ഞാന്‍ ബിജെപിയിലേക്ക് പോകും എന്ന് പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു: വിശദീകരണവുമായി ഇപി ജയരാജന്‍
തിരുവനന്തപുരം: ബി ജെ പി നേതാവ് പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കൂടുതല്‍ വിശദീകരണവുമായി എല്‍ ഡി എഫ് കണ്‍വീനർ ഇപി ജയരാജന്‍. അനാവശ്യ ചർച്ചകളും മറ്റ് വിവാദങ്ങളും ഒഴിവാക്കാന്‍ വേണ്ടിയാണ് തിരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ കൂടിക്കാഴ്ചയെ കുറിച്ചുള്ള വ്യക്തത വരുത്തിയത്. തനിക്കെതിരെ വലിയ തരത്തിലുള്ള ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക ഫോണ്‍ ഇന്‍ അഭിമുഖത്തില്‍ ഇപി ജയരാജന്‍ പറയുന്നു.
തനിക്കെതിരെ നടക്കുന്ന ഗൂഡാലോചനയില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടേയില്ല. പ്രകാശ് ജാവ്‌ദേക്കറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും രാഷ്ട്രീയ കാര്യങ്ങള്‍ സംസാര വിഷയമായിട്ടില്ല. ഈ വിവാദങ്ങളിലൂടെ താന്‍ വഴി ഗൂഡാലോചനക്കാർ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയേയാണ്. കഴിഞ്ഞ വർഷം മാർച്ച് 5 നായിരുന്നു ജാവ്ദേക്കർ മകന്റെ ഫ്ലാറ്റില്‍ എത്തുന്നത്. കൊച്ചുമകന്റെ പിറന്നാള്‍ ദിനമായിരുന്നു അന്ന്. ചുരുങ്ങിയ വാക്കുകള്‍ മാത്രമാണ് സംസാരിച്ചത്. വീട്ടില്‍ വന്നവരോട് ഇറങ്ങിപ്പോകുന്ന ശീലക്കാരല്ലോ നമ്മളെന്നും ഇപി ജയരാജന്‍ പറയുന്നു.

ഞാന്‍ ബി ജെ പിയിലേക്ക് പോകും എന്ന വാർത്ത കൊടുക്കാന്‍ മാധ്യമങ്ങള്‍ക്ക് എങ്ങനെയാണ് ധൈര്യം വന്നത്. തൃശൂരിലും ദുബൈയിലും ഒരു ചർച്ചയും നടന്നില്ല. ബന്ധങ്ങളേയും കൂട്ടുകെട്ടിനെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞത് എനിക്ക് മാത്രമല്ല, സമൂഹത്തിന് ആകെ ബാധകമാണ്.
കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ബി ജെ പിയിലേക്ക് പോകാന്‍ ചർച്ച നടത്തിയതാണെന്നും അതിന് വേണ്ടി ചെന്നൈ വരെ പോയതാണെന്നും തിരഞ്ഞെടുപ്പിന്റെ തലേദിവസം ഞാന്‍ പറഞ്ഞിരുന്നു. അത് പിന്നീട് സുധാകരന്‍ തന്നെ അംഗീകരിച്ചു. ഇതോടെയാണ് ഞാന്‍ തന്നെ ബി ജെ പിയിലേക്ക് പോകും എന്ന തരത്തിലുള്ള വാർത്ത വരുത്താനുള്ള ആസൂത്രിത നീക്കം നടന്നത്. അതിന് മാധ്യമങ്ങളെ ഉപയോഗിച്ചുവെന്നും ഇപി ജയരജാന്‍ പറയുന്നു.
അതേസമയം, നാളെ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുമോ എന്നതിൽ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. എന്നാല്‍ യോഗത്തില്‍ ഇപി ജയരാജന്‍ വിഷയം ചർച്ചയായേക്കും. വോട്ടെടുപ്പ് ദിനത്തിലെ ഇ പി യുടെ തുറന്ന് പറച്ചിൽ പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഇപിക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് പല നേതാക്കളുടേയും ആവശ്യം.












Click it and Unblock the Notifications