ആഭരണ പ്രേമികളേ അർമാദിപ്പിൻ..! സ്വർണവിലയിൽ വീണ്ടും കുറവ്, 70,000ന് താഴെ എത്തുമോ? പവൻ വില അറിയാം
കൊച്ചി: തുടർച്ചയായ രണ്ടാം ദിനവും കേരളത്തിലെ സ്വർണവിലയിൽ കുറവ് രേഖെപ്പെടുത്തി. ഇന്നലെ കുറഞ്ഞതിന്റെ അത്രയും തീവ്രമല്ലെങ്കിലും ഇടിവിനെ ലക്ഷണങ്ങൾ കണ്ടതോടെ ആഭരണപ്രേമികൾ ആശ്വാസത്തിലാണ്. തൽസ്ഥിതി തുടർന്നാൽ വരും ദിനങ്ങളിൽ വില 70000 രൂപ എന്ന മാർക്കിന് താഴേക്ക് പോവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ വിലക്കുറവും പ്രതീക്ഷ നൽകുന്നതാണ്.
വിവാഹാവശ്യങ്ങള്‍ക്കും കൂടുതൽ സ്വര്‍ണം വാങ്ങാനിരിക്കുന്നവര്‍ക്കും ആശ്വാസമായാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയിൽ ഇടിവുണ്ടായിരിക്കുന്നത്. രാജ്യാന്തര സ്വര്‍ണ വില ഒരാഴ്‌ചത്തെ താഴ്ന്ന നിലവാരത്തില്‍ നിന്നും തിരിച്ചുകയറിയത് ഇവിടുത്തെ വിലയെ സ്വാധീനിച്ചുവെന്നാണ് കരുതുന്നത്. കൂടാതെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും നേരിയ തോതിലുള്ള വിലക്കുറവിലേക്ക് വഴിയൊരുക്കിയെന്നാണ് കരുതുന്നത്.

കേരളത്തിൽ ഇന്നത്തെ നിരക്ക് അനുസരിച്ച ഒരു പവൻ സ്വർണത്തിന് 70,040 രൂപയാണ് വില. അതായത് കഴിഞ്ഞ ദിവസത്തേക്കാളും പവൻ നിരക്കിൽ 80 രൂപയുടെ ഇടിവുണ്ടായെന്ന് സാരം. ഇത് 22 കാരറ്റ് സ്വർണത്തിന്റെ വിലയാണെന്ന് പ്രത്യേകം ഓർക്കണം. ഗ്രാമിന് നിലവിൽ സംസ്ഥാനത്തെ വില 9005 രൂപയാണ്. അതായത് പത്ത് രൂപയുടെ നേരിയ കുറവുണ്ടായെന്ന് അർത്ഥം. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 7410 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയായായും മാറി.
ഏപ്രില്‍ 22 ചൊവ്വാഴ്‌ച സംസ്ഥാനത്തെ സ്വര്‍ണ വില 74,320 രൂപ എന്ന ഉയർന്ന നിലവാരത്തിലേക്ക് എത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കുറയുന്ന കാഴ്‌ചയാണ് കാണാൻ കഴിയുന്നത്. ഇന്നലെ 2200 രൂപ കുറഞ്ഞാണ് 72120 രൂപയിലേക്ക് സ്വര്‍ണ വില എത്തിയത്, കാര്യമായ ഇടിവാണ് ഉണ്ടായതെന്ന് നമുക്ക് മനസിലാക്കാം. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആകെ സ്വർണത്തിന് കുറഞ്ഞത് 2280 രൂപയോളമാണ്.
വിഷുവിന് മുന്നോടിയായി ഏപ്രിൽ 12നാണ് സ്വര്‍ണവില ആദ്യമായി 70,000 എന്ന നാഴികക്കല്ല് മറികടന്നത്. അതിന് ശേഷം തുടർച്ചയായി 10 ദിവസത്തിനിടെ 4000ലധികം രൂപ വര്‍ധിച്ച ശേഷമാണ് സ്വർണത്തിന് ഇന്നലെ മുതല്‍ വില കുറഞ്ഞത്. 17ന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില ആദ്യമായി 71,000 എന്ന നിലവാരം കടന്ന ശേഷം പക്ഷേ പിന്നീട് മുകളിലേക്ക് തന്നെയായിരുന്നു വിലയുടെ പോക്ക്.
ഈ നില തുടരുകയാണെങ്കിൽ മുക്കാൽ ലക്ഷം അഥവാ 75,000 എന്ന നിലവാരം വൈകാതെ തൊടുമെന്ന് പ്രതീക്ഷ സാഹചര്യത്തിലാണ് ഈ പെട്ടന്നുള്ള ഇവിടുണ്ടായിരിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില ഉയരാന്‍ കാരണമായതെന്ന് വിദഗ്‌ധർ പറയുന്നു.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ട്രംപിന്റെ വ്യാപാരയുദ്ധവും താരിഫുമെല്ലാം രാജ്യത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ കൂടി അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കുന്നത്, അതിനാൽ ഇത്തരം ഘടകങ്ങളിലെ മാറ്റം വിലയെ സാരമായി ബാധിക്കും.
വില 70,000 രൂപയിൽ താഴേക്ക് പോവുമോ?
കൂടുതൽ പേരുടെയും ചോദ്യം സ്വർണവില 70,000 രൂപയിൽ താഴേക്ക് എത്തുമോ എന്നാണ്. പ്രത്യേകിച്ച് കേരളത്തിൽ എങ്ങും ഇത് കല്യാണ സീസണാണ്. ജൂണിൽ മൺസൂൺ വരും മുൻപ് ഒട്ടേറെ വിവാഹങ്ങൾ നടക്കാനിരിക്കുന്നു. അതിനാൽ തന്നെ ആഭരണം വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഉയരും. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വില 70,000ത്തിന് താഴേക്ക് പോവാനുള്ള സാധ്യത കുറവാണ്. കുറഞ്ഞാൽ തന്നെയും തിരിച്ചുകയറാണ് സാധ്യതയെന്നും വിദഗ്‌ധർ പറയുന്നു.












Click it and Unblock the Notifications