സ്വര്‍ണം ഇന്നും വില ഉയര്‍ന്നു; അമേരിക്ക ചൈനയെ വിളിച്ചത് ആശ്വാസം, പവന്‍ വില അറിയാം
കൊച്ചി: കേരളത്തില്‍ ഇന്നലെ 2000 രൂപ ഉയര്‍ന്ന പിന്നാലെ ഇന്നും സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് 400 രൂപയാണ് കൂടിയത്. നിലവിലെ വിപണി സാഹചര്യം അത്ര സുരക്ഷിതമല്ല. അതുകൊണ്ടുതന്നെ കൂടുതല്‍ പേര്‍ സ്വര്‍ണം തേടിയെത്തിയേക്കും. സ്വര്‍ണം സുരക്ഷിതമായ നിക്ഷേപമാണ് എന്ന് മനസിലാക്കിയാണ് ഈ ഒഴുക്കിന് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില ഇനിയും കുതിക്കും.
ഇന്നലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വന്‍ കുതിപ്പ് നടത്തിയിരുന്നു. 3500 ഡോളറിലേക്ക് അടുത്തു. ഇതോടെ കേരള വിപണിയില്‍ സ്വര്‍ണവില വന്‍തോതില്‍ ഉയരുമെന്ന് കരുതിയെങ്കിലും പിന്നീട് ആശ്വാസ വിവരം എത്തി. അമേരിക്കയും ചൈനയും തമ്മിലുള്ള ചര്‍ച്ച ഈ ആഴ്ച സ്വിറ്റ്‌സര്‍ലാന്റില്‍ നടക്കും. ഈ വിവരം വന്നതോടെ സ്വര്‍ണം താഴേക്ക് വീണു. അതുകൊണ്ടുതന്നെ സ്വര്‍ണവില കൂടിയെങ്കിലും ഭീമമായ വര്‍ധനവുണ്ടായില്ല.

പാകിസ്താനില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ വിപണിയില്‍ ആശങ്ക ബാക്കിയാക്കിയിട്ടുണ്ട്. പാകിസ്താന്‍ ആക്രമണത്തിന് മുതിര്‍ന്നാല്‍ കാര്യങ്ങള്‍ കൈവിടും. നേരിട്ടുള്ള യുദ്ധത്തിലേക്ക് എത്തിയേക്കും. നിലവില്‍ ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടത്. പാകിസ്താന്റെ പ്രതികരണം നോക്കിയ ശേഷമാകും ഇന്ത്യന്‍ സൈന്യം അടുത്ത നീക്കം നടത്തുക.
ലോകത്തെ പ്രധാന ആണവ രാജ്യങ്ങള്‍ പോരടിക്കുന്നതാണ് വിപണിക്ക് ആശങ്കയുണ്ടാക്കുന്നത്. പാകിസ്താന്‍ ആക്രമണത്തിന് മുതിരാതെ പിന്മാറിയാല്‍ വിപണിക്ക് പ്രതീക്ഷയേറും. അതേസമയം, ചൈന ഒഴികെയുള്ള ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്ക് ഒപ്പം നില്‍ക്കുന്നതും നേട്ടമാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഇന്ന് പലിശ നയം പ്രഖ്യാപിക്കും. ഇതായിരിക്കും സ്വര്‍ണവില വരുംദിവസങ്ങളില്‍ നിര്‍ണയിക്കുന്ന ഒരു ഘടകം.
ഇന്നത്തെ സ്വര്‍ണവില
ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 72600 രൂപയാണ് വില. 400 രൂപയാണ് കൂടിയത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 9075 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7455 രൂപയുമായി. വെള്ളിയുടെ വില ഗ്രാമിന് 108 എന്ന നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില 3377 ആയി താഴ്ന്നിട്ടുണ്ട്. ഏത് സമയവും ഉയരാമെന്ന സാധ്യതയിലാണ് സ്വര്‍ണമുള്ളത്. അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലെ വില പ്രവചനാതീതമാണ്.
ഡോളര്‍ സൂചിക കഴിഞ്ഞ ദിവസം അല്‍പ്പം മെച്ചപ്പെട്ട് 100ന് മുകളിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് 99ലേക്ക് താഴ്ന്നു. ഡോളര്‍ കരുത്ത് കൂട്ടിയാലേ സ്വര്‍ണം വില കുറയൂ. സ്വിറ്റ്‌സര്‍ലാന്റില്‍ നടക്കാനിരിക്കുന്ന അമേരിക്ക ചൈന വ്യാപാര ചര്‍ച്ച ഉറ്റുനോക്കുകയാണ് ലോകം. ലോകത്തെ ഈ രണ്ട് പ്രധാന രാജ്യങ്ങള്‍ പോരടിച്ചാല്‍ വ്യാപാര മേഖല പ്രതിസന്ധിയിലാകും. ഈ വേളയില്‍ ഭയപ്പെടുന്ന നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നാണ് സ്വര്‍ണവില കൂട്ടുന്നത്.
ഇന്ത്യന്‍ രൂപ മൂല്യമിടിഞ്ഞു
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവിലയുള്ളത്. അതേസമയം, ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞിട്ടുണ്ട്. യുദ്ധം വ്യാപിച്ചാല്‍ ഇന്ത്യന്‍ രൂപ കൂടുതല്‍ ദുര്‍ബലമാകും. നിലവില്‍ ഡോളറിനെതിരെ 84.56 ആണ് രൂപയുടെ നിരക്ക്. ക്രിപ്‌റ്റോ കറന്‍സിയായ ബിറ്റ് കോയിന്‍ വില ഉയര്‍ന്ന് 97000 ഡോളറിലെത്തിയിട്ടുണ്ട്. ഇനിയും ഉയരുമെന്നാണ് സൂചനകള്‍.
ഇന്ത്യയും ബ്രിട്ടനും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പുവച്ചത് ഇന്ത്യന്‍ വിപണിക്ക് നേട്ടമാണ്. അതേസമയം, ക്രൂഡ് ഓയില്‍ വില കൂടി വരുന്നുണ്ട്. ബ്രെന്റ് ക്രൂഡ് ബാരലിന് 62 ഡോളര്‍ പിന്നിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ 60 ഡോളറില്‍ താഴെയായിരുന്നു. യുക്രൈന്‍-റഷ്യ യുദ്ധം വെടിനികര്‍ത്തലിലേക്ക് കടന്നിട്ടുണ്ടെങ്കിലും ഇസ്രായേലിന്റെ ഗാസ ആക്രമണം തുടരുകയാണ്. അതിനിടെയാണ് ഇന്ത്യ പാകിസ്താന്‍ യുദ്ധം. ഈ സാഹചര്യം അവശ്യവസ്തുക്കളുടെ വില കൂട്ടിയേക്കാം. കരിഞ്ചന്ത വില്‍പ്പന വ്യാപിക്കാനും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തും.












Click it and Unblock the Notifications