കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്; എഫ്‌ഐആര്‍ പകര്‍പ്പ് വണ്‍ ഇന്ത്യയ്ക്ക്
കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രസ്താവന വിവാദമായതോടെ പോലീസ് കേസെടുത്തു. കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തത് എറണാകുളം സെന്‍ട്രല്‍ പോലീസാണ്. സൈബര്‍ സെല്‍ എസ്‌ഐയുടെ പരാതിയിലാണ് കേസ്. ലഹളയുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് മന്ത്രിക്കെതിരെ എഫ്‌ഐആറില്‍ പറയുന്നത്.
എഫ്‌ഐആറിന്റെ പകര്‍പ്പ് വണ്‍ഇന്ത്യ മലയാളത്തിന് ലഭിച്ചു. മൂന്ന് വകുപ്പുകളാണ് കേന്ദ്രമന്ത്രിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐപിസി 1860 നിയമത്തിലെ 153, 153 എ എന്നിവയ്ക്ക് പുറമെ കെപി ആക്ട് 2011ലെ 120 (ഒ) വകുപ്പുമാണ് മന്ത്രിക്കെതിരെ ചുമത്തിയിട്ടുള്ളത്. സ്‌ഫോടനം നടന്ന ദിവസം സോഷ്യല്‍ മീഡിയയില്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണമാണ് കേസിന് ആധാരം.

ചൊവ്വാഴ്ച പുലര്‍ച്ചെ 1.32നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം സൈബര്‍ സെല്‍ എസ്‌ഐ ആണ് പരാതിക്കാരന്‍. മന്ത്രിക്കെതിരെ നേരത്തെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സൈബര്‍ സെല്‍ എസ്‌ഐ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു.
സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ത്ത് ലഹളയുണ്ടാക്കണം എന്ന ഉദ്ദേശത്തോടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടു എന്നാണ് എഫ്‌ഐആറിലെ പരാമര്‍ശം. രാജീവ് ചന്ദ്രശേഖരര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ പലസ്തീന്‍ ടെററിസ്റ്റ് ഗ്രൂപ്പ് ഹമാസ് എന്നും മറ്റുമുള്ള പ്രകോപന അഭിപ്രായ പ്രകടനങ്ങള്‍ നടത്തി, ഇക്കാര്യം വീഡിയോയും ടെക്‌സ്റ്റും ആയി പ്രചരിപ്പിച്ചുവെന്നും എഫ്‌ഐആറിലുണ്ട്.
ഒരു മത വിഭാഗത്തിനെതിരെ മതസ്പര്‍ദ്ധയുണ്ടാക്കി. സൗഹാര്‍ദ അന്തരീക്ഷം തകര്‍ത്ത് ലഹളയുണ്ടാക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളും മന്ത്രിക്കെതിരെയുണ്ട്. മന്ത്രിക്കെതിരെ ചുമത്തിയ 153 എ വകുപ്പ് ജാമ്യം ലഭിക്കാത്തതാണ്. വിദ്വേഷം പരത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് നേരത്തെ മുഖ്യമന്ത്രിയും ഡിജിപിയും വ്യക്തമാക്കിയിരുന്നു.

കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കാന്‍ സാധ്യത കുറവാണ് എന്ന പ്രചാരണം നിലനില്‍ക്കെയാണ് പോലീസ് നടപടി. സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ആര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. നിയമോപദേശം തേടിയ ശേഷമാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. സമാനമായ ആരോപണത്തില്‍ 22 പേര്‍ക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്.
നിലവില്‍ ഈ കേസ് പ്രകാരം കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്യണമെങ്കില്‍ ചില നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അറസ്റ്റിന് സാധ്യത കുറവാണെങ്കിലും വിദ്വേഷം പരത്തുന്നവര്‍ ആരായാലും കേസെടുക്കണമെന്ന വ്യക്തമായ സന്ദേശം നല്‍കുകയാണ് കേരള പോലീസും സര്‍ക്കാരും.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, നാല് മാധ്യമങ്ങള്‍ എന്നിവര്‍ക്കെതിരെയും മറ്റു ചില വ്യക്തികള്‍ക്കെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയും സമാനമായ നടപടി കേരള പോലീസ് എടുക്കുമെന്നാണ് വിവരം. എന്തുകൊണ്ടാണ് എംവി ഗോവിന്ദനെതിരെ കേസെടുക്കാത്തത് എന്ന ചോദ്യവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications