സ്വര്‍ണം വേണ്ട, പഴയ ആഭരണം വിറ്റ് പണമാക്കുന്നു; വില ഇനിയും കുറഞ്ഞേക്കും, ജ്വല്ലറികള്‍ക്ക് തിരിച്ചടി
സ്വര്‍ണവിപണി പുതിയ പ്രതിസന്ധി നേരിടുന്നു. സ്വര്‍ണവില കുതിച്ചുയര്‍ന്ന് പരിധി വിട്ടതോടെ ആഭരണം വാങ്ങാന്‍ ആളുകള്‍ കുറഞ്ഞു. ഈ വര്‍ഷം മൂന്ന് മാസം തികയുന്നതിന് മുമ്പ് തന്നെ 15 ശതമാനം വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ആവശ്യം ഇനിയും കുറയുമെന്ന് വിദഗ്ധര്‍ പറയുന്നു.
ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെ പശ്ചിമേഷ്യയിലും ചൈനയിലും സ്വര്‍ണത്തിന് ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. ഇന്ത്യയിലും ഇതേ സ്ഥിതി തുടരുകയാണ്. വിവാഹ ആവശ്യത്തിന് ആഭരണം വാങ്ങുന്നവര്‍ പഴയ സ്വര്‍ണം മാറ്റിയെടുക്കാനാണ് ശ്രമിക്കുന്നത്. സ്വര്‍ണവിപണി നേരിടുന്ന വെല്ലുവിളി ചെറുതല്ല. വാങ്ങാന്‍ വരുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ പഴയ സ്വര്‍ണം വില്‍ക്കാനാണ് ജ്വല്ലറികളില്‍ എത്തുന്നത്.

സ്വര്‍ണവില എക്കാലത്തെയും ചരിത്ര കുതിപ്പാണ് അടുത്തിടെ നടത്തിയത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3000 ഡോളര്‍ പിന്നിട്ടു. ഇന്ത്യയില്‍ പവന്‍ വില 66000 രൂപയും കടന്നു. ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി എന്ന് കണ്ടാണ് ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗം പഴയ സ്വര്‍ണം വിറ്റ് പണമാക്കുന്നത്. ഈ അവസരം ഇനി കിട്ടില്ലെന്നും ചിലര്‍ കരുതുന്നു.
പഴയ ആഭരണങ്ങള്‍ മാത്രമല്ല, കോയിനുകള്‍, ബാറുകള്‍ എന്നിവയെല്ലാം വില്‍ക്കാനെത്തുന്നവര്‍ കൂടിയിട്ടുണ്ട്. ഇത് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ അളവ് കൂട്ടിയേക്കും. സ്വര്‍ണം ഇറക്കുമതി വരുംമാസങ്ങളില്‍ കുറയാനും സാധ്യതയേറി. പശ്ചിമേഷ്യ, ചൈന, ഇന്ത്യ എന്നീ മാര്‍ക്കറ്റുകളില്‍ ഇറക്കുമതി കുറഞ്ഞാല്‍ സ്വര്‍ണവില കുറയാന്‍ വഴിയൊരുങ്ങും.
സ്വര്‍ണ വിപണിയില്‍ ട്രെന്‍ഡ് ഇങ്ങനെ
മാര്‍ച്ച് 14നാണ് ഔണ്‍സ് സ്വര്‍ണത്തിന് 3000 ഡോളര്‍ പിന്നിട്ടത്. ഈ വര്‍ഷം മാത്രം 15 ശതമാനം വില കൂടി. അന്തര്‍ദേശീയ രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരത സ്വര്‍ണവില കൂടാന്‍ കാരണമായിട്ടുണ്ട്. 2024ല്‍ 26 ശതമാനമാണ് സ്വര്‍ണവില കൂടിയത്. വില കൂടിയതോടെ ജ്വല്ലറി വ്യാപാരികളാണ് പ്രതിസന്ധിയിലായത്. ആഭരണ വിപണി ക്ഷീണിക്കുകയാണ്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കേന്ദ്രം സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറച്ചത് വിപണിക്ക് ഉണര്‍വേകിയിരുന്നു. എന്നാല്‍ സ്വര്‍ണവില വീണ്ടും കുതിച്ചതോടെ തിരിച്ചടിയായി. പഴയ സ്വര്‍ണത്തിനെല്ലാം മൂല്യമേറിയ സാഹചര്യമായി. ഇതോടെ ആഭരണം ധരിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ഭയവും ജനിച്ചു. ഇറക്കുമതി നികുതി കുറച്ച ശേഷം ഇന്ത്യയില്‍ 32 ശതമാനമാണ് സ്വര്‍ണവില കൂടിയത്. 10 ഗ്രാമിന് 89796 രൂപ വരെ എത്തി.
ഇതേ രീതിയില്‍ ഉയര്‍ന്ന വിലയില്‍ സ്വര്‍ണം തുടര്‍ന്നാല്‍ ഈ വര്‍ഷം 30 ശതമാനം ആവശ്യം കുറഞ്ഞേക്കുമെന്ന് ഇന്ത്യ ബുള്ള്യന്‍ ജ്വല്ലേഴ്‌സ് അസോസിയേഷന്‍ (ഐബിജെഎ) പ്രസിഡന്റ് പൃഥ്വിരാജ് കോതാരി പറഞ്ഞു. ഇന്ത്യയില്‍ വിവാഹ സീസണ്‍ ആണെങ്കിലും പുതിയ സ്വര്‍ണത്തിന് ആവശ്യക്കാരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മിക്കവരും പഴയ സ്വര്‍ണം മാറ്റി വാങ്ങി ഉപയോഗിക്കുകയാണ്.
ലോകത്തെ പ്രധാന സ്വര്‍ണവിപണികളാണ് ദുബായിലെതും മുംബൈയിലേതും. രണ്ടിടത്തും സ്വര്‍ണത്തിന്റെ ആവശ്യക്കാര്‍ കുറഞ്ഞിട്ടുണ്ട്. ഇത് ഇറക്കുമതി കുറയ്ക്കുമെന്നാണ് കരുതുന്നത്. യുഎഇയില്‍ സ്വര്‍ണത്തിന്റെ 60 ശതമാനം ആവശ്യവും ആഭരണത്തിന് വേണ്ടിയണ്. വില കൂടിയതോടെ 18 കാരറ്റിലേക്ക് ആളുകള്‍ തിരിഞ്ഞിട്ടുണ്ടെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പശ്ചിമേഷ്യ മേധാവി ആന്‍ഡ്രൂ നെയ്‌ലര്‍ പറഞ്ഞു. കേരള വിപണിയിലും 14, 18 കാരറ്റുകളിലെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ കൂടി വരികയാണ്.












Click it and Unblock the Notifications