സ്വർണ വില ഇനി എങ്ങോട്ട്.. വിൽക്കണോ അതോ വാങ്ങണോ? വിദഗ്ധർ പറയുന്നത് ഇതാണ്
കൂറ്റൻ മുന്നേറ്റത്തിന് ശേഷം സ്വർണം കിതക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഒമ്പത് ആഴ്ചത്തെ നേട്ടം അവസാനിപ്പിച്ച് 3 ശതമാനം ഇടിവാണ് സ്വർണത്തിൽ ഉണ്ടായത്. പ്രധാന ആഗോള സംഭവങ്ങൾക്ക് മുന്നോടിയായി നിക്ഷേപകർ ലാഭമെടുത്തതാണ് ഇതിന് കാരണം. വില കുറഞ്ഞ് തുടങ്ങിയതോടെ സ്വർണം വാങ്ങാനായി കൂടുതൽ പേർ ജ്വല്ലറികളിലേക്ക് എത്തിതുടങ്ങിയിട്ടുണ്ട്. എന്നാൽ ഇത് തന്നെയാണോ വാങ്ങാൻ ഉചിതമായ സമയം, അതോ കാത്തിരിക്കേണ്ടതുണ്ടോയെന്നതാണ് പ്രധാന ചോദ്യം.
'പ്രസിഡൻ്റ് ട്രംപും ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ലാഭമെടുക്കൽ നടന്നതോടെയാണ് സ്വർണ്ണം കഴിഞ്ഞയാഴ്ച 3 ശതമാനം ഇടിഞ്ഞ് ഒമ്പത് ആഴ്ചത്തെ തുടർച്ചയായ നേട്ടം അവസാനിപ്പിച്ചത്.വ്യാപാര ചർച്ചകളിലെ പുരോഗതി സുരക്ഷിത നിക്ഷേപങ്ങളുടെ ആവശ്യകത കുറച്ചു',ആക്സിസ് സെക്യൂരിറ്റീസിലെ സീനിയർ റിസർച്ച് അനലിസ്റ്റ് ദേവേയ ഗഗ്ലാനി പറഞ്ഞു. യുഎസ് ഫെഡറൽ റിസർവ്, യൂറോപ്യൻ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ജപ്പാൻ എന്നിവയുടെ നയപരമായ പ്രഖ്യാപനങ്ങളിലേക്ക് ഇപ്പോൾ വിപണി ഉറ്റുനോക്കുന്നത്. കഴിഞ്ഞയാഴ്ച പ്രതീക്ഷിച്ചതിലും കുറഞ്ഞ സിപിഐ ഡാറ്റയ്ക്ക് ശേഷം ഫെഡ് 0.25 ബേസിസ് പോയിൻ്റ് പലിശ നിരക്ക് കുറയ്ക്കുമെന്ന് വ്യാപകമായി പ്രതീക്ഷിക്കുന്നുണ്ട്', ഗഗ്ലാനി അഭിപ്രായപ്പെട്ടു.

എന്നിരുന്നാലും ഇന്ത്യയിൽ സ്വർണ്ണത്തിന് റെക്കോർഡ് വില വർദ്ധിച്ചതിനാൽ ഭൗതികപരമായ ആവശ്യകത കുറഞ്ഞിട്ടുണ്ട്. സ്വർണ്ണവില ഹ്രസ്വകാലത്തേക്ക് കൂടി ഒരു നിശ്ചിത പരിധിക്കുള്ളിൽ തുടരാം. കാര്യമായ കുറവ് വരാൻ സാധ്യതയില്ല, എന്നാൽ പുതിയ ആഗോള അനിശ്ചിതത്വങ്ങൾ ഉയർന്നുവന്നില്ലെങ്കിൽ വലിയ വർദ്ധനവിന് തടസ്സങ്ങൾ നേരിട്ടേക്കാം. ഇന്ത്യൻ നിക്ഷേപകർ തിരക്ക് കൂട്ടാതെ കാര്യങ്ങൾ നിരീക്ഷിക്കുന്നതാണ് ഉത്തമം, അദ്ദേഹം പറഞ്ഞു.
'യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും തമ്മിലുള്ള കൂടിക്കാഴ്ചകൾ, യുഎസ് ഫെഡറൽ റിസർവിൻ്റെ പ്രഖ്യാപനം, നിരവധി പ്രധാന ടെക് കമ്പനികളുടെ വരുമാന റിപ്പോർട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന സംഭവങ്ങൾ കാരണം ഈ ആഴ്ച സ്വർണ വിപണിയെ സംബന്ധിച്ച് ഏറെ നിർണായകമാണ്', ആസ്പെക്ട് ബുളിയൻ & റിഫൈനറി സിഇഒ ദർശൻ ദേശായി പറഞ്ഞു. 'വ്യാപാരക്കരാറിനെക്കുറിച്ചുള്ള നല്ല വാർത്തകളോ ഡോളറിൻ്റെ കൂടുതൽ നേട്ടങ്ങളോ സ്വർണ്ണത്തിൽ കൂടുതൽ ലാഭമെടുക്കാൻ ഇടയാക്കും. കൂടാതെ, ഫെഡറൽ റിസർവ് പ്രതീക്ഷിച്ചതിലും കുറഞ്ഞ പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനാണ് ബുധനാഴ്ചത്തെ പ്രസ്താവനയിൽ സൂചിപ്പിക്കുന്നതെങ്കിൽ, അത് സ്വർണ്ണവിലയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും', അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സ്വർണ വില
രാജ്യാന്തര വിലയിലെ ഇടിവിന്റെ ചുവടുപറ്റി കേരളത്തിലും ഇന്ന് സ്വർണ വിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുടേയും കുറവാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന്11,410 രൂപയിലും പവന് 91,280 രൂപയുമാണ് ഇന്ന് വില.
970000 വരെ എത്തിയ സ്വർണ വിലയാണ് ഇപ്പോൾ കുത്തനെ വീണത്. സ്വർണ വില കുറഞ്ഞത് കേരളത്തിലെ ഉപഭോക്താക്കളിലും ആവേശം തീർക്കുന്നുണ്ട്. എന്നാൽ വലിയ ആവേശം ഇപ്പോൾ കാണിക്കേണ്ടതില്ലെന്ന് ആവർത്തിക്കുകയാണ് വിദഗ്ധർ. അത്തരത്തിൽ വില ഉയർന്നാൽ സ്വർണത്തിന് പവന് ഒരു ലക്ഷം കടക്കാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. അതേസമയം സ്വർണം വില ഉയരുമെന്ന ആവേശത്തിൽ നിക്ഷേപ താത്പര്യത്തോടെ വാങ്ങിവെയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആഭരണങ്ങൾക്ക് പകരം സ്വർണക്കട്ടിയോ നാണയങ്ങളോ വാങ്ങി വെയ്ക്കണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വില കുറയുമ്പോൾ പഴയ സ്വർണം കൊടുക്കാൻ കൂട്ടത്തോടെ ആളുകൾ എത്തുന്നത് ജ്വല്ലറികളേയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications