'വനംമന്ത്രി ജനങ്ങളെ പരിഹസിക്കുകയാണ്, കഴിവുകെട്ട മന്ത്രിയെ പുറത്താക്കണം'; എൻസിപി
തിരുവനന്തപുരം: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ വനംമന്ത്രി എകെ.ശശീന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എൻസിപി. അജീഷ് ഉൾപ്പെടെ 43 പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും ഇതിനെയെല്ലാം ലാഘവത്തോടെ കാണുന്ന വനംമന്ത്രി ജനങ്ങളെ പരിഹസിക്കുകയാണെന്നും എൻസിപി സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
നിലവിൽ സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ദേശീയ ജനറല്‍ സെക്രട്ടറി എന്‍എ മുഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ശശീന്ദ്രനെതിരെ കടുത്ത വിമർശനം ഉയർന്നത്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിക്കേണ്ട മന്ത്രി പൂർണമായും പരാജയപ്പെട്ടെന്ന് യോഗം കുറ്റപ്പെടുത്തി.

കഴിവുകെട്ട മന്ത്രിയെ തൽസ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസാക്കി. വനംവകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ വനംമന്ത്രിയുടെ ഭാഗത്ത് തികഞ്ഞ അനാസ്ഥ ഉണ്ടായെന്നും, ഈ സാഹചര്യത്തില്‍ എന്‍സിപിയുടെ മന്ത്രിയെ പിന്‍വലിക്കാനും സംസ്ഥാന കമ്മിറ്റി നിർദേശിച്ചു.
മന്ത്രിസ്ഥാനത്തുനിന്ന് എകെ ശശീന്ദ്രനെ മാറ്റി പകരം തോമസ് കെ.തോമസിനെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും തീരുമാനിച്ചു. അജിത് പവാര്‍ വിഭാഗത്തെ എന്‍സിപി ഔദ്യോഗിക വിഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് നേതൃത്വത്തിന് കത്ത് നൽകാനുംകമ്മിറ്റി തീരുമാനിച്ചു.
കൂടാതെ എന്‍സിപിയുടെ കൊടിയും ചിഹ്നവും ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച എല്ലാവരുടെയും യോഗം വിപ്പ് നല്‍കി വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കണം. പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയും ചെയ്‌തു.
അതേസമയം, കഴിഞ്ഞ ദിവസം വായനാട്ടിൽ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന വീട്ടിലേക്ക് കയറി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ട്രാക്‌ടർ ഡ്രൈവറായ പനച്ചിയിൽ അജി (42) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ 7.30ഓടെ മാനന്തവാടി ചാലിഗദ്ധിയിലാണ് കാട്ടാന ഇറങ്ങിയത്.
കർണാടക റേഡിയോ കോളർ ഘടിപ്പിച്ച് കാട് കയറ്റിയ ആനയാണ് ജനവാസ മേഖലയിൽ ഇറങ്ങി ഒരാളുടെ ജീവനെടുത്തത്. ഇതിന് പിന്നാലെ അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പ്രഖ്യാപിച്ചിരുന്നു. അജീഷിന്റെ കുടുംബത്തിന് ജോലി നൽകുന്നത് ആലോചനയിൽ ഉണ്ടെന്നും വനം വകുപ്പ് മന്ത്രി അറിയിച്ചിരുന്നു.












Click it and Unblock the Notifications