സുഭാഷ് വാസുവിന്റെ ആ ലക്ഷ്യമൊന്നും നടക്കാന്‍ പോകുന്നില്ല; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഗോകുലം ഗോപാലന്‍
ആലപ്പുഴ: എസ് എന്‍ ഡി പി (ശ്രീനാരായണ ധര്‍മ പരിപാലന യോഗം) ഔദ്യോഗിക വിഭാഗത്തിലേക്ക് മടങ്ങിപ്പോയി തനിക്കെതിരെ ആരോപണമുന്നയിച്ച സുഭാഷ് വാസുവിനെതിരെ ഗോകുലം ഗോപാലന്‍. സുഭാഷ് വാസുവിന് ഏകാധിപത്യ സ്വഭാവമാണെന്നും കട്ടച്ചിറ എന്‍ജിനീയറിങ് കോളേജ് ഏറ്റെടുത്ത ശേഷം കണ്ടത് സുഭാഷ് വാസുവിന്റെ ധാര്‍ഷ്ട്യമാണെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. കോളേജിന് സാമ്പത്തിക അച്ചടക്കമുണ്ടായിരുന്നില്ലെന്നും ഗോകുലം ഗോപാലന്‍ ആരോപിച്ചു. ഈ രീതിയില്‍ മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമാക്കിയതോടെയാണ് സുഭാഷ് വാസുവുമായി തര്‍ക്കം തുടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.
കോളേജ് ഭരണ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും സുഭാഷ് വാസുവിനെതിരെയാണെന്നും ഭരണം തിരിച്ച് പിടിക്കുക എന്ന സുഭാഷ് വാസുവിന്റെ ലക്ഷ്യം നടക്കില്ലെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. സുഭാഷ് വാസു സ്വേച്ഛാധിപതിയെ പോലെ കോളജുകളെ ഭരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നടപടിയെടുക്കാന്‍ ഗവേണിംഗ് ബോഡി തീരുമാനിച്ചതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. ഗുരുദേവന്റെ ട്രസ്റ്റിലുള്ള കോളജ് ഒരിക്കലും ഡാമേജ് ആകരുതെന്ന് പറഞ്ഞപ്പോള്‍, അത് നല്ല രീതിയില്‍ കൊണ്ടുപോകണമെന്ന ആഗ്രഹം ഉണ്ടായി. കോളജിന്റെ ബാങ്ക് ജപ്തി ഒഴിവാക്കി, പണം കെട്ടി, നല്ല ഗവേണിംഗ് ബോഡിയെ നിയമിച്ച് സുഭാഷ് വാസുവിനെ കോളജ് സെക്രട്ടറിയാക്കിയെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

എന്നാല്‍ സുഭാഷ് വാസു സ്വന്തമായി തീരുമാനമെടുക്കുകയും അത് മറ്റെല്ലാവരും അനുസരിക്കണം എന്ന നിലപാട് സ്വീകരിക്കുകയും ചെയ്‌തെന്നും സുഭാഷ് വാസു കുറ്റപ്പെടുത്തി. തനിക്ക് കോളെജുകള്‍ പിടിച്ചെടുക്കേണ്ട കാര്യമില്ലെന്നും സാമ്പത്തിക ബാധ്യത മുലം ബുദ്ധിമുട്ടിയ കോളജിനെ സംരക്ഷിക്കുകയാണ് ചെയ്തതെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. കോളജിന്റെ പേര് മാറ്റിയത് മാനേജ്മെന്റിന്റെ അഭിപ്രായപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി. മഹാഗുരു എന്ന സ്ഥാപനത്തെ വിദ്യാഭ്യാസ രംഗത്തെ ഹബ്ബാക്കി മാറ്റുമെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഗോകുലം ഗോപാലനെതിരെ രൂക്ഷമായ വിമര്‍ശനവും ഗുരുതര ആരോപണവും ഉന്നയിച്ച് സുഭാഷ് വാസു രംഗത്തെത്തിയത്. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് വെള്ളാപ്പള്ളി നടേശനുമായി തെറ്റിപ്പിരിഞ്ഞ സുഭാഷ് വാസു സകലതും ഏറ്റു പറഞ്ഞാണ് തിരിച്ചെത്തിയത്. ഒന്നര വര്‍ഷം മുന്‍പായിരുന്നു വെള്ളാപ്പള്ളിയുടെ വിശ്വസ്തനായ സുഭാഷ് വാസു ഔദ്യോഗിക വിഭാഗത്തില്‍ നിന്ന് തെറ്റിപ്പിരിഞ്ഞത്. ഇതിന് പിന്നാലെ വെള്ളാപ്പള്ളിയ്ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് സുഭാഷ് വാസു ഉന്നയിച്ചത്. എന്നാല്‍ ഗോകുലം ഗോപാലന്‍ പറഞ്ഞിട്ടാണ് താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നാണ് സുഭാഷ് വാസു ഇപ്പോള്‍ പറയുന്നത്.

കട്ടച്ചിറ എന്‍ജിനീയറിങ് കോളേജിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറ്റെടുക്കാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് ഗോകുലം ഗോപാലന്‍ പറ്റിച്ചു എന്നാണ് സുഭാഷ് വാസു പറയുന്നത്. രക്ഷകനായി എത്തിയ ഗോകുലം ഗോപാലന്‍ കാലനായെന്നും സുഭാഷ് വാസു ആരോപിച്ചിരുന്നു. ഇനിയുള്ള കാലം വെള്ളാപ്പള്ളി നടേശനൊപ്പം ഒന്നിച്ചുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തല്‍ക്കാലം സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ഇല്ലെന്നും എന്നാല്‍ കട്ടച്ചിറ എന്‍ജിനീയറിങ് കോളേജിന്റെ ഭരണം പിടിക്കലാണ് ആദ്യ ലക്ഷ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ് എന്‍ ഡി പിയെ നയിക്കേണ്ടത് വെള്ളാപ്പള്ളി നടേശനാണ്. ഗോകുലം ഗോപാലന്‍ നയിച്ചാല്‍ എസ് എന്‍ ഡി പിക്ക് മുകളില്‍ ഗോകുലം എന്ന് പേരുവെക്കുമെന്നും സുഭാഷ് വാസു പറഞ്ഞിരുന്നു.

അടുത്തിടെയാണ് സുഭാഷ് വാസുവിനെ അടുത്തിടെയാണ് ഗോകുലം ഗോപാലനും കൂട്ടരും പുറത്താക്കിയത്. ഗോകുലം ഗോപാലന്‍ ചെയര്‍മാനായ ട്രസ്റ്റിന്റെ ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതിനാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ സസ്പെന്‍ഡ് ചെയ്തത്. വേലഞ്ചിറ സുകുമാരനെയാണ്, സുഭാഷ് വാസുവിന് പകരം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.












Click it and Unblock the Notifications