ഡിവൈഎഫ്ഐയുടെ കൊടികെട്ടി തിരക്കിട്ട് വാഹനങ്ങൾ... സമരത്തിനല്ല, ചോറ് പൊതികളുമായി ആശുപത്രിയിലേക്ക്....
തിരുവനന്തപുരം: ശുഭ്രപതാക കെട്ടിയ വാഹനം ഉച്ച സമയം ചീറി പാഞ്ഞ് പോകുമ്പോൾ തിരുവനന്തപുരത്ത് എല്ലാ വഹനങ്ങളും വഴി മാറികൊടുക്കും. പേടിച്ചിട്ടല്ല. ആ വാഹനത്തിന് പിറകിലുള്ളത് സാധാരണക്കാരുടെ മനസ്സാണ് അന്നത്തിന്റെ രൂപത്തിൽ. സാമ്പാറും തോരനും പപ്പടവും കൂട്ടുകറിയും അച്ചാറും വറുത്ത മീനും എല്ലാം വച്ച് കടലാസിൽ പൊതിഞ്ഞ് റബർബാൻഡ്ചുറ്റി ഓരോ വീടിൽ നിന്നും സമാഹരിക്കുന്ന പൊതിച്ചോറുമായി ആ വാഹനം പോകുന്നത് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണെന്ന് അറിയാത്തവർ ആരുമില്ല.
അതുകൊണ്ട് തന്നെ മെഡിക്കൽ കോളേജിലേക്ക് പോകുന്ന ഡിവൈഎഫ്ഐയുടെ വാഹനത്തിന് ആംബുലൻസ് പോലും വഴിയൊരുക്കി കൊടുക്കുന്ന കാഴ്ചയാണ് ഇപ്പോൾ കണ്ടുവരുന്നത്. യുവാക്കൾ മുതൽ വൃദ്ധർ വരെ 'വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാൻ' എന്ന സന്ദേശവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്ക് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസവും ഉച്ചഭക്ഷണം നൽകുന്ന ഡിവൈഎഫ്‌ഐയുടെ 'ഹൃദയപൂർവം' പദ്ധതിയുടെ ഭാഗമാണ്.

ആ... വാഹനത്തിന് മുന്നിൽ നീണ്ട നിര കാണാം!
മെഡിക്കൽ കോളേജിൽ ഭക്ഷണവിതരണത്തിന് ഡിവൈഎഫ്‌ഐക്ക് അനുമതി നൽകിയ പ്ലാറ്റ്‌ഫോമിലേക്ക് ഉച്ചഭക്ഷണവുമായി ഡിവൈഎഫ്ഐയുടെ വണ്ടികൾ ചേർത്തുനിർത്തുമ്പോൾ, അറ്റം കാണാത്ത വരികളാണ് കാണാൻ സാധിക്കുക. പിന്നറ്റം തേടി പോയാൽ ഒപി‐ഐപി ബ്ലോക്കുകളെ ബന്ധിപ്പിച്ചിരുന്ന പഴയ ഇടനാഴിയുടെ രണ്ടുവശങ്ങളിലും നീണ്ട ക്യൂ. റീജ്യണൽ ക്യാൻസർ സെന്റർ, ശ്രീചിത്ര, എസ്എടി ആശുപത്രികളിലെ രോഗികളും കൂട്ടിരിപ്പുകാരും മാത്രമല്ല, മെഡിക്കൽ കോളേജ് പരിസരത്ത് ഒരു നേരത്തെ അന്നത്തിന് വകയില്ലാത്ത എല്ലാവരുമുണ്ടാകും ആ ക്യൂവിൽ.

