സമരകേരളത്തിന്റെ വിപ്ലവ സൂര്യന്‍, നൂറിന്റെ നിറവില്‍ വിഎസ്; അറിയാം നൂറ്റാണ്ടിന്റെ ജീവിതം
മുന്‍ മുഖ്യമന്ത്രിയും സി പി എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ വി എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍. ശാരീരിക അവശതകളെ തുടര്‍ന്ന് ഇന്ന് പൊതുമണ്ഡലത്തിലും സജീവ രാഷ്ട്രീയത്തിലും വി എസ് ഇല്ലെങ്കിലും ആ രണ്ടക്ഷരമില്ലാതെ കേരളത്തിന്റേയും രാഷ്ട്രീയ കേരളത്തിന്റേയും ചരിത്രം പൂര്‍ണമാകില്ല. പ്രായം നൂറിലെത്തുമ്പോഴും വി എസ് എന്ന രണ്ടക്ഷരം രാഷ്ട്രീയ ഭേദമന്യേ കേരളത്തിന്റെ കണ്ണും കരളുമാകുന്നതും അതിനാലാണ്.
അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ട ബാല്യത്തില്‍ നിന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയും സി പി എമ്മിന്റെ പൊളിറ്റ് ബ്യൂറോ മെമ്പര്‍ വരേയും എത്തപ്പെട്ട ജീവിതമാണ് വി എസ്. വി എസ് പിന്നിട്ട സമരവഴികളും ക്രൂരമായ ലോക്കപ്പ് മര്‍ദ്ദനങ്ങളും അനന്യമാണ്. നിലവില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ തിരുവനന്തപുരം ബാര്‍ട്ടണ്‍ ഹില്ലിലെ വീട്ടിലാണ് വി എസ് കഴിയുന്നത്. പത്രം വായിച്ച് കേട്ടും ടി വി കണ്ടും വി എസ് സമകാലിക സംഭവ വികാസങ്ങളെല്ലാം അറിയുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ പൊതുവേദിയില്‍ സജീവമായിരുന്ന വി എസ് നേരിയ പക്ഷാഘാതത്തെ തുടര്‍ന്നാണ് പൊതു വേദിയില്‍ നിന്ന് അകന്നത്. നിലവില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ പരിചരണത്തില്‍ സന്ദര്‍ശകരില്‍ നിന്നെല്ലാം ഒഴിഞ്ഞ് വിശ്രമജീവിതം നയിക്കുകയാണ് വി എസ്. 1923 ഒക്ടോബര്‍ 20 ന് ശങ്കരന്റെയും അക്കാമ്മയുടെയും മകനായി പഴയ തിരുവിതാംകൂറിലെ ആലപ്പുഴയിലെ പുന്നപ്രയിലാണ് വി എസിന്റെ ജനനം.
നാല് വയസുള്ളപ്പോള്‍ അമ്മയും പതിനൊന്ന് വയസുള്ളപ്പോള്‍ അച്ഛനും നഷ്ടപ്പെട്ട വി എസ് പിന്നീട് സഹോദരങ്ങളുടെ സംരക്ഷണയിലാണ് വളര്‍ന്നത്. ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി ഒരു തയ്യല്‍ക്കടയില്‍ തന്റെ ജ്യേഷ്ഠനെ സഹായിക്കാന്‍ തുടങ്ങി. പിന്നീട് അവിടെ നിന്ന് കയര്‍ ഫാക്ടറിയിലെത്തി. അതാണ് വി എസിനേയും കേരളത്തെ ആകെയും തന്നെ മാറ്റി മറിക്കുന്നതിന് കാരണമായത്.
കയര്‍ത്തൊഴിലാളികളെ സംഘടിപ്പിച്ച് കൃഷ്ണപിള്ള നടത്തിയ മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്നു വി എസ്. ഇ എം എസും എ കെ ജിയും മുന്നോട്ടുവെച്ച കമ്യൂണിസത്തിന്റെ പതാകവാഹകരില്‍ ഒരാളായി തൊഴിലാളികള്‍ക്കിടയില്‍ വി എസ് പ്രവര്‍ത്തിച്ചു. കൊടിയ മര്‍ദ്ദനങ്ങള്‍ നേരിട്ടിട്ടും തൊഴിലാളി വര്‍ഗ പോരാട്ടത്തിനായി എല്ലാം സഹിച്ചു. ഐതിഹാസികമായ പുന്നപ്ര വയലാര്‍ പോരാട്ടത്തിന് നേതൃത്വം നല്‍കിയതും വി എസായിരുന്നു.
