചി: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള അണിയറപ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിച്ചിട്ടും വീണ്ടും ബഹിഷ്‌കരണാഹ്വാനവുമായി ആര്‍എസ്എസ് മുഖപത്രം. പൃഥ്വിരാജിനെ നിശിതമായി വിമര്‍ശിച്ച് കൊണ്ടുള്ള ലേഖനമാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടത്. ദേശവിരുദ്ധ ആശയങ്ങള്‍ പൃഥ്വിരാജ് ആവര്‍ത്തിച്ച് തന്റെ സിനിമകളില്‍ പങ്ക് വെക്കുന്നു എന്നാണ് വിമര്‍ശനം.

എമ്പുരാന്‍ എന്ന സിനിമ ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവും ആണ് എന്നതില്‍ ഒരു സംശയവുമില്ല എന്ന് ലേഖനം അവകാശപ്പെടുന്നു. 'എമ്പുരാനില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് മസൂദ് സയീദ് ആണെന്നത് യാദൃശ്ചികമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ജയ്ഷ്-ഇ-മുഹമ്മദ് ഭീകരന്‍ മസൂദ് അസ്ഹറിന്റെയും ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ ഹാഫിസ് സയീദിന്റെയും പേരുകളുടെ ഒരു കൂട്ടിച്ചേര്‍ക്കലാണിത്,' ലേഖനം പറയുന്നു.

Empuraan

ഇതൊരു ഒറ്റപ്പെട്ട സംഭവനല്ല, മറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് നയിക്കുന്ന കേരളത്തിലെ സിനിമാ വ്യവസായത്തില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന്റെ ഭാഗമാണ്. ഇസ്ലാമിക ഭീകരതയെ വെള്ളപൂശുകയും ഹിന്ദു സമൂഹത്തെ വില്ലന്‍ വേഷത്തില്‍ അവതരിപ്പിക്കുകയും ചെയ്തതിന് സിനിമയ്‌ക്കെതിരെ ജനരോഷമുണ്ട് എന്നാണ് ലേഖനത്തില്‍ അവകാശപ്പെടുന്നത്.

ഗുജറാത്ത് കലാപത്തെ വസ്തുതകളെ വളച്ചൊടിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും ഗോധ്രയില്‍ 59 നിരപരാധികളായ രാമഭക്തരുടെ ഭീകരമായ കൂട്ടക്കൊലയെ എമ്പുരാന്‍ അവഗണിച്ചു എന്നും ലേഖനം കുറ്റപ്പെടുത്തുന്നുണ്ട്. 'പൃഥ്വിരാജ് തന്റെ സംവിധാന തിരഞ്ഞെടുപ്പുകളിലൂടെ സിനിമയെ അട്ടിമറിക്കാനുള്ള ഒരു മാധ്യമമായി ഉപയോഗിക്കുന്നതായി തോന്നുന്നു. ആദ്യ ഭാഗമായ ലൂസിഫര്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അദൃശ്യമായ വിദേശ സ്ഥാപനങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന വെറും പാവകളാണെന്ന ആശയം സൂക്ഷ്മമായി അവതരിപ്പിച്ചു.

രണ്ടാം ഭാഗമായ എമ്പുരാന്‍, രാജ്യത്തിന്റെ ജനാധിപത്യ ചട്ടക്കൂടിന് നിര്‍ണായകമായ ഇന്ത്യയുടെ അന്വേഷണ ഏജന്‍സികള്‍, നിയമപാലകര്‍, നീതിന്യായ വ്യവസ്ഥ എന്നിവയെ ലക്ഷ്യം വെക്കുന്നു,' ലേഖനത്തില്‍ പറയുന്നു. സമാന്തര അധികാര ഘടനയെ സാധാരണവല്‍ക്കരിച്ചിരിക്കുന്നു എന്നും രാഷ്ട്രീയ സംഭവങ്ങളെ നിയന്ത്രിക്കുന്ന സര്‍വ്വവ്യാപിയായ ഒരു അദൃശ്യ ശക്തിയെ ആവര്‍ത്തിച്ച് ചിത്രീകരിക്കുന്നതിലൂടെ, രാഷ്ട്രീയ നിസംഗത വളര്‍ത്താന്‍ ശ്രമിക്കുന്നു എന്നും ലേഖനം പറയുന്നു.

'യുവാക്കള്‍ക്ക് അവരുടെ രാജ്യത്തിന്റെ സ്ഥാപനങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുമ്പോള്‍, ആത്യന്തിക ഗുണഭോക്താക്കള്‍ ദുര്‍ബലമായ ഭാരതത്തെ ചൂഷണം ചെയ്യാന്‍ കാത്തിരിക്കുന്ന ബാഹ്യശക്തികളാണ്. എമ്പുരാന്‍ സൂക്ഷ്മമായി വളര്‍ത്തിയെടുക്കുന്ന വിഭജനമാണിത്. ദേശീയ ഐക്യത്തെ ഭീഷണിപ്പെടുത്തുന്ന ഒരു വിഭജനം. പൃഥ്വിരാജിന്റെ സിനിമകളില്‍ ദേശവിരുദ്ധ ലക്ഷ്യങ്ങളുടെ ആവര്‍ത്തനം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു,' ലേഖനത്തില്‍ പറയുന്നു.

Take a Poll

സിനിമയുടെ ഫണ്ടിംഗ് എവിടെ നിന്നാണ് വന്നത് എന്നും നിര്‍മ്മാതാക്കളില്‍ ഒരാള്‍ എന്തുകൊണ്ടാണ് പദ്ധതിയില്‍ നിന്ന് പിന്മാറിയത് എന്നും ലേഖനം ചോദിക്കുന്നു. സംഘപരിവാര്‍ നേതാക്കളില്‍ നിന്നും അണികളില്‍ നിന്നും ചിത്രത്തിനെതിരെ ആക്രമണം ശക്തമായതോടെയാണ് എമ്പുരാനിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യുകയാണ് എന്ന് അറിയിച്ച് ഖേദം പ്രകടിപ്പിച്ച് കൊണ്ട് മോഹന്‍ലാല്‍ രംഗത്തെത്തിയത്.

മോഹന്‍ലാലിന്റെ ഈ ഖേദപ്രകടനം പൃഥ്വിരാജ് ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് മുഖപത്രത്തില്‍ ലേഖനം വന്നിരിക്കുന്നത്. എമ്പുരാന്‍ റിലീസ് ചെയ്തതിന് പിന്നാലെ നിരവധി തവണ സിനിമയ്‌ക്കെതിരെയുള്ള ലേഖനങ്ങള്‍ ഓര്‍ഗനൈസറില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+