ഓരോ പൊതിയും ഓരോ നല്ല മനസ്സ്
കൃത്യം 12.30ന് തന്നെ ആശുപത്രി പരിസരത്ത് ഭക്ഷണ വിതരണം ആരംഭിക്കും. ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള 160 മേഖലാ കമ്മറ്റികള്‍ക്കാണ് ഭക്ഷണവിതരണത്തിന്റെ ചുമതല. പ്രദേശത്തെ വീടുകളില്‍ മുന്‍കൂട്ടി വിവരം നല്‍കിയാണ് പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതി ശേഖരിക്കാനെത്തുന്നത്. ഓരോ പൊതിച്ചോറും ഓരോ നല്ല മനസ്സാണ്. ഉച്ചക്ക് ജോലി നിർത്തിവെച്ച് ഭക്ഷണം വിതരണം ചെയ്യാൻ അടുത്തുള്ള ഡിവൈഎഫ്ഐ പ്രവർത്തകരും എത്തും. ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഭേദമില്ലാതെ വരിയിലിലുള്ള എല്ലാവർക്കും ഭക്ഷണം വിതരണം ചെയ്ത് മാത്രമേ. ശുഭ്ര പതാകയേന്തിയ വാഹനം തിരിച്ചു പോകുകയുള്ളൂ.

അടുക്കളയിലെ പങ്കുവെക്കൽ
അടുക്കളയിൽ അമ്മമാർ തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ പങ്കുവയ്ക്കലാണിത്. നാട്ടിലെ മുഴുവൻ വീട്ടിലെയും അടുക്കള വിശക്കുന്ന മനുഷ്യർക്കായി ഒരുദിവസം മാറ്റിവയ്ക്കുന്ന സമാനതകളില്ലാത്ത അനുഭവം. പോതികളിൽ ആശംസകൾ പങ്കുവെക്കുന്നവരുമുണ്ട്. വൃദ്ധർ, അമ്മ മാർ, യുവാക്കൾ. ഡോക്ടർമാർ, എഞ്ചിനീയർമാർ, കോളേജ് പ്രൊഫസർമാർ തുടങ്ങി നിരവധി പേർ 'വയറെരിയുന്നോരുടെ മിഴിനിറയാതിരിക്കാൻ' എന്ന സന്ദേശവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസവും ഉച്ചഭക്ഷണം നൽകുന്ന ഡിവൈഎഫ്‌ഐയുടെ 'ഹൃദയപൂർവം' പദ്ധതിയുടെ ഭാഗമാണ്.

ലോകത്ത് തന്നെ ആദ്യ സംഭവം
കൂടുതൽ അടുക്കളയിൽനിന്ന് കൂടുതൽപേർക്ക് ഭക്ഷണം മുടങ്ങാതെ നൽകുന്ന പദ്ധതി ലോകത്തുതന്നെ ആദ്യ സംഭവമാണ്. പൊതിച്ചോറുകൾ ഉണ്ടാക്കാനുള്ള പച്ചക്കറി വിളയിച്ച് നൽകാനുള്ള 'സ്‌നേഹപൂർവം' പദ്ധതിക്കും ഡിവൈഎഫ്‌ഐ തുടക്കമിട്ടിട്ടുണ്ട്. ഓരോ മേഖല കമ്മിറ്റിയും കുറഞ്ഞത് പത്തുസെന്റിൽ പച്ചക്കറികൃഷി നടത്തുന്നുണ്ട്. പൊതിച്ചോറ് നൽകുന്ന വീടുകളിൽ പച്ചക്കറി എത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യം. പാറശാലയിൽ രണ്ടേക്കറിൽ ജൈവ നെൽക്കൃഷിയും ആരംഭിച്ചിട്ടുണ്ട്.

