സ്വർണവില കുത്തനെ കുതിച്ചു; കുറഞ്ഞതിന്റെ ഇരട്ടിയിലേറെ: ആശ്വാസ ദിനങ്ങള്‍ക്ക് വിരാമം
തിരുവനന്തപുരം: സ്വർണ വിലയില്‍ വലിയ രീതിയിലുള്ള ഇടിവാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രേഖപ്പെടുത്തുന്നത്. ആഗോള വിപണിയിലെ വിലയിടിവിന് അനുസൃതമായിട്ടാണ് സംസ്ഥാനത്തും നിരക്ക് താഴേക്ക് പോയത്. തുടർച്ചയായി വില ഇടിഞ്ഞതോടെ കഴിഞ്ഞ ഒരു മാസത്തിന് ഇടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് വരെ വിലയെത്തി. മൂന്ന് ദിവസത്തിനിടെ 900 രൂപ ഇടിഞ്ഞെങ്കിലും ഇന്ന് വലിയ തോതിലുള്ള വർധനവാണ് ആളുകളുടെ പ്രിയപ്പെട്ട മഞ്ഞ ലോഹത്തിനുണ്ടായിരിക്കുന്നത്.
480 രൂപയാണ് ഇന്ന് സംസ്ഥാനത്ത് സ്വർണ വിലയിലുണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്റെ വില 56800 ലേക്ക് ഉയർന്നു. 56320 ആയിരുന്നു കഴിഞ്ഞ ദിവസത്തെ നിരക്ക്. ഗ്രാമിനാകട്ടെ 60 രൂപ വര്‍ധിച്ചതോടെ കഴിഞ്ഞ ദിവസത്തെ നിരക്കായ 7040 ല്‍ നിന്നും വില 7100 ലേക്ക് എത്തി.

22 കാരറ്റിന് സമാനമായ വർധനവ് 24 കാരറ്റിലും 18 കാരറ്റിലും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 77293 രൂപയാണ്. ഗ്രാം വില 7729.3. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2623.18 ഡോളര്‍ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
ഒരു പവന്‍ സ്വർണത്തിന് 57200 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം ആദ്യം സ്വർണ വിപണി ആരംഭിച്ചത്. ഡിസംബർ 10 നാണ് മാസത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 58280 രൂപയായിരുന്നു അന്നത്തെ നിരക്ക്. പതിനൊന്നാം തിയതിയും ഈ നിരക്ക് തുടർന്നു. എന്നാല്‍ തുടർന്നുള്ള ദിവസങ്ങളില്‍ വില വലിയ തോതില്‍ ഇടിയാന്‍ തുടങ്ങി. തുടർച്ചയായ ഇടിവിന് ഒടുവില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 56320 രൂപയാണ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
കേരളത്തിലെ സ്വർണ വില നിശ്ചയിക്കുന്നത്
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ കെ ജി എസ് എം എ) സംസ്ഥാന പ്രസിഡൻറ് ഡോ. ബി ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നീ മുന്ന് പേർ ചേർന്നാണ് ഓരോ ദിവസത്തേയും സ്വർണ വില നിശ്ചയിക്കുന്നത്. എ കെ ജി എസ് എം എ സംസ്ഥാന കമ്മിറ്റിയാണ് ഒരോ ദിവസത്തേയും വില നിർണ്ണയിക്കാനായി ഇവരെ ചുമതലപ്പെടുത്തിയത്.
രാജ്യാന്തര വിപണിയിലെ വില നിരക്കിന് അനുസരിച്ചാണ് ഒരോ ദിവസവും മൂവരും ചേർന്ന് വില നിശ്ചയിക്കുന്നത്. ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, അന്താരാഷ്ട്ര വിലക്കനുസൃതമായി ഇന്ത്യയിൽ 24 കാരറ്റ് സ്വർണ്ണത്തിൻറെ ബാങ്ക് നിരക്ക് എന്നിവയെല്ലാം അവലോകനം ചെയ്താണ് നിരക്ക് നിശ്ചയക്കുക. രാവിലെ 9.30ന് മുമ്പായി തന്നെ വില തീരുമാനിച്ച് എല്ലാ ജ്വല്ലറി ഉടമകളേയും അറിയിക്കും. സംസ്ഥാനത്ത് നിന്നുള്ള വന്‍കിട ജ്വല്ലറി ഗ്രൂപ്പുകള്‍ അടക്കം സംഘടനയുടെ ഭാഗമായ എല്ലാ സ്ഥാപനങ്ങളും ഈ വില പിന്തുടരും.












Click it and Unblock the Notifications