സ്വര്‍ണം ഉയര്‍ന്ന വിലയില്‍ തന്നെ; ഇന്ന് ആഭരണം വാങ്ങുന്നവര്‍ക്ക് 81000 രൂപ ചെലവ്, അറിയാം പവന്‍ വില
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്ന നിരക്കില്‍ തുടരുന്നു. ആഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന പവന്‍ വിലയാണ് ഇന്ന്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഈ ആഴ്ച ഇന്ത്യന്‍ വിപണിക്ക് വളരെ പ്രാധാന്യമുണ്ട്. പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തുമോ എന്ന് വരുംദിവസങ്ങളില്‍ അറിയാം. മാത്രമല്ല, യുഎസ് ഉയര്‍ന്ന ചുങ്കം ചുമത്തുന്നത് ഏഴാം തിയ്യതി മുതലാണ്.
ഇന്ന് ഡോളര്‍ നിരക്ക് നേരിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. ഒപെക് പ്ലസ് രാജ്യങ്ങള്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടുമെന്ന വിവരം വന്നതോടെയാണ് വില കുറയാന്‍ തുടങ്ങിയത്. അതേസമയം, ഇന്ത്യന്‍ രൂപയ്ക്ക് കാര്യമായ മുന്നേറ്റം നടത്താനായിട്ടില്ല. ക്രൂഡ് വില കുറയുന്നതോടെ രൂപ മെച്ചപ്പെടാനാണ് സാധ്യത.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 74320 രൂപയാണ് വില. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 9290 രൂപയില്‍ തുടരുകയാണ്. 18 കാരറ്റ് ഗ്രാമിന് 7620 രൂപ, 14 കാരറ്റ് ഗ്രാമിന് 5935 രൂപ, 9 കാരറ്റ് ഗ്രാമിന് 3825 രൂപ എന്നിങ്ങനെയാണ് വിവിധ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിന്റെ കേരളത്തിലെ വില. അതേസമയം, വെള്ളി വില മാറ്റമില്ലാതെ ഗ്രാമിന് 120 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.
അതേസമയം, കേരളത്തില്‍ ഒരു വിഭാഗം ജ്വല്ലറിക്കാര്‍ അല്‍പ്പം കൂടിയ നിരക്കില്‍ സ്വര്‍ണം വില്‍ക്കുന്നുണ്ട്. 22 കാരറ്റ് ഒരു പവന് 74360 രൂപയാണ് ഇവരുടെ വില. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത് എന്ന് അവര്‍ പറയുന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3358 ഡോളറാണ്. അതേസമയം, രൂപയുടെ വിനിമയ നിരക്ക് ശക്തിപ്പെടാത്തതാണ് മറ്റൊരു വെല്ലുവിളി.
അമേരിക്കന്‍ ഡോളര്‍ വലിയ മുന്നേറ്റത്തിന് സാധ്യത പ്രകടിപ്പിച്ചെങ്കിലും പിന്നീട് താഴുകയാണ് ചെയ്തത്. പുതിയ സൂചിക നിരക്ക് 98.74 ആണ്. നേരത്തെ 99 കയന്ന് കുതിച്ച ശേഷമാണ് ഇടിഞ്ഞത്. ഡോളര്‍ കരുത്ത് കുറയുമ്പോള്‍ സ്വര്‍ണവില ഉയരാനാണ് സാധ്യത. അതേസമയം, ഇന്ത്യന്‍ രൂപ കരുത്ത് കൂട്ടിയിട്ടില്ല. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 87.33 ആണ്.
ഒരു പവന്‍ ആഭരണത്തിന്റെ വില
കേരളത്തില്‍ ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ പണിക്കൂലിയില്‍ 81000 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. മിക്ക ജ്വല്ലറികളിലും കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. സ്വര്‍ണവില, പണിക്കൂലി എന്നിവ ചേര്‍ത്തുള്ള സംഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടി ഉപഭോക്താവ് നല്‍കണം. കൂടാതെ ഹാള്‍മാര്‍ക്കിങ് ചാര്‍ജും. എല്ലാം കൂടി ചേരുമ്പോള്‍ ഒരു പവന് 81000 എത്തിയേക്കും. ഡിസൈന്‍ കൂടുതലുണ്ടെങ്കില്‍ ആഭരണത്തിന് വീണ്ടും വില കൂടും.
പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് പവന് 72000 രൂപയോ അതിന് മുകളിലോ കിട്ടിയേക്കും. തങ്കത്തിന്റെ വില അടിസ്ഥാനമാക്കിയാണ് പഴയ സ്വര്‍ണത്തിന്റെ വില ജ്വല്ലറികള്‍ കണക്കാക്കുക. സാധാരണ വിപണി വിലയേക്കാള്‍ രണ്ട് മുതല്‍ നാല് ശതമാനം വരെ തുക കുറച്ചാണ് ജ്വല്ലറികള്‍ പഴയ സ്വര്‍ണം തിരിച്ചെടുക്കുന്നത്. ആഭരണം വാങ്ങിയ സമയത്തെ ബില്ല് ഈ ഘട്ടത്തില്‍ ഉപകാരപ്പെടും.












Click it and Unblock the Notifications