മൂന്നാമതും വാക്സിൻ വേണം: ജോലി നഷ്ടപ്പെടുമെന്ന് മലയാളി; കേന്ദ്രത്തിന് നോട്ടീസ് അയച്ച് ഹൈക്കോടതി
കൊച്ചി: കൊവിഡ് വാക്സിൻ എടുത്തത് മൂലം ജോലി ആവശ്യത്തിനായി വിദേശത്തേക്ക് പോകാൻ കഴിയുന്നില്ലെന്ന് പ്രവാസി ഹൈക്കോടതിയിൽ. രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ചതിനാൽ സൌദി അറേബ്യയിലേക്ക് മടങ്ങിപ്പോകാനോ ജോലിയിൽ പ്രവേശിക്കാനോ കഴിയുന്നില്ലെന്നാണ് പ്രവാസി കോടതിയെ അറിയിച്ചിട്ടുള്ള. ഇന്ത്യയിൽ അംഗീകാരം നൽകിയിട്ടുള്ള കോവാക്സിൻ സൌദി അറേബ്യ അംഗീകരിക്കാത്തതാണ് പ്രതിസന്ധിക്കുള്ള കാരണം. അതിനാൽ കൊവിഷീൽഡ് വാക്സിൻ നൽകിയില്ലെങ്കിൽ സൌദിയിലെ തന്റെ ജോലി നഷ്ടപ്പെടുമെന്ന് കാണിച്ചാണ് ശ്രീകണ്ഠാപുരം സ്വദേശിയായ ഗിരികുമാർ ടി കെ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
അതേസമയം മറ്റൊരു കമ്പനി ഇറക്കുന്ന മറ്റൊരു കൊവിഡ് വാക്സിൻ എടുക്കുന്നത് ലോകത്തുള്ള മെഡിക്കൽ വിദഗ്ധരുടെ അഭിപ്രായത്തിൽ അസാധാരണമായ കാര്യമല്ലെന്നും ഹരജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. കാനഡ, ഇസ്രായേൽ, സ്പെയിൻ തുടങ്ങി പല രാജ്യങ്ങളും മൂന്നാമത് വാക്സിൻ നൽകിത്തുടങ്ങിക്കഴിഞ്ഞുവെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു. അനുമതി ഇല്ലാത്ത ആദ്യ രണ്ട് വാക്സിനുകൾ നൽകിയ കാനഡയിലെ ക്വിബേക്ക് സർക്കാര്‍ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന തങ്ങളുടെ പൌരന്മാർക്ക് ജനങ്ങൾക്ക് മൂന്നാമത് വാക്സിൻ നൽകിയ കാര്യവും ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സൌദി അറേബ്യയിലെ ദമാമിൽ വെൽഡറായി ജോലി ചെയ്തുവരികയാണ് ഗിരികുമാർ. ജനുവരിയിൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗം ആരംഭിച്ചതോടെ നാട്ടിൽ തിരിച്ചെത്തിയ ഗിരീഷ് കുമാർ ഏപ്രിൽ 17ന് കോവാക്സിന്റെ ആദ്യത്ത ഡോസും ഒരു മാസം കഴിഞ്ഞ് രണ്ടാമത്തെ ഡോസും എടുക്കുകയായിരുന്നു. എന്നാൽ തിരിച്ചുപോകാനുള്ള നടപടികളുമായി മുന്നോട്ടുപോയപ്പോഴാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുള്ള വാക്സിന് സൌദി അംഗീകാരം നൽകിയിട്ടില്ലെന്ന് തിരിച്ചറിഞ്ഞത്. ആഗസ്റ്റ് 30 നകം തിരികെ ജോലിയിൽ പ്രവേശിക്കണം എന്നാണ് നിർദേശം. അല്ലാത്ത പക്ഷം ജോലി നഷ്ടമാകുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.
കോവാക്സിന് രാജ്യാന്തര അനുമതി ഇല്ല എന്ന കാര്യം ജനങ്ങളെ ഔദ്യോഗികമായി അറിയിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും ഏത് വാക്സിൻ എടുക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ജനങ്ങൾക്ക് നൽകണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. അഡ്വ മനാസ് പി ഹമീദ് മുഖാന്തരമാണ് ഗിരിഷ്കുമാർ ഹർജി നല്‍കിയത്
മറ്റൊരു പ്രശ്നം കൊവിൻ പോർട്ടൽ വഴി രണ്ട് തവണയിൽ കൂടുതൽ വാക്സിൻ സ്വീകരിക്കാൻ കഴിയില്ല എന്നതാണ്. ഇതോടെയാണ് കോവിഷീൽഡ് വാക്സിൻ സ്വീകരിക്കാൻ അനുമതി തേടിക്കൊണ്ട് കോടതിയെ സമീപിച്ചിട്ടുള്ളത്. രണ്ട് പെൺമക്കളുള്ള തനിക്ക് മറ്റ് ജീവിത ഉപാധികളൊന്നുമില്ലെന്നും മക്കളുടെ വിദ്യാഭ്യാസത്തിനും വീട്ടുചെലവുകൾക്കും മറ്റ് മാർഗ്ഗങ്ങളില്ലെന്നും ഗിരീഷ് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ഗൾഫിലേക്ക് ഉടൻ തിരിച്ചുപോകേണ്ടതുണ്ടെന്നും ഗിരീഷ് കുമാർ പറയുന്നു. ഗിരീഷ് കുമാറിന്റെ ഹർജി പരിഗണിച്ച കോടതി ഈ വിഷയത്തിൽ കേന്ദ്രസർക്കാരിൽ നിന്ന് നിലപാട് തേടിയിരിക്കുകയാണ്. ആഗസ്റ്റ് ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.












Click it and Unblock the Notifications