'സംസ്ഥാന അധ്യക്ഷന് ജില്ലാ സെക്രട്ടറിയെ ഭയമോ': ഗുരുതര ആരോപണങ്ങളുയർത്തി കോണ്‍ഗ്രസ് എസ് വിട്ടവർ
കോണ്‍ഗ്രസ് എസ് കോഴിക്കോട് ജില്ലാഘടകം എന്‍സിപിയില്‍ ലയിക്കുന്നു. പാർട്ടി സംസ്ഥാന നേതൃത്വത്തിനും കോഴിക്കോട് ജില്ല സെക്രട്ടറിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുയർത്തിക്കൊണ്ട് പാർട്ടി വിട്ടവരാണ് എന്‍സിപിയില്‍ ചേരുന്നത്. കോഴിക്കോട് മാനാഞ്ചിറ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ഇന്ന് നടക്കുന്ന സ്വീകരണ സമ്മേളനത്തിലൂടെയാണ് ഇവർ ഔദ്യോഗികമായി എന്‍സിപിയുടെ ഭാഗമാവുന്നത്. എന്‍ സി പി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍ പാർട്ടിയിലേക്ക് വരുന്ന നേതാക്കളെ സ്വീകരിക്കും.
പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ പേരില്‍ വ്യാജ അക്കൗണ്ട് എടുത്ത് പണമിടപാട് നടത്തിയെന്ന കേസില്‍ പ്രതിയായ ജില്ലാ സെക്രട്ടറി സിപി സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് പിളർപ്പ് ആസന്നമാക്കിയത്. നേരത്തെ തന്നെ പാർട്ടിക്ക് അകത്തും പുറത്ത് നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് സിപി ഹമീദ് എന്നാണ് പന്ത്രണ്ട് വർഷത്തോളം കോണ്‍ഗ്രസ് എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ച് വരികയായിരുന്നു സി സത്യചന്ദ്രന്‍ വണ്‍ഇന്ത്യയോട് വ്യക്തമാക്കുന്നത്.

സ്കൂള്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകനില്‍ നിന്ന് തന്നെ പണം വാങ്ങിയെന്ന് പരാതി, വിസ തട്ടിപ്പ്, ബാലുശ്ശേരിയില്‍ പാർട്ടി സ്ഥാപിച്ച സഹകരണ സംഘം, തുറമുഖ വകുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ആരോപണം നേരിട്ട വ്യക്തിയാണ് സിപി ഹമീദ്. പൊലീസില്‍ അടക്കം പരാതി ലഭിച്ചിട്ടും അപ്പോഴൊക്കെ ജില്ലാ സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചതെന്നും സത്യചന്ദ്രന്‍ വ്യക്തമാക്കുന്നു.
നിരന്തരം പരാതി ലഭിച്ചതിനൊടുവില്‍ പാർട്ടി സംസ്ഥാന നേതൃത്വം രണ്ട് തവണയായി ജില്ലയിലെത്തി തെളിവെടുപ്പ് നടത്തുകയുണ്ടായി. എന്നിട്ടും ആരോപണ വിധേയനെതിരെ നടപടിയുണ്ടായില്ല. ഇതോടെയാണ് ജില്ലാ പ്രസിഡന്റ് ന്റെ വ്യാജ ഒപ്പ്, ജില്ലാ കമ്മിറ്റിയുടെ വ്യാജ മിനുട്‌സ് ലറ്റര്‍ പേഡ് എന്നിവ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ ജില്ലാ സെക്രട്ടറിയെ പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചത്. വ്യാജമായ രീതിയിൽ ജില്ല കമ്മിറ്റിയുടെ പേരിൽ സഹകരണ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയതിന് ഹമീദിനെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു.
