കേരളത്തിലേക്ക് 9,000 കോടി രൂപയുടെ ജര്‍മ്മന്‍ നിക്ഷേപം; 300 'ഡീപ് ടെക്' സ്റ്റാര്‍ട്ടപ്പുകള്‍: തൊഴിവസരങ്ങള്‍
തിരുവനന്തപുരം: കേരളത്തിലേക്കു കോടികളുടെ നിക്ഷേപവുമായി ജര്‍മ്മനി. 9000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തേക്കു വരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ജര്‍മ്മനിയിലെ അഞ്ച് പ്രമുഖ സര്‍വകലാശാലകളുടെ കൂട്ടായ്മയായ നെക്സ്റ്റ് ജെന്‍ സ്റ്റാര്‍ട്ടപ്പ് ഫാക്ടറിയാണ് കേരളത്തില്‍ വന്‍ നിക്ഷേപത്തിന് തയ്യാറെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട കരാര്‍ ഇന്ന് കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഒപ്പുവെച്ചു
ആറാഴ്ച മുമ്പ് ജര്‍മ്മനിയില്‍ നിന്ന് 27 നിക്ഷേപകരുടെ ഒരു സംഘം കേരളം സന്ദര്‍ശിച്ചിരുന്നു. ഇവരുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായിട്ടാണ് 9000 കോടിയുടെ നിക്ഷേപം എത്തുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. അതിനൂതനമായ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഡീപ് ടെക് കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
കേരളത്തിലെ മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ നേരിട്ടു കണ്ടു ബോധ്യപ്പെട്ട ശേഷമാണ് നിക്ഷേപക സംഘം ഇത്രയും വലിയ തുക നിക്ഷേപിക്കാന്‍ തയ്യാറായതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. പുതിയ പദ്ധതി കേരളത്തിന്റെ വ്യവസായ മേഖലയിലെ ഒരു നാഴികക്കല്ലാണെന്നും തൊഴില്‍ അന്വേഷകരായ ചെറുപ്പക്കാര്‍ക്ക് സ്വന്തം നാട്ടില്‍ തന്നെ അന്താരാഷ്ട്ര നിലവാരമുള്ള തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ പദ്ധതി സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളത്തിന്റെ തൊഴിൽ മേഖലയിൽ ചരിത്ര മുന്നേറ്റം: 9,000 കോടി രൂപയുടെ ജർമ്മൻ നിക്ഷേപം വരുന്നു
കേരളത്തിന്റെ തൊഴിൽ മേഖലയെ സംബന്ധിച്ചിടത്തോളം അതീവ അഭിമാനകരമായ ഒരു ദിവസമാണിന്ന്. നൈപുണ്യ പരിശീലനം എല്ലാവരിലേക്കും എത്തിക്കാനും അതുവഴി നമ്മുടെ നാട്ടിൽ തന്നെ ലോകോത്തര നിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തിക്ക് ലഭിച്ച അംഗീകാരമാണിത്.
ഏകദേശം ആറാഴ്ച മുൻപ് ജർമ്മനിയിൽ നിന്നുള്ള 27 നിക്ഷേപകരുടെ ഒരു സംഘം കേരളം സന്ദർശിച്ചിരുന്നു. അന്ന് ഞാനും ധനകാര്യ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും അവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേരളത്തിലെ മികച്ച തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തുകയും സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകുകയും ചെയ്തിരുന്നു. ആ ചർച്ചകൾ ഇന്ന് ഫലം കണ്ടിരിക്കുകയാണ്.
ജർമ്മനിയിലെ അഞ്ച് പ്രമുഖ സർവകലാശാലകളുടെ കൂട്ടായ്മയായ 'നെക്സ്റ്റ് ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറി' (NXTGN) കേരളത്തിൽ വൻ നിക്ഷേപത്തിന് തയ്യാറായിരിക്കുന്നു. ഏകദേശം 9,000 കോടി രൂപയിലധികം (ഒരു ബില്യൺ യൂറോ) വരുന്ന ഫണ്ടാണ് ഇവർ ഇതിനായി വകയിരുത്തിയിട്ടുള്ളത്. പ്രധാനമായും നൂതന സാങ്കേതികവിദ്യയിലൂന്നിയ 'ഡീപ് ടെക്' കമ്പനികളെ പ്രോത്സാഹിപ്പിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഇന്ന് കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസും കേരള സ്റ്റാർട്ടപ്പ് മിഷനും ഒപ്പുവെച്ച ഈ കരാർ സംസ്ഥാനത്തിന്റെ വ്യവസായ-തൊഴിൽ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. കേരളത്തിൽ 300 പുതിയ 'ഡീപ് ടെക്' സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ ഇത് വഴിയൊരുക്കും.
നമ്മുടെ നാടിന്റെ സമ്പത്തായ അഭ്യസ്തവിദ്യരായ യുവതി-യുവാക്കൾക്ക് തൊഴിലിനായി സ്വന്തം മണ്ണിൽ തന്നെ അന്താരാഷ്ട്ര നിലവാരമുള്ള അവസരങ്ങൾ ലഭിക്കാൻ ഈ പദ്ധതി സഹായിക്കും. ഈ വലിയ നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും വകുപ്പുകൾക്കും അഭിനന്ദനങ്ങൾ. ഈ പദ്ധതിക്ക് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നു.












Click it and Unblock the Notifications