'ജനാധിപത്യത്തിന്റെ കഴുത്തിൽ കത്തിവെക്കുന്നതിന് സമം; ചെറുപാർട്ടികളെ ഭയപ്പെടുത്താനുള്ള നീക്കം'; ഇപി ജയരാജൻ
കൊച്ചി: പാർലിമന്റ് അംഗം രാഹുൽഗാന്ധിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യത്തിന്റെ കഴുത്തിൽ കത്തിവെക്കുന്നതിന് സമമാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ.നരേന്ദ്രമോദിയെ വിമർശിച്ചാൽ കടുത്ത നടപടികൾ നേരിടേണ്ടി വരും എന്നതാണ് ഇതിലൂടെ വെളിവാകുന്നത്. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെയെല്ലാം പണാധിപത്യം കൊണ്ട് കീഴടക്കിയ ഈ നടപടി രാജ്യത്തെ ഭരണഘടനയോടുള്ള വെല്ലുവിളിയായേ കാണാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പിയും കേന്ദ്രസർക്കാരും രാജ്യത്തെ ഏകാധിപത്യ സംവിധാനത്തിലേക്കാണ് കൊണ്ടുപോകുന്നത്. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾക്ക് നേരെ ഉയർത്തുന്ന ഭീഷണിയാണിത്. ഇതിനെതിരെ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. രാഷ്ട്രീയ പക പോക്കലിന് നീതിന്യായ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്ന സംഘപരിവാർ നീക്കം ഒരിക്കലും അംഗീകരിക്കാവുന്നതല്ല.

ബിജെപി നടത്തുന്ന ഫാസിസ്റ്റ് സമീപനങ്ങളോട്, ജനദ്രോഹ നടപടികളോട് കോൺഗ്രസ് സ്വീകരിച്ച മൃദുസമീപനവും ബിജെപിയുടെ വളർച്ചയ്ക്ക് വളമായിട്ടുണ്ടെന്ന് കോൺഗ്രസ് നേതൃത്വം മനസ്സിലാക്കുന്നത് നല്ലതാണ്. നിലപാടില്ലാതെ ബിജെപിയിലേക്കുള്ള റിക്രൂട്ടിങ്ങ് ഏജൻസിയായി പലപ്പോഴായി മാറിയ കോൺഗ്രസിന്റെ പുനർചിന്തനത്തിന് ഈ സംഭവമെങ്കിലും കാരണമാകട്ടെ.
പ്രാദേശികമായി നിൽക്കുന്ന ചെറിയ പാർട്ടികളെ ഉൾപ്പടെ ഭയപ്പെടുത്താനാണ് രാഹുൽഗാന്ധിക്ക് എതിരെയുള്ള നടപടി എന്നാണ് നിരീക്ഷിക്കാനാകുന്നത്. ഈ നിലപാടിൽ പുനർചിന്തനം നടത്തി നടപടി പിൻവലിച്ച് ബിജെപി ഭരണഘടനയോട് മാന്യത പുലർത്തണം.രാഹുൽഗാന്ധിക്കെതിരായ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടിയെ ശക്തമായി അപലപിക്കുന്നു. പ്രതിഷേധം രേഖപ്പെടുത്തുന്നു', ഇപി ജയരാജൻ പറഞ്ഞു.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പ്രതികരിച്ചു. സ്വേച്ഛാധിപത്യത്തിന്റെ കൂച്ചുവിലങ്ങുകളിൽ തളയ്ക്കപ്പെടാൻ എന്നെന്നേക്കുമായി വിധിക്കപ്പെട്ട ജനതയായ് മാറാതിരിക്കുവാൻ ശക്തമായ പ്രതിരോധമുയർത്തണം. 'ജനാധിപത്യത്തിന്റെ മാതാവ്' എന്ന് പരസ്യവാചകമെഴുതുകയും ജനാധിപത്യത്തിന്റെ കശാപ്പുശാലയാക്കി രാജ്യത്തെ മാറ്റുകയും ചെയ്യുകയാണ് ബിജെപി സർക്കാരെന്നും അദ്ദേഹം വിമർശച്ചു.
.
പ്രതിപക്ഷ പാർട്ടികളെ ഏതു വിധേയനെയും നിശബ്ദമാക്കാനുള്ള ബി ജെ പിയുടെ ശ്രമത്തിന്റെ ഭാഗമാണിത്. ഇഡി, സി ബി ഐ പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബി ജെ പി ഇതര സംസ്ഥാന സർക്കാരുകളെ നിരന്തരം ആക്രമിക്കുന്ന നടപടിക്ക് പുറമെയാണ് പ്രതിപക്ഷ അംഗങ്ങളെ അയോഗ്യരാക്കുന്ന ഹീനമായ കൃത്യം ബി ജെ പി ചെയ്യുന്നത്. ഇത് രാജ്യത്തെ ജനാധിപത്യ ക്രമത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടിയാണ്. ഇത്തരം സ്വേച്ഛാധിപത്യ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകെ ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications