'കേന്ദ്രസർക്കാർ സമീപനം മാറ്റണം';മണിപ്പൂർ വിഷയം സഭയിൽ ഉന്നയിച്ച് ജോൺ ബ്രിട്ടാസ് എംപി
ഡൽഹി: മണിപ്പൂർ വിഷയം സഭയിൽ ഉന്നയിച്ച് ജോൺ ബ്രിട്ടാസ് എം പി. പ്രദേശത്തെ ഇന്റർനെറ്റ് നിരോധനം നീക്കണമെന്നും അക്രമങ്ങളുടെ യഥാർത്ഥ ചിത്രം പുറത്തുവരുന്നത് വൈകിയാണെന്നും ബ്രിട്ടാസ് പറഞ്ഞു. മണിപ്പുർ കലാപത്തിൽകേന്ദ്രസര്‍ക്കാരിന്റെ നയം മാറ്റണമെന്നും സംസ്ഥാനത്ത് സമാധാനം കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ഇത് സംബന്ധിച്ച് എംപി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
'മണിപ്പൂർ എന്നുപറഞ്ഞാൽ കേന്ദ്ര ഭരണകക്ഷിക്ക് ചതുർത്ഥിയാണ്. മണിപ്പൂർ സംബന്ധിച്ച ചോദ്യങ്ങൾ പോലും അനുവദിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. വർഷകാലസമ്മേളനം ആരംഭിച്ച ശേഷം മണിപ്പൂർ വിഷയത്തിൽ അർത്ഥവത്തായ ചർച്ചയ്ക്ക് വേണ്ടി പ്രതിപക്ഷം പാർലമെന്റ് തടസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മണിപ്പൂർ വിഷയം രാജ്യസഭയിൽ ഉന്നയിക്കാൻ സാധിച്ചത്.

പ്രത്യേക ഉപക്ഷേപം (Special Mention) എന്ന മാർഗത്തിലൂടെ ഇന്റർനെറ്റ് നിരോധനം എന്ന പ്രശ്നം ചർച്ച ചെയ്യുന്നതിനുള്ള നിയതമായ പ്രസ്താവനയാണ് രാജ്യസഭ ചെയർമാന് സമർപ്പിച്ചത്. എന്നാൽ ഇൻറർനെറ്റ് നിരോധനം എന്ന തലക്കെട്ടിൽ മണിപ്പൂരിൽ ഇൻറർനെറ്റ് നിരോധനം സൃഷ്ടിക്കുന്ന പ്രതിസന്ധിയെ കുറിച്ചും മണിപ്പൂരിൽ സ്ത്രീകൾ നഗ്നനരായി പരേഡ് ചെയ്യപ്പെട്ട് ബലാത്സംഗം ചെയ്യപ്പെട്ടതിനെ കുറിച്ചുമുള്ള പരാമർശങ്ങൾ രാജ്യസഭ സെക്രട്ടറിയേറ്റിൽ ഞാൻ സമർപ്പിച്ച പ്രസ്താവനയുടെ ഉൾഭാഗങ്ങളിൽ ഉണ്ടായിരുന്നു.
ഇൻറർനെറ്റ് നിരോധനമാണ് വിഷയമെന്ന് ധരിച്ച് രാജ്യാസഭ ചെയർമാൻ ഈ വിഷയം ഉന്നയിക്കാൻ എനിക്ക് അനുമതി നൽകുകയായിരുന്നു. എന്നാൽ പേരുവിളിച്ച് അനുവദിക്കപ്പെട്ട പ്രസ്താവന വായിച്ചു തുടങ്ങിയപ്പോൾ ഭരണകക്ഷി അംഗങ്ങൾ നടുങ്ങി. ചെയർമാനും വിഷണ്ണനായി. അനുവദിച്ച പ്രസ്താവനകളിൽ നിന്ന് മാറരുത് എന്ന് അദ്ദേഹം വിളിച്ചു പറയുന്നുണ്ടായിരുന്നു. താങ്കൾ അനുവദിച്ചതു തന്നെയാണ് ഞാൻ വായിക്കുന്നത് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം മുമ്പിലുള്ള സ്ക്രീനിൽ നോക്കി.
താൻ അനുവദിച്ചതു തന്നെയാണ് വായിക്കുന്നതെന്ന് ബോധ്യപ്പെട്ടപ്പോൾ അദ്ദേഹം നിശബ്ദനായി. പ്രതിപക്ഷ അംഗങ്ങൾ ഡെസ്കിൽ അടിച്ചു നൽകിയ പ്രോത്സാഹനത്തിന്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ പ്രതിസന്ധിയും ഇന്റർനെറ്റ് നിരോധനവുമൊക്കെ സഭയിൽ അവതരിപ്പിക്കാൻ അസുലഭമായ ഒരു അവസരമാണ് ഇന്ന് ലഭിച്ചത്. വർഷകാല സമ്മേളനം ആരംഭിച്ച ശേഷം പ്രതിപക്ഷം സഹകരിച്ചുകൊണ്ട് പാർലമെൻറിൽ നടന്ന ഏക ഇനവും ഇതാണ്', എംപി കുറിച്ചു.












Click it and Unblock the Notifications