'ഇപി ജയരാജന്‍ ഇറങ്ങി വന്നത് അങ്കം ജയിച്ച ചേകവനെപ്പോലെ,പിണറായിക്ക് ഇപിയെ ഭയം'; ചെന്നിത്തല
തിരുവനന്തപുരം: പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇപി ജയരാജനെതിരെ സിപിഎമ്മില്‍ ഒരു നടപടിയും ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന് ഇപി ജയരാജനെ ഭയമാണ്. ഇത് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള പൊളിറ്റിക്കല്‍ ഡീല്‍ ആണെന്നും ചെന്നിത്തല ആരോപിച്ചു.
അങ്കം ജയിച്ച ചേകവനെപ്പോലെയാണ് സിപിഎം സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞതിന് പിന്നാലെ ഇപി ജയരാജൻ ഇറങ്ങി വന്നത്. രാഷ്ട്രീയമായ ഡീൽ ആണ്. അഴിമതിക്കേസുകള്‍ ഇല്ലാതാക്കാനും അഴിമതിക്കേസുകളിൽ നിന്നും രക്ഷപ്പെടുന്നതിനുമുള്ള ഒരു ഡീല്‍ ആണ് നടന്നു കൊണ്ടിരിക്കുന്നത്. ബിജെപിയുമായി സിപിഎം ഈ ഡീല്‍ തുടങ്ങിയത് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്താണ്.

തുടര്‍ഭരണമെന്നത് ബിജെപിയുടെ സംഭാവനയാണ്. നാല് ശതമാനം ബിജെപിയുടെ വോട്ട് കുറഞ്ഞപ്പോഴാണ് തുടർഭരണം ഉണ്ടായത്. അതുകൊണ്ട് ഇപി ജയരാജനെതിരെ ഒരു നടപടിയും ഉണ്ടാകില്ല. ഇപിക്കെതിരെ നടപടി ഉണ്ടാകും എന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റിപ്പോയി എന്ന് മാത്രമേ പറയാൻ സാധിക്കുകയുളളൂ, ചെന്നിത്തല പറഞ്ഞു.
ജാവഡേക്കര്‍ വിവാദത്തില്‍ ഇപി ജയരാജനെതിരേ ഒരു നടപടിയുമുണ്ടാവില്ലെന്ന് നേരത്തെ അറിയാമായിരുന്നുവെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതികരിച്ചത്. ജയരാജന്‍ സി പി എമ്മിന്റെ അഴിമതിക്കൊട്ടാരം കാത്ത് സൂക്ഷിക്കുന്ന പ്രധാന വ്യക്തിയാണെന്നും അതുകൊണ്ട് തന്നെ ജയരാജനെ തൊടാന്‍ എല്ലാവര്‍ക്കും പേടിയാണെന്നും സുധാകരൻ പറഞ്ഞു. തൊട്ടാല്‍ അഴിമതിക്കൊട്ടാരം കത്തും. അതിനാൽ സി പി എം ജയരാജനെ ഒരിക്കലും നോവിക്കില്ല. ഇത് താൻ പല സ്ഥലത്തും പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
അതേസമയം തിരഞ്ഞടുപ്പ് ഫലം വന്നതിന് പിന്നാലെ ഇ പി ജയരാജനെതിരെ നടപടിക്ക് സാധ്യത ഉണ്ടെന്നാണ് സി പി എം വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ ദിവസം ചേർന്ന സി പി എം സെക്രട്ടറിയേറ്റ് യോഗത്തിൽ അതിരൂക്ഷവിമർശനമായിരുന്നു അംഗങ്ങൾ ഉയർത്തിയതെന്നാണ് വിവരം. കേന്ദ്ര നേതൃത്വം നേരത്തേ ഈ വിവാദം സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തോട് വിശദാംശം തേടിയിരുന്നു. എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഇപ്പോൾ മാറ്റി നിർത്തില്ലെങ്കിലും കേന്ദ്രകമ്മിറ്റിയിൽനിന്നോ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നോ സസ്പെന്‍ഷനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. ആരോപണ ഉന്നയിച്ച ശോഭ സുരേന്ദ്രനെതിരേയും സിപിഎം നിയമനടപടി സ്വീകരിച്ചേക്കും.












Click it and Unblock the Notifications