സ്വർണ വില: പത്ത് ദിവസത്തിനിടെ കുറഞ്ഞത് ഇത്രയും രൂപ; ഇനിയും ഇടിഞ്ഞേക്കും, കാരണമുണ്ട്
കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ചയും സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം സ്വർണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഇതോടെ ഗ്രാമിന് 5,540 രൂപയിലും പവന് 44,320 രൂപയിലുമായിരുന്നു തിങ്കളാഴ്ചത്തെ വ്യാപാരം. ഇതേ നിരക്ക് ഇന്നും തുടരുകയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കുകളിലൊന്നുമാണ് ഇത്.
ജൂൺ 8 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,520 രൂപയും പവന് 44,400 രൂപയുമായിരുന്നു ഇതുവരേയുള്ളതിലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പവന് 44560 രൂപ എന്ന നിരക്കിലായിരുന്നു ഈ മാസം സ്വർണ വ്യാപാരം ആരംഭിച്ചത്. എന്നാല്‍ ജൂൺ 2 ന് സ്വർണ വിപണിയില്‍ 240 രൂപയുടെ വർധനവുണ്ടായി. ഇതോടെ വില പവന് 44800 രൂപ എന്ന നിരക്കിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായും ഇതുമാറി.

ഫലത്തില്‍ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ സ്വർണ വിലയില്‍ 480 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ സ്വർണത്തിനുണ്ടായ പ്രധാന വർധനവുകളിലൊന്നും ജൂണ്‍ ആറാം തിയതിയിലെ 240 രൂപയാണ്. എന്നാല്‍ ജൂണ്‍ മൂന്ന് 560 രൂപയും 8,9 തിയതികളില്‍ 320 രൂപ വീതവും കുറഞ്ഞിരുന്നു.
അന്താരാഷ്ട്ര സ്വർണവിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായാണ് സംസ്ഥാന വിപണയിലും വിലയില്‍ വ്യത്യാസമുണ്ടാകുന്നത്. സ്വർണത്തിന്റെ (ഒരു ഔൺസ്) സ്പോട്ട് നിരക്കുകൾ 0.1 ശതമാനം താഴ്ന്ന് 1,957.92 ഡോളറിലും യുഎസ് ഗോൾഡ് ഫ്യൂച്ചർസ് 0.2 ശതമാനം ഇടിവില്‍ 1,972.60 ഡോളറിലുമായിരുന്നു തിങ്കളാഴ്ചത്തെ വ്യാപാരം.
യുഎസ് ഡോളർ ശക്തിയാർജിക്കുന്നതും പലിശ നിരക്ക് വർധന സംബന്ധിച്ച് അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ തീരുമാനം ഈയാഴ്ച പുറത്തുവരാനിരിക്കുന്നതിനാൽ നിക്ഷേപകർ ജാഗ്രത പാലിക്കുന്നതുമാണ് സ്വർണ വിലയിലെ ഇടിവിന് കാരണം. 14 വരെ നടക്കുന്ന ഫെഡ് തീരുമാനങ്ങൾ വരുന്നത് വരെ ബോണ്ട് യീൽഡും സ്വർണവും എതിർദിശകളിലുള്ള ചാഞ്ചാട്ടം തുടർന്നേക്കാമെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

പലിശ നിരക്ക് ഉയർത്താനാണ് അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ തീരുമാനമെങ്കില്‍ സ്വർണം ഇനിയും വലിയ രീതിയില്‍ തന്നെ ഇടിഞ്ഞേക്കും. ഇതിനൊപ്പം തന്നെ അമേരിക്കയിലെ ഉപഭോക്തൃ പണപ്പെരുപ്പത്തെ സംബന്ധിച്ച വാർത്തകളും സ്വർണ വിപണിയിൽ ചലനമുണ്ടാക്കിയേക്കാമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
സാമ്പത്തിക രംഗം സ്ഥിരതയിലൂടെ കടന്നുപോവുമ്പോള്‍ സ്വർണ വിലയില്‍ ഇടിവുണ്ടാവുന്നത് സ്വാഭാവികമാണ്. നേരെ മറിച്ചാണെങ്കില്‍ വില ഉയരും. മേയ് മാസത്തില്‍ അന്താരാഷ്ട്ര രംഗം കണ്ടത് ഈ സാഹചര്യമായിരുന്നു. ആഗോള സാമ്പത്തിക പ്രതിസന്ധി ഭീഷണിയുടേയും അമേരിക്കന്‍ ബാങ്കുകളുടെ തകർച്ചയുടേയും പശ്ചാത്തലത്തില്‍ നിക്ഷേപകർ സ്വർണത്തിലേക്ക് കൂടുതലായി തിരിഞ്ഞതാണ് വില വർധനവ് സൃഷ്ടിച്ചത്.
സിലിക്കൺ വാലി ബാങ്ക്, സിഗ്നേചർ ബാങ്ക് തകർച്ചകളായിരുന്നു ആഗോള വിപണികളിലടക്കം വലിയ പ്രതിസന്ധിയുണ്ടാക്കിയത്. പിന്നാലെ യൂറോപ്പിൽ നിന്ന് ക്രെഡിറ്റ് സ്വീസിലെ പ്രതിസന്ധി കൂടി വന്നത് ബാങ്കിംഗ് രംഗത്തെ ആശങ്ക ലോകമെമ്പാടും പടരുകയാണെന്ന പ്രതീതിയുണ്ടാക്കി.
ഇതോടെ നിക്ഷേപകർ പണം വലിയ തോതില്‍ സ്വർണത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് വിപണിയില്‍ നടത്തിയ ഇടപെടലുകള്‍ ഫലം കണ്ട് തുടങ്ങിയതോടെ സ്വർണത്തെ വലിയ മുന്നേറ്റത്തില്‍ നിന്നും പിടിച്ച് നിർത്തുകയായിരുന്നു. ഡോളർ കരുത്താർജ്ജിച്ചതും ഗുണകരമായി മാറി.












Click it and Unblock the Notifications