ബിനീഷിനും ജലീലിനുമെതിരെ മൊഴി നൽകാനും ഇഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായർ
ബിനീഷിനും ജലീലിനുമെതിരെ മൊഴി നൽകാനും ഇഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായർ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് പുറമെ കൂടുതൽ ആളുകളുടെ പേര് പറയാൻ ഇഡി നിർബന്ധിച്ചതായി കേസിലെ മുഖ്യപ്രതിയായ സന്ദീപ് നായരുടെ മൊഴി. ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ ഇഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായര്‍ ആവർത്തിച്ചു. മുഖ്യമന്ത്രിക്ക് പുറമെ സ്‌പീക്കർ ശ്രീരാമകൃഷ്ണൻ, മന്ത്രി കെ.ടി ജലീൽ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാനും ഇഡി നിർബന്ധിച്ചതായി സന്ദീപ് അന്വേഷണ സംഘത്തോട് പറഞ്ഞു.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

ഇഡിക്കെതിരായ കേസില്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് മൊഴിയുടെ വിശദാംശങ്ങള്‍ ഉള്ളത്. കൃത്രിമ തെളിവ് ഉണ്ടാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് സന്ദീപിന്റെ മൊഴിയിലുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിൽ നേരിട്ടെത്തിയാണ് ക്രൈംബ്രാഞ്ച് സംഘം സന്ദീപിനെ ചോദ്യം ചെയ്തത്. സന്ദീപിന്റെ മൊഴി നിർണായകമാണെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാന്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്ന സന്ദീപ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലും ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരുപറയാന്‍ ഇഡി നിര്‍ബന്ധിച്ചു എന്ന മൊഴി സന്ദീപില്‍ നിന്ന് ലഭിച്ചു എന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍, മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി തന്നെ നിര്‍ബന്ധിച്ചതായുള്ള വിവരവും ഉള്‍പ്പെട്ടിരുന്നു.ഇതുമായി ബന്ധപ്പെട്ട് അഭിഭാഷകനായ ആര്‍ സുനില്‍കുമാര്‍ എന്ന വ്യക്തിയുടെ വാട്‌സാപ്പ് ഗ്രൂപ്പിലേയ്ക്ക് പരാതിയുടെ പകര്‍പ്പ് ലഭിക്കുകയും തുടര്‍ന്ന് അദ്ദേഹം ഇഡിക്കെതിരെ പരാതി നല്‍കുകയുമായിരുന്നു- റിപ്പോര്‍ട്ടില്‍ പറയുന്നു. സുനില്‍കുമാറിന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു












Click it and Unblock the Notifications