അര്‍ജുന്‍ ആയങ്കിയെ പൂനെയില്‍ നിന്ന് പൊക്കി പൊലീസ്; അറസ്റ്റ് വ്യാപാരിയില്‍ നിന്ന് 75 പവന്‍ കവര്‍ന്ന കേസില്‍
പാലക്കാട്: സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയ സംഭവത്തില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍. തിങ്കളാഴ്ച പുലര്‍ച്ചെ പൂനയില്‍ നിന്ന് പാലക്കാട് മീനാക്ഷിപുരം പൊലീസ് ആണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. മീനാക്ഷിപുരത്തുള്ള വ്യാപാരിയില്‍ നിന്ന് 75 പവന്‍ സ്വര്‍ണവും മൂവായിരം രൂപയും മൊബൈല്‍ ഫോണും അര്‍ജുന്‍ ആയങ്കിയും സംഘവും തട്ടിയെടുത്തു എന്നാണ് കേസ്.
കവര്‍ച്ചക്ക് ശേഷം സ്വര്‍ണം വീതം വെച്ച് സംഘം വ്യത്യസ്ത സ്ഥലങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു. അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്തായ അനീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് 26 നാണ് തൃശ്ശൂരിലേക്ക് വരുന്ന സ്വര്‍ണവ്യാപാരിയെ അര്‍ജുന്‍ ആയങ്കിയും സംഘവും തട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തിയത്. സംഭവത്തിന്റെ മുഖ്യസൂത്രധാരനാണ് അര്‍ജുന്‍ ആയങ്കി എന്നാണ് പൊലീസ് പറയുന്നത്.

പാലക്കാട് മീനാക്ഷിപുരം സൂര്യപാറയില്‍ വെച്ചായിരുന്നു സംഭവം. തൃശൂര്‍ പുതുക്കാട് സ്വദേശി റാഫേലിനെയാണ് അര്‍ജുന്‍ ആയങ്കിയും സംഘവും തട്ടിക്കൊണ്ട് പോയി കവര്‍ച്ച നടത്തിയത്. റാഫേലിന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തമിഴ്‌നാട് മധുക്കരയിലെ ജ്വല്ലറിയില്‍ പ്രദര്‍ശിപ്പിക്കാനായി സ്വര്‍ണം കൊണ്ടുപോയി തിരികെ സ്വകാര്യ ബസില്‍ മടങ്ങവെയാണ് റാഫേല്‍ ആക്രമിക്കപ്പെട്ടത്.
കാറിലെത്തിയ സംഘം ബസ് തടഞ്ഞ് റാഫേലിനെ പിടിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. പിന്നീട് തമിഴ്‌നാട് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് റാഫേലിനെ കൊണ്ടുപോയി മര്‍ദ്ദിക്കുകയും 75 പവന്‍ സ്വര്‍ണവും പണവും മൊബൈല്‍ ഫോണും തട്ടിയെടുക്കുകയുമായിരുന്നു. കേസില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ 11 പേര്‍ പിടിയിലായിരുന്നു. പിടിയിലായവരില്‍ ഭൂരിഭാഗം പേരും സി പി എം പ്രവര്‍ത്തകരായിരുന്നു.
കണ്ണൂര്‍ അഴീക്കോട് കപ്പക്കടവ് സ്വദേശിയാണ് അര്‍ജുന്‍ ആയങ്കി. സമാന സ്വഭാവമുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇദ്ദേഹം. പ്രമാദമായ 2021-ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസിലും അര്‍ജുന്‍ ആയങ്കിയ്ക്ക് ബന്ധമുണ്ടായിരുന്നു. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയാണ് അര്‍ജുന്‍ ആയങ്കി.
മാസങ്ങള്‍ക്ക് മുന്‍പ് അര്‍ജുന്‍ ആയങ്കിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമല രംഗത്തെത്തിയിരുന്നു. അര്‍ജുന്‍ ആയങ്കിയും കുടുംബവും തന്നെ പീഡിപ്പിക്കുകയാണെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് കാരണം അര്‍ജുന്‍ ആയങ്കിയുടെ കുടുംബമാണെന്നും അമല പറഞ്ഞിരുന്നു. പൊലീസ് സംരക്ഷണയിലാണ് താനെന്നും അമല പറഞ്ഞിരുന്നു.












Click it and Unblock the Notifications