1957-ല്‍ സി പി ഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്ന വി എസ് 1964 ല്‍ സി പി ഐ ദേശീയ കൗണ്‍സില്‍ വിട്ട് സി പി എം രൂപീകരിച്ച 32 അംഗങ്ങളില്‍ ജീവിച്ചിരിക്കുന്ന ഏക മലയാളിയാണ്. ഏഴ് തവണ കേരള നിയമസഭയില്‍ അംഗമായി. 1965 ല്‍ ആണ് വി എസ് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. ആ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പിന്നീട് 1967 ല്‍ കന്നി നിയമസഭാ പ്രവേശനം. 1970, 1991, 2001, 2006, 2011, 2016 എന്നീ വര്‍ഷങ്ങളിലെ തിരഞ്ഞെടുപ്പുകളിലും ജയിച്ചു.
മൂന്ന് തവണ പ്രതിപക്ഷ നേതാവായി. 2006-2011 എല്‍ ഡി എഫ് സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി. അന്ന് 82 വയസുണ്ടായിരുന്ന വി എസ് കേരളത്തിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയും ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിമാരില്‍ ഒരാളുമായിരുന്നു. 2016 മുതല്‍ 2021 വരെ സംസ്ഥാന കാബിനറ്റ് റാങ്കോടെ കേരളത്തിലെ ഭരണപരിഷ്‌കാരങ്ങളുടെ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു.
1985 മുതല്‍ 2009 ജൂലൈ വരെ സി പി എം പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു അച്യുതാനന്ദന്‍. പിണറായി വിജയനുമായുണ്ടായ ഉള്‍പാര്‍ട്ടി തര്‍ക്കത്തെ തുടര്‍ന്ന് പൊളിറ്റ് ബ്യൂറോയില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് വി എസിനെ മാറ്റി. കേരളത്തില്‍ സി പി എമ്മിന്റെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളായിരുന്നു വി എസ്. പരിസ്ഥിതി, സ്ത്രീ സുരക്ഷ, ഭൂപ്രശ്‌നം എന്നിവ രാഷ്ട്രീയ കേരളത്തിന്റെ മുദ്രാവാക്യമായി ആദ്യമായി ഉയര്‍ത്തിയത് വി എസായിരുന്നു.
അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. തന്റെ സര്‍ക്കാരിന്റെ കാലത്ത് കര്‍ഷക ആത്മഹത്യ ഇല്ലാതാക്കാനും അദ്ദേഹത്തിന് സാധിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ സ്വീകരിക്കുന്നതിനും അച്യുതാനന്ദന്‍ നേതൃത്വം നല്‍കി. പ്രതിപക്ഷ നേതാവ് എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ മാതൃകയായിരുന്നു വി എസ്. പാര്‍ട്ടി ഭരിക്കുമ്പോഴും അല്ലാത്തപ്പോഴും വി എസ് പ്രതിപക്ഷ ശബ്ദമായി.
എതിരാളികളോടും പാര്‍ട്ടിയോടും നിരന്തരം കലഹിച്ചും സമരം ചെയ്തുമായിരുന്നു വി എസ് മുന്നോട്ട് പോയത്. പലപ്പോഴും അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടു. എന്നാല്‍ രാഷ്ട്രീയ കേരളത്തില്‍ ഓരോ തവണയും വി എസ് തന്റെ പ്രാധാന്യം തെളിയിച്ച് കൊണ്ടിരുന്നു. 2011 ലെ തിരഞ്ഞെടുപ്പില്‍ തലനാരിഴക്കാണ് വി എസിന് തുടര്‍ ഭരണം നഷ്ടമായത്.












Click it and Unblock the Notifications