വാടകയില്ലാതെ ഏതു വാഹനവും റെഡി!
'ഹൃദയ പൂർവ്വം' പദ്ധതിയുടെ ആവശ്യത്തിന് വരുന്ന വാഹനങ്ങൾ വാടക വാങ്ങാറില്ല എന്നതാണ് മറ്റൊരു പ്രത്യകത. ഒരിക്കൽ പദ്ധതിയുടെ ഭഗമായ വാഹന ഉടമകൾ പിന്നീട് തന്റെ വാഹനം തന്നെ വിളിക്കണം എന്ന് ആവശ്യപ്പെടുന്നവരാണ് കൂടുതലും. ഏത് വലിയ വാഹനവും വാടകയില്ലാതെ വിട്ടു കൊടുക്കാൻ ഇപ്പോൾ ആരും മടിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരം വിശപ്പുരഹിതമാക്കിയ മാതൃകാപദ്ധതി സംസ്ഥാനമാകെ ഏറ്റെടുക്കാൻ ഡിവൈഎഫ്ഐ ആഹ്വാനം ചെയ്തതോടെ, മുഴുലൻ മെഡിക്കൽ കോളേജുകളിലേക്കും ജില്ലാ ആശുപത്രികളിലേക്കും താലൂക്കാശുപത്രികളിലേക്കും പദ്ധതി വ്യാപിക്കുകയാണ്.

മരുന്നും, ആംബുലൻസും സൗജന്യമായി നൽകും?
ഭക്ഷണവിതരണപദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്താനുള്ള ഒരുക്കത്തിലാണെന്ന് ജില്ലാ സെക്രട്ടറി ഐ സാജു പറഞ്ഞു. മരുന്ന്, ആംബുലന്‍സ് സേവനം എന്നിവയും സൗജന്യമായി നല്‍കാനുള്ള പദ്ധതി ആലോചനയിലുണ്ട്. ഹര്‍ത്താല്‍ ദിനങ്ങളില്‍പോലും രോഗികളും കൂട്ടിരിപ്പുകാരും വിശന്നിരിക്കാതിരിക്കാന്‍ ഡിവൈഎഫ്‌ഐ മുന്നിട്ടിറങ്ങുന്നുണ്ട്. ഒരോ ദിവസവും ഓരോ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം. ദിവസവും ശരാശരി 7,000 പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്.

തുടക്കം 200 പൊതിച്ചോറുകളുമായി
2017 ജനുവരി ഒന്നിനാണ് തിരുവനന്തപുരം ഡിവൈഎഫ്‌ഐ മെഡിക്കൽ കോളേജ് മേഖല കമ്മിറ്റി 200 പൊതിച്ചോറുകളുമായി 'ഹൃദയപൂർവ്വ' പദ്ധതി ആരംഭിക്കുന്നത്. ഡിവൈഎഫ്‌ഐ 'മാനുഷം' എന്ന പേരിൽ ആരംഭിച്ച രക്തദാനപദ്ധതിയുടെ ഭാഗമായി മെഡിക്കൽ കോളേജിലെത്തിയ യുവാക്കൾക്കുമുമ്പിൽ പാവപ്പെട്ട രോഗികൾ ഭക്ഷണത്തിന് വകയില്ലാതെ കൈ നീട്ടിയപ്പോഴാണ് ഇതേ കുറിച്ച് ആലോചിച്ചതെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഐ സാജു പറഞ്ഞു.

ഒരു ദിവസം 7000 പൊതിവരെ...
മാരക രോഗങ്ങൾ പിടിപെട്ട് ആർസിസിയിലും മെഡിക്കോൽ കോളേജിൽ കഴിയുന്നവർക്ക് മരുന്ന് വാങ്ങാൻ പോലും കാശുണ്ടാകില്ല. മാസങ്ങളോളം ആശുപത്രിയിൽ കിടക്കേണ്ടിയും വരും. അവരുടെ കഷ്ടതകൾ കണ്ണിൽ പെട്ടതോടെയാണ് 164 മേഖലാ കമ്മറ്റികളെയും ഏകോപിപ്പിച്ച് ഇത്തരത്തിൽ പദ്ധതിക്ക് തുടക്കമായത്. ഒരു കുടുംബത്തിൽനിന്ന് ഒരു പൊതി നൽകണമെന്നാണ് അഭ്യർഥിക്കുന്നതെങ്കിലും, അമ്മമാർ ദിവസം അഞ്ചും ആറും പൊതിനൽകും. ഒരു മേഖല അഞ്ചുമാസം കൂടുമ്പോൾ ഒരുദിവസം ഉത്തരവാദിത്തം ഏറ്റെടുത്താൽ മതിയാകും. ഇപ്പോൾ ഒരു ദിവസം 7000 പൊതിവരെ വിതരണം ചെയ്യുന്നുണ്ടെന്ന് ഐ സാജു പറഞ്ഞു.

