സ്വര്‍ണ വില ഇന്നും കുറഞ്ഞു; സ്വര്‍ണം വാങ്ങുന്നവര്‍ ചെയ്യേണ്ടത് ഇതാണ്, ഇന്നത്തെ പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയരാന്‍ തുടങ്ങിയിരിക്കെയാണ് കേരളത്തില്‍ കുറഞ്ഞിരിക്കുന്നത്. സാധാരണ അന്തര്‍ദേശീയ വിപണിയില്‍ വില കൂടുമ്പോള്‍ കേരളത്തിലും ഉയരേണ്ടതാണ്. പുതിയ സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ കേരളത്തിലും സ്വര്‍ണവില ഉയര്‍ന്നേക്കും. കേരളത്തില്‍ റെക്കോര്‍ഡ് വിലയിലെത്തിയ സ്വര്‍ണം ഇന്ന് 70000ത്തിന് താഴെക്ക് വീണു.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഉയരാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞിട്ടുണ്ട്. ഡോളര്‍ നിരക്ക് കുത്തനെ ഇടിഞ്ഞിരിക്കുകയുമാണ്. ഇന്ത്യന്‍ രൂപ അല്‍പ്പം മെച്ചപ്പെട്ടത് ആശ്വാസമായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച ചുങ്കപ്പോര് ഡോളറിന്റെ വിശ്വാസ്യത തകര്‍ത്തിരിക്കുകയാണ്. സ്വര്‍ണവില കുറഞ്ഞെങ്കിലും കേരളത്തില്‍ ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല.

22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8720 രൂപയാണ് ഇന്ന് കേരളത്തില്‍ നല്‍കേണ്ടത്. 35 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 280 രൂപ താഴ്ന്ന് 69760 രൂപയിലെത്തി. തിങ്കളാഴ്ച 120 രൂപ കുറഞ്ഞിരുന്നു. അതായത്, രണ്ട് ദിവസങ്ങളിലായി 400 രൂപയാണ് പവന് കുറഞ്ഞത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 7180 രൂപയായി. വെള്ളി ഗ്രാമിന് 107 രൂപയില്‍ തുടരുന്നു.
ഇന്ന് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ സൂചിപ്പിക്കാം. 24, 22, 18, 14 കാരറ്റുകളിലാണ് സ്വര്‍ണം വില്‍ക്കുന്നത്. 24 കാരറ്റില്‍ തങ്കമാണ് ലഭിക്കുക. ബാര്‍ ആയും കോയിന്‍ ആയും ഇവ കിട്ടും. വില്‍ക്കുന്ന സമയം വലിയ നഷ്ടമില്ലാതെ പണമാക്കി മാറ്റാനും സാധിക്കും. അതേസമയം, 22 കാരറ്റില്‍ ആഭരണങ്ങളും കോയിനുമാണ് ലഭിക്കുക.
ആഭരണം വാങ്ങുന്നത് നഷ്ടമാണ്
ഇത്രയും വില കൂടിയ വേളയില്‍ ആഭരണം വാങ്ങുന്നത് നഷ്ടമാണ്. കാരണം, പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവ കൂടി സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ നല്‍കണം. ഈ ആഭരണം വില്‍ക്കുമ്പോള്‍ ഇവയെല്ലാം നഷ്ടമാകുകയും ചെയ്യും. 22 കാരറ്റിനേക്കാള്‍ 12000 രൂപയോളം കുറവാണ് 18 കാരറ്റിലെ ആഭരണങ്ങള്‍ക്ക്. ഇതിനേക്കാള്‍ 8000 രൂപയോളം കുറവാണ് 14 കാരറ്റിന്.
വില കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ ആഭരണ വില്‍പ്പന കുറഞ്ഞിട്ടുണ്ട്. ജ്വല്ലറികള്‍ ഈ പ്രതിസന്ധി നേരിടുകയും ചെയ്യുന്നു. വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് സ്വര്‍ണം എടുക്കുന്നവര്‍ പഴയ ആഭരണങ്ങള്‍ പുതുക്കി വാങ്ങുകയാണ് പലരും ചെയ്യുന്നത്. പഴയ ആഭരണം കൊടുത്ത് പുതിയത് വാങ്ങുമ്പോഴും നഷ്ടം വരും. വീണ്ടും പണം കൂട്ടിച്ചേര്‍ത്തു വേണം ആഭരണം വാങ്ങാന്‍.
അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3227 ഡോളറാണ് പുതിയ വില. വിപണിയില്‍ അസ്ഥിരത നില്‍ക്കുന്നതിനാല്‍ പല രാജ്യങ്ങളും നിക്ഷേപകരും വന്‍തോതില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ കേരള വിപണിയിലും വില കൂടിയേക്കും. ഡോളര്‍ സൂചിക 100ന് താഴെയാണ്. ഇന്ത്യന്‍ രൂപയുടെ മൂല്യം 85.72 ആയി. ക്രൂഡ് ഓയില്‍ വില 65 ഡോളര്‍ ആയി ഉയര്‍ന്നു.
ബ്രെന്റ് ക്രൂഡ് ബാരലിന്റെ വിലയാണ് 65 ഡോളര്‍ പിന്നിട്ടത്. അമേരിക്കയുടെ ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 61 ഡോളറാണ്. യുഎഇയുടെ മര്‍ബണ്‍ ക്രൂഡിന് 66 ഡോളറും. ക്രൂഡ് വില നേരത്തെ 80 ഡോളറിന് മുകളിലായിരുന്നു. ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചതും അമേരിക്കയുടെ വ്യാപാര നയവുമാണ് വില പൊടുന്നനെ താഴ്ത്തിയത്.
ക്രൂഡ് വില കുറയുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ലതാണ്. കാരണം ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. മാത്രമല്ല, സൗദി അറേബ്യ ഏഷ്യയിലേക്ക് നല്‍കുന്ന ക്രൂഡിന്റെ വില കുറയ്ക്കാന്‍ തീരുമാനിച്ചതും ഇന്ത്യയ്ക്ക് നേട്ടമാണ്. റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും എണ്ണ വാങ്ങുന്നത്.












Click it and Unblock the Notifications