സ്വർണ വിലയിൽ 17 ശതമാനത്തിന്റെ ഇടിവ് ഉണ്ടാകും? കേരളത്തിൽ പവൻ വില 74000ത്തിലേക്ക് എത്തുമോ? ഇനി സംഭവിക്കുന്നത്
സ്വർണ വില ഇടിയുകയാണ്. തിങ്കളാഴ്ച അന്താരാഷ്ട്ര വിപണിയിൽ 4,000 ഡോളറിൽ താഴെയെത്തി. നിലവിൽ 3958 ഡോളറാണ് ഔൺസിന് വില, അതായത് മൂന്നാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിൽ. നിലവിലെ സാഹചര്യത്തിൽ സ്വർണവില ഇനിയും 17 ശതമാനം വരെ കുറയാൻ സാധ്യതയുണ്ടെന്നാണ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
മലേഷ്യയിൽ നടന്ന ആസിയാൻ സമ്മേളനത്തിൽ യുഎസ്-ചൈന പ്രതിനിധികൾ തമ്മിൽ ഒരു പൊതുവായ ധാരണയിലെത്തിയതോടെയാണ് വിപണിയിൽ വിറ്റഴിയൽ ശക്തമായത്. ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 100% താരിഫ് ഏർപ്പെടുത്താനുള്ള ഭീഷണി ഒഴിവാക്കുകയും അപൂർവ ലോഹങ്ങളുടെ കയറ്റുമതി നിയന്ത്രണങ്ങൾ ഒരു വർഷത്തേക്ക് നീട്ടിവെക്കുകയും ചെയ്യുന്ന ഒരു ചട്ടക്കൂട് കരാർ രൂപീകരിച്ചത് വിപണിക്ക് ആത്മവിശ്വാസം പകർന്നു. ഈ സാഹചര്യത്തിൽ സ്വർണ വില ഇനിയും കുറയുമെന്നാണ് വിദഗ്ധർ ആവർത്തിക്കുന്നത്. സ്വർണവില ഏകദേശം 3,830 ഡോളറിൽ താഴെ എത്തുമെന്നാണ് പൊതുവായുള്ള പ്രവചനം . നിലവിലെ നിലവാരത്തിൽ നിന്ന് ഏകദേശം 3.4 ശതമാനത്തിലധികം ഇടിവ് വരുമിത്.

ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ സ്വർണ്ണവില റെക്കോർഡ് നിലവാരത്തിലെത്തുന്നതിന് മുൻപ് സ്വർണത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിലവാരം 3,270 ഡോളർ മുതൽ 3,440 ഡോളർ വരെയായിരുന്നു. സ്വർണ്ണത്തിന് 3,270 ഡോളറിനും 3,440 ഡോളറിനും ഇടയിൽ ശക്തമായ പിന്തുണയുണ്ടെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്ന്. നിലവിലെ വിലയിൽ നിന്ന് ഏകദേശം 17 ശതമാനം ഇടിവ് സംഭവിച്ചാൽ മാത്രമേ ഈ നിലവാരത്തിലേക്ക് സ്വർണ്ണവില താഴുകയുള്ളൂ.
എന്നാൽ ഈ വിലയിടിവിനെ അമിതമായി വിശ്വസിക്കരുതെന്നാണ് ലോകത്തെ പ്രധാന സാമ്പത്തിക സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. തിങ്കളാഴ്ച റോയിട്ടേഴ്സ് പുറത്തുവിട്ട 39 വിശകലന വിദഗ്ധരുടെയും വ്യാപാരികളുടെയും ഒരു സർവേ പ്രകാരം, 2026-ൽ ഒരു ഔൺസ് സ്വർണ്ണത്തിന്റെ ശരാശരി വില 4,275 ഡോളറായി ഉയരുമെന്നാണ് പ്രവചിക്കുന്നത്. ഇത് മൂന്നുമാസം മുമ്പ് ജൂലൈയിൽ പ്രവചിച്ച 3,400 ഡോളറിൽ നിന്നുള്ള ഗണ്യമായ വർദ്ധനവാണ്.
2026-ന്റെ നാലാം പാദത്തോടെ സ്വർണ്ണവില ഒരു ഔൺസിന് ശരാശരി 5,055 ഡോളർ ആകുമെന്നാണ് ജെപി മോർഗൻ പ്രവചിക്കുന്നത്. 2026-ൽ ഓരോ പാദത്തിലും നിക്ഷേപകരുടെ താൽപ്പര്യവും സെൻട്രൽ ബാങ്കുകളുടെ വാങ്ങലുകളും ഏകദേശം 566 ടൺ വീതം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഇതിന് അടിസ്ഥാനം. 'ഈ വർഷം സ്വർണ്ണത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുന്ന ഘട്ടത്തിലേക്ക് വിപണി പ്രവേശിക്കുമ്പോൾ വില വർധനയുണ്ടാകുമെന്ന് ഞങ്ങൾ കാണുന്നത്', ജെപി മോർഗന്റെ ഗ്ലോബൽ കമ്മോഡിറ്റീസ് സ്ട്രാറ്റജി ഹെഡ് നതാഷ കനേവ പറഞ്ഞു. 2028-ഓടെ ഒരു ഔൺസിന് 6,000 ഡോളർ എന്ന ദീർഘകാല ലക്ഷ്യവും ജെപി മോർഗൻ പങ്കുവെച്ചു.
കേരളത്തിൽ വില എന്താകും?
ആഗോള വിലയുടെ ഇടിവിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 10 ദിവസത്തിനിടെ കേരളത്തിൽ 8,760 രൂപയുടെ ഇടിവാണ് സ്വർണ വിലയിൽ നേരിട്ടത്. ഇന്ന് പവൻ വില 89,160 രൂപയാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്ന് വില നേരിയ തോതിൽ ഉയർന്നു. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് ഉയർന്നത്. ഗ്രാമിന് നിലവിൽ 11,145 രൂപയാണ് ഗ്രാമിന്. യുഎസിന്റെ കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് ഇന്ന് വൈകിട്ടോടെ പലിശനയം പ്രഖ്യാപിക്കാനിരിക്കെയാണ് സ്വർണ വില വർധിച്ചത്. പലിശ നിരക്ക് 0.25 ശതമാനം കുറച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സ്വർണ വില കുതിക്കാൻ കാരണമായേക്കും.












Click it and Unblock the Notifications