ആ വെള്ളം അങ്ങ് വാങ്ങി വെച്ചോ, സ്വർണത്തിന് ഇപ്പോഴുളള വിലക്കുറവ് കണ്ട് മോഹിക്കേണ്ട, ട്രെൻഡ് ഇത്; പൊന്ന് ചതിക്കും
ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തുന്നത് ആഭരണങ്ങൾ വാങ്ങാൻ പോകുന്നവർക്ക് നേരിയ ആശ്വാസം ആയിരിക്കുന്നത്. ഇന്ന് രണ്ട് തവണയായി 2400 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ വില 1 ലക്ഷത്തിന് താഴേക്ക് പോകുമോ എന്നുളള ആകാംഷ നിലനിൽക്കുന്നു.
എന്നാൽ സ്വർണവിലയിൽ വലിയ കുറവുണ്ടാകും എന്നുളള പ്രതീക്ഷ വേണ്ട എന്നാണ് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ് അസോസിയേഷന്‍ നേതാവ് ജസ്റ്റിന്‍ പാലത്ര പറയുന്നത്. രണ്ട് ദിവസമായുളള വിലക്കുറവ് ഇനിയും വില കുറയും എന്നതിന്റെ സൂചന അല്ലെന്നും സീ ന്യൂസിന് നൽകിയ പ്രതികരണത്തിൽ അദ്ദേഹം വിശദീകരിക്കുന്നു.
ജസ്റ്റിൻ പാലത്രയുടെ വാക്കുകൾ: '' സ്വര്‍ണത്തിന്റെ വില താഴ്ന്ന് നില്‍ക്കുന്നു ഇപ്പോള്‍ എന്നത് കൊണ്ട് പ്രതീക്ഷിക്കാനുളള വകയില്ല. ഈ വിലയിടിവ് സ്വര്‍ണ വില താഴ്ന്ന് പോകാനുളള ഒരു ട്രെന്‍ഡ് അല്ല കാണിക്കുന്നത്. കാരണം അമേരിക്കയില്‍ ഫെഡറല്‍ റിസര്‍വിന്റെ ഗവര്‍ണര്‍ വളരെ കര്‍ക്കശക്കാരനാണെന്നാണ് കേള്‍ക്കുന്നത്. അദ്ദേഹം ബാങ്കുകളുടെ പലിശ നിരക്ക് കുറയ്ക്കാനുളള ഒരു സാധ്യതയും കാണുന്നില്ല. അതുകൊണ്ട് സ്വര്‍ണത്തിന് അല്‍പം ഡിമാന്‍ഡ് കുറഞ്ഞു.

കാരണം ഡോളറിലേക്ക് നിക്ഷേപങ്ങള്‍ പോകാനുളള ഒരു പ്രവണതയാണ് ഇപ്പോള്‍ കാണിക്കുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഒരു ചെറിയ ഇടിവ് വിലയില്‍ കാണിക്കുന്നത്. എങ്കിലും വില ഇനിയും ഉയര്‍ന്ന് തന്നെ പോകാനുളള സാധ്യതയാണ് കാണുന്നത്. വില കൂടാനുളള സാഹചര്യങ്ങളില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. വില കൂടുക തന്നെ ചെയ്യും.
2026ല്‍ തന്നെ സ്വര്‍ണവില 2 ലക്ഷത്തിലേക്ക് എത്താനുളള ഒരു സാധ്യത തീര്‍ച്ചയായും ഉണ്ട്.. അങ്ങനെയാണ് നിഗമനങ്ങള്‍ കേള്‍ക്കുന്നത്. വില ഒന്നര ലക്ഷത്തിലേക്കും രണ്ടിലേക്കും വരെ എത്താനുളള സാധ്യത ഉണ്ട്. സാധാരണക്കാര്‍ക്ക് 1 പവന്‍ പോലും വാങ്ങാന്‍ പറ്റാത്ത സ്ഥിതി വരും. അതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ 18 കാരറ്റും 14 കാരറ്റും മുതല്‍ മൊത്തക്കച്ചവടക്കാര്‍ 9 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ പോലും നിര്‍മ്മിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്.
കാരണം ജനങ്ങള്‍ പണ്ടത്തെ അവസ്ഥയില്‍ നിന്നും മാറി ഇനിയിപ്പോള്‍ 18 ആയാലും 14 ആയാലും 9 ആയാലും മതി എന്നുളള സ്ഥിതിയിലേക്ക് മാറി. സ്വര്‍ണവില കൂടുന്നതിന് അനുസരിച്ച് കുറഞ്ഞ കാരറ്റുകളിലേക്ക് ആളുകള്‍ പോകുമ്പോള്‍ വില സ്വാഭാവികമായും കുറയുമ്പോള്‍ ആ ഒരു ട്രെന്‍ഡിലേക്ക് നീങ്ങും.












Click it and Unblock the Notifications