ഇതിനുമപ്പുറം ഒരു അഴകുണ്ടോ? ഇല്ലെന്ന് തീർച്ചപ്പെടുത്തി ആരാധകർ; വൈറലായി ഭാവനയുടെ സ്റ്റാറ്റസ്
ഇതിന്റെ പ്രതികാര നടപടിയെന്നോണം കോൺഗ്രസ് എസ് ജില്ല കമ്മിറ്റി സംസ്ഥാന നേതൃത്വം പിരിച്ചുവിടുകയാണ് ചെയ്തത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയെ പിരിച്ച് വിടാനുള്ള യോഗത്തില്‍ പത്ത് ബ്ലോക്ക് പ്രസിഡന്‍റുമാരിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. പത്തു ജില്ല ഭാരവാഹികളിൽ രണ്ടുപേരാണ് യോഗത്തിനെത്തിയത്. നിയമ വിരുദ്ധമായ നടപടികളിലൂടെ സംസ്ഥാന നേതൃത്വം സിപി ഹമീദിനെ സംരക്ഷിക്കുകയാണ്. എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ഒരു അന്വേഷണം പോലും പ്രഖ്യാപിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി തയ്യാറാവത്തത് എന്നത് സംശയകരമാണ്. ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം മൂലമാണോ സംസ്ഥാന നേതൃത്വം ഇത്തരമൊരു നിലപാട് സ്വകീരിക്കുന്നതെന്ന ചോദ്യങ്ങളും ഉയർന്ന് വരുന്നുണ്ടെന്നും സത്യചന്ദ്രന്‍ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോർപ്പറേഷനിലെ മുഖദാർ സീറ്റ് എല്‍ഡിഎഫ് കോണ്‍ഗ്രസ് എസിന് അനുവദിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ച് കൌണിസലറായ വ്യക്തി മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട സർവ്വകക്ഷി യോഗത്തില്‍ സ്വീകരിച്ച നിലപാട് ജില്ലയിലെ മുന്നണി ബന്ധത്തെ തന്നെ പ്രതിസന്ധിയിലാക്കി. ഇതിന് കാരണക്കാരന്‍ സിപി ഹമീദാണ്. ആ സംഭവത്തിന് പിന്നാലെ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ കോണ്‍ഗ്രസ് എസ് നേതാക്കളെ വിളിച്ച് വരുത്തുകയും എല്‍ ഡി എഫിന് കോഴിക്കോട് ജില്ലയിലെ പാർട്ടിയുമായി സഹകരിച്ച് പോവാന്‍ സാധിക്കില്ലെന്നും അറിയിച്ചു. അതിന് ശേഷം നടന്ന മുന്നണി യോഗങ്ങളില്‍ എല്‍ഡിഎഫിനെ ക്ഷണിച്ചിട്ടില്ല.
കോണ്‍ഗ്രസ് സംസ്കാരം നിലനില്‍ക്കുന്ന പാർട്ടിയെന്ന നിലയിലാണ് എന്‍സിപിയിലേക്ക് പോവാന്‍ തീരുമാനിച്ചത്. മറ്റ് പാർട്ടികളില്‍ നിന്നും ക്ഷണമുണ്ടായിരുന്നെങ്കിലും ഭൂരിപക്ഷം പേർക്കും താല്‍പര്യം എന്‍സിപിയായിരുന്നു. വിശദമായ ചർച്ചകള്‍ക്ക് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചതെന്നും സത്യചന്ദ്രന്‍ വണ്‍ഇന്ത്യയോട് വ്യക്തമാക്കി.
കോണ്‍ഗ്രസ്സ് - എസ് മുന്‍ ജില്ലാ പ്രസിഡന്റ് സി.സത്യചന്ദ്രന്‍ ജില്ലാ ജില്ലാസെക്രട്ടറിമാരായ സി.രാമകൃഷ്ണന്‍ മാസ്റ്റര്‍, പി കെ.ബാലകൃഷ്ണ കിടാവ് , യൂത്ത് കോണ്‍ഗ്രസ്സ് - എസ് ജില്ലാ ജനറല്‍ സെക്രട്ടറി പി.വി.സജിത്ത്, ബ്ലോക്ക് ഭാരവാഹികളായ പി.വി.വിജയന്‍, സി.കെ.അശോകന്‍, പി.വി.അശോകന്‍, മൂഴിക്കല്‍ ചന്ദ്രന്‍, എ.വത്സരാജ്, എം.പി.രാഘവന്‍, ചെറിയാവി രാജന്‍, മണ്ഡലം പ്രസിഡന്റുമാരായ എസ്.വി.റഹ്‌മത്തുള്ള, എന്‍.പി.രവീന്ദ്രന്‍, കെ.വി.നാണു, പി.എം.മൊയ്തീന്‍ കുട്ടി, എവി ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ളവാണ് കോണ്‍ഗ്രസ് എസ് വിട്ട് എന്‍സിപിയിലേക്ക് ചേരുന്നത്.












Click it and Unblock the Notifications