ആശംസകളുമായി വാഷിങ്ടൺ പോസ്റ്റ് വാർത്താ സംഘം
നിരാലംബർക്ക് ഭക്ഷണമേക് സേവനരംഗത്ത് പുതിയ ചരിത്രം കുറിച്ച് ഡിവൈഎഫ്ഐയുടെ 'വയറെരിയുന്നോരുടെ മിഴി നിറയ്ക്കാൻ ഹൃദയപൂർവ്വം' എന്ന പദ്ധതിയെ കുറിച്ച് പഠിക്കാൻ വാഷിങ്ടൺ പോസ്റ്റ് വാർത്താ സംഘവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. രക്തം നൽകുന്നതിന് വേണ്ടി രൂപീകരിച്ച ആപ്പിനെ കുറിച്ചും അതിന്റെ പ്രവർത്തനത്തെ കുറിച്ചും പ്രശംസിച്ചാണ് സംഘം കേരളം വിട്ടത്.

എല്ലാ രാഷ്ട്രീയ കക്ഷികളും പദ്ധതിക്കൊപ്പം
തുടക്കത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർമാത്രമാണ് പങ്കെടുത്തിരുന്നത്. കൂടുതൽ പ്രചാരം ലഭിച്ചതോടെ രാഷ്ട്രീയ ഭേദമെന്യേ ജനങ്ങൾ ഏറ്റെടുത്തു. നേതൃത്വം നൽകുന്നത് ഡിവൈഎഫ്ഐ ആണെങ്കിലും കക്ഷി രാഷ്ട്രീയഭേദ മന്യേ ഈ പദ്ധതിയുമായി എല്ലാവരും പങ്കുചേരുന്നുണ്ട്. കുട്ടികളുടെ പിറന്നാൾ ഉൾപ്പെടെയുള്ള ആഘോഷദിനങ്ങളിൽ കൂടുതൽ ഭക്ഷണപ്പൊതി നൽകാൻ പലരും സന്നദ്ധരുമാണ്.

ആലപ്പുഴയിലും പത്തനംതിട്ടയിലും...
അറിയപ്പെടാത്തവരുമായി സാഹോദര്യം സ്ഥാപിക്കുന്ന പതിനായിരക്കണക്കിന് അമ്മമാർ. ങ്ങളിതുവരെ കണ്ടിട്ടില്ലാത്തവർക്ക് വിരുന്നൂട്ടുന്നവർ. രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ പ്രവർത്തനത്തിന് പങ്കാലിയാവുകയാണ്. ആലപ്പുഴ, പത്തനംതിട്ട ജില്ലാ കമ്മറ്റികളും ഈ പ്രവർത്തനവുമായി മുന്നോട്ട് പോകുന്നുണ്ട്. കൊടി പിടിച്ച് മുദ്രാവാക്യം വിളിച്ച് സമരം ചെയ്യാൻ മാത്രമല്ല നിലാരംബർക്ക് ഒരു നേരത്തെ അന്നം എത്തിക്കാനും തങ്ങൾക്ക് സാധിക്കുമെന്ന് കാണിച്ചു കൊടുത്തിരിക്കുകയാണ് ഡിവൈഎഫ്ഐ.












Click it and Unblock the Notifications