'ഗോഡ്സെയാണ് യഥാർത്ഥ നായകൻ..ഗാന്ധി തെറ്റായിരുന്നു'; ഹിന്ദു മഹാസഭ
തൃശ്ശൂർ; നാഥൂറാം വിനായക ഗോഡ്സെ രാജ്യത്തിന്റെ യഥാർത്ഥ നായകനായിരുന്നുവെന്നും രാജ്യത്തിന്റെ ഐക്യവും ഏകത്വവും കാത്ത് സൂക്ഷിക്കാനാണ് ഗോഡ്സെ ഗാന്ധിയെ വധിച്ചതെന്നും ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ മുന്നാകുമാർ ശർമ. തൃശ്ശൂർ പ്രസ്ക്ലബിൽ വാർത്താസമ്മേളനത്തിലാണ് ശർമ്മയുടെ പ്രതികരണം .സവർക്കർ സ്വാതന്ത്ര്യ സമര സേനാനിയാണെന്നും മറിച്ചുള്ള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും ശർമ പറഞ്ഞു.

'നാഥുറാം വിനായക് ഗോഡ്സെ ആർ എസ് എസിന്റേയും ഹിന്ദു മഹാസഭയുടേയും അംഗങ്ങളായിരുന്നു. ആർ എസ് എസ് പറയുന്നത് ഗോഡ്സെ ഞങ്ങളുടെ സംഘടനയിൽ ഉണ്ടായിരുന്ന ആളല്ല എന്നാണ്. എന്നാൽ അദ്ദേഹം ഹിന്ദു മഹാസഭയുടെ അംഗമായിരുന്നുവെന്ന് ഞങ്ങൾ അഭിമാനത്തോടെ പറയുന്നു. ഞങ്ങൾ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. കാരണം രാജ്യത്തിന്റെ ഐക്യവും ഏകതയും കാത്തുസൂക്ഷിക്കാൻ ആണ് ഗോഡ്സെ ഗാന്ധിയെ വധിച്ചത്. ഗാന്ധി ഒരു തെറ്റായിരുന്നു, ഗോഡ്സെയാണ് ശരി. രാഷ്ട്രത്തെ ഇന്ത്യയും പാകിസ്ഥാനുമായി വിഭജിക്കുകയാണ് ഗാന്ധിയും നെഹ്റുവും ചെയ്തത്. ഗാന്ധി ഉണ്ടായിരുന്നെങ്കിൽ രാജ്യം പിന്നീടും പലതായി വിഭജിക്കപ്പെട്ടേനെ, ശർമ പറഞ്ഞു.
സവര്‍ക്കര്‍ സ്വാതന്ത്ര്യസമര സേനാനിയാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. സവര്‍ക്കറുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഒരുലക്ഷം കുടകളും നോട്ട്ബുക്കുകളും ബാഗുകളും സംസ്ഥാന വ്യാപകമായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ഥ ജിഹാദുമായി മുസ്ലിംകള്‍ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കൊല്ലുകയാണ്. ഇതിനെതിരെ ഹിന്ദു മഹാസഭ പ്രതിരോധം തീര്‍ക്കും. ലവ് ജിഹാദ് ഇല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍ തെറ്റാണെന്നും ശർമ്മ ആരോപിച്ചു.
കേരളത്തില്‍ ലവ് ജിഹാദ് ഇപ്പോഴും തുടരുകയാണ്. രാജ്യാന്തര പ്രസ്ഥാനങ്ങളുടെ സഹായത്തോടെ ഹിന്ദു പെണ്‍കുട്ടികളെ പ്രണയിച്ച് മതം മാറ്റിക്കൊണ്ടിരിക്കുകയാണ്. ലവ് ജിഹാദ് വിഷയത്തിലടക്കം കേരള സര്‍ക്കാര്‍ കൃത്യമായ നടപടിയെടുക്കണം. ഇതര സംസ്ഥാനങ്ങളില്‍ നിയമം മൂലം ഗോഹത്യ നിരോധിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത് വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ ഇടപെട്ട് നിയമം പാസാക്കിയല്ലാതെ ഇതിന് അറുതി വരുത്താൻ സാധിക്കില്ലെന്നും ശർമ്മ പറഞ്ഞു.












Click it and Unblock the Notifications