ചക്കിട്ടപാറയില്‍ വിജിലന്‍സ് അന്വേഷണം
തിരുവനന്തപുