സ്വര്‍ണം വെട്ടിത്തിളങ്ങും; വില കുതിച്ചുകയറും... എണ്ണ വെട്ടിക്കുറച്ച് ഒപെക്, നടുവൊടിയും
കൊച്ചി: സ്വര്‍ണത്തിന് ഇന്ന് നേരിയ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ സാഹചര്യം മാറിയേക്കും. എണ്ണവില കൂടാന്‍ സാധ്യതയുള്ള സാഹചര്യത്തിലാണ് ഈ മാറ്റം പ്രതീക്ഷിക്കുന്നത്. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്, എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു. എട്ട് ശതമാനം കുറവാണ് ഉല്‍പ്പാദനത്തില്‍ വരുത്തുന്നത്. ഇതോടെ എണ്ണ വില ഉയരുമെന്ന് ഉറപ്പാണ്.
പ്രതിദിന എണ്ണ ഉല്‍പ്പാദനത്തില്‍ 11.6 ലക്ഷം ബാരലിന്റെ കുറവാണ് ഒപെക് രാജ്യങ്ങളും മറ്റു എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും ചേര്‍ന്ന് വരുത്തിയിരിക്കുന്നത്. ബ്രെന്‍ഡ് ക്രൂഡിന് 83.95 ഡോളറും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡിന് 79.59 ഡോളറുമാണ് പുതിയ വില. ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ 5 ശതമാനം വര്‍ധനവുണ്ടായി. ഡബ്ല്യുടിഐയില്‍ 5.17 ശതമാനത്തിന്റെ വില വര്‍ധനവുമുണ്ടായി.

അപ്രതീക്ഷിതമായിട്ടാണ് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചത്. ഞായറാഴ്ചയായിരുന്നു ഈ പ്രഖ്യാപനം. തിങ്കളാഴ്ച വിപണി സജീവമായ വേളയില്‍ തന്നെ വില കുതിച്ചു. മെയ് മുതല്‍ ഈ വര്‍ഷം അവസാനം വരെയാണ് ഉല്‍പ്പാദനം വെട്ടിക്കുറച്ചിരിക്കുന്നത്. ഇങ്ങനെ സംഭവിച്ചാല്‍ എണ്ണവില ഉയരുമെന്ന് ഉറപ്പാണ്. ആനുപാതികമായി അവശ്യവസ്തുക്കളുടെ വില ഉയരുകയും ചെയ്യും.
എണ്ണ ഉല്‍പ്പാദനം കുറയുകയും വില കൂടുകയും ചെയ്താല്‍ പണപ്പെരുപ്പമുണ്ടാകുമെന്ന് വിപണി നിരീക്ഷകര്‍ ഭയപ്പെടുന്നു. ഇത് സാമ്പത്തിക പ്രതിസന്ധിയുടെ സൂചന നല്‍കുന്നതാണ്. ഇങ്ങനെ സംഭവിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക്് ആശങ്ക വര്‍ധിക്കും. സ്വാഭാവികമായും അവര്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് തിരിയും. ഇതോടെ സ്വര്‍ണവില കുത്തനെ ഉയരും. നിലവില്‍ സ്വര്‍ണത്തിന് 44000ത്തിന് അടുത്താണ് വില.
സൗദി അറേബ്യ നേതൃത്വം നല്‍കുന്ന എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. ഈ കൂട്ടായ്മയില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളും എണ്ണ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് റഷ്യയാണ്. സൗദിയും റഷ്യയുമാണ് എണ്ണ ഉല്‍പ്പാദനവും വിലയും നിശ്ചയിക്കുന്നതില്‍ പ്രധാനികള്‍ എന്ന് പറയാം. എണ്ണവില കുത്തനെ കുറയുന്നത് തടയുകയാണ് ഇവരുടെ ലക്ഷ്യം. അതിനാണ് ഉല്‍പ്പാദനം വെട്ടിക്കുറച്ചിരിക്കുന്നത്.

റഷ്യയാണ് ആദ്യം എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. പ്രതിദിനം അഞ്ച് ലക്ഷം ബാരല്‍ ഉല്‍പ്പാദനം കുറയ്ക്കുമെന്നാണ് റഷ്യ അറിയിച്ചത്. തുടര്‍ന്ന് സൗദിയും സമാനമായ അളവില്‍ ഉല്‍പ്പാദനം കുറയ്ക്കുകയാണ് എന്ന് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ യുഎഇ 1.44 ലക്ഷം ബാരല്‍ ഉല്‍പ്പാദനം കുറയ്ക്കുമെന്നും അറിയിച്ചു. കുവൈത്ത്, ഒമാന്‍, ഇറാഖ്, അല്‍ജീരിയ, കസാക്കിസ്താന്‍ എന്നീ രാജ്യങ്ങളും ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു.
എണ്ണ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് ഒപെകിന്റെ തീരുമാനം. ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ് പതിവ്. ഇറക്കുമതി എണ്ണയ്ക്ക് വില കൂടിയാല്‍ ഇന്ത്യയിലെ എണ്ണ കമ്പനികള്‍ സ്വാഭാവികമായും വില ഉയര്‍ത്തും. ഇങ്ങനെ സംഭവിച്ചാല്‍ അവശ്യ വസ്തുക്കളുടെ വിലയും ഉയരും. ഇതോടെ സാധാരണക്കാരുടെ ജീവിത ഭാരം ഇരട്ടിയാകും.
ഇന്ത്യ ഏറെ കാലം എണ്ണ കൂടുതല്‍ ഇറക്കുമതി ചെയ്തിരുന്നത് സൗദിയില്‍ നിന്നായിരുന്നു. പിന്നീട് ഇറാഖില്‍ നിന്നായി. ഇപ്പോള്‍ റഷ്യയില്‍ നിന്നാണ് കൂടുതല്‍ ഇറക്കുന്നത്. റഷ്യ വലിയ തോതില്‍ വില കുറച്ച് നല്‍കുന്നതാണ് ആ രാജ്യത്തെ കൂടുതല്‍ ആശ്രയിക്കാന്‍ കാരണം. ഈ ഘട്ടത്തിലാണ് റഷ്യയും സൗദിയുമെല്ലാം ചേര്‍ന്ന് ഉല്‍പ്പാദനം കുറച്ചിരിക്കുന്നത്. ഇത് ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടിയാകും.
എണ്ണ ബാരലിന് 100 ഡോളര്‍ എന്ന നിലയിലേക്ക് എത്തിക്കുകയാണ് ഒപെകിന്റെ ലക്ഷ്യം. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ അവര്‍ക്ക് ലാഭം കൊയ്യാന്‍ സാധിക്കൂ. എന്നാല്‍ നിലിവിലെ വര്‍ധനവ് കാരണം ബാരലിന് 90 ഡോളര്‍ വരെ എത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ കേരളത്തില്‍ സ്വര്‍ണവില 43800ന് അടുത്താണ്. കഴിഞ്ഞ ദിവസം 44000 ആയിരുന്നു. ഇന്ന് നേരിയ കുറവ് സംഭവിച്ചു. എണ്ണ വിലയിലെ മാറ്റം സ്വര്‍ണത്തെയും ബാധിച്ചേക്കും. ഇതോടെ സ്വര്‍ണം വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക് പോകാനുള്ള സാധ്യതയുമുണ്ട്.












Click it and Unblock the Notifications