രാജ്‌നാഥ് സിങ് ദുരന്തമേഖലകള്‍ സന്ദര്‍ശിച്ചു; അനുഗമിച്ച് മുഖ്യമന്ത്രി, ക്യാമ്പുകളില്‍ നേരിട്ടെത്തി
കൊച്ചി: സംസ്ഥാനം നേരിടുന്ന മഴക്കെടുത്തി സംബന്ധിച്ച് വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് കേരളത്തിലെത്തി. കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ അദ്ദേഹം ദുരന്തമേഖലകള്‍ വ്യോമമാര്‍ഗം നിരീക്ഷിച്ചു. പറവൂരിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം വൈകീട്ട് മുഖ്യമന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയ ശേഷം ദില്ലിയിലേക്ക് തിരിക്കും.

ഉച്ചയ്ക്ക് 12.50നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാജ്‌നാഥ് സിങ് എത്തിയത്. ചീഫ് സെക്രട്ടറിയും റവന്യൂമന്ത്രിയുമടങ്ങുന്ന സംഘം അദ്ദേഹത്തെ സ്വീകരിച്ചു. വിഐപി ലോഞ്ചില്‍ അല്‍പ്പനേരം ചര്‍ച്ച നടത്തി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ക്കൊപ്പം ഹെലികോപ്റ്ററില്‍ പ്രളയ മേഖലകള്‍ സന്ദര്‍ശിച്ചു.
ഇടുക്കി ഡാം, ചെറുതോണിയുടെ പരിസര പ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍ എന്നിവ സന്ദര്‍ശിച്ച രാജ്‌നാഥ് സിങ് രണ്ടരയോടെ കൊച്ചി വിമാനത്താവളത്തില്‍ തന്നെ തിരിച്ചെത്തി. പിന്നീട് പറവൂര്‍ താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് തിരിച്ചു. നാല് മണിക്ക് സന്ദര്‍ശനം അവസാനിപ്പിക്കുന്ന രാജ്‌നാഥ് സിങ് നാലരയ്ക്ക് സിയാല്‍ ഓഫീസില്‍ തിരിച്ചെത്തും.
ശേഷമായിരിക്കും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള സംഘവുമായി ചര്‍ച്ച നടത്തുക. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിക്കും. ഗോള്‍ഫ് ഹൗസിലാണ് ഈ ചര്‍ച്ച നടക്കുക. ശേഷം ആറ് മണിക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് ദില്ലിയിലേക്ക് മടങ്ങും.












Click it and Unblock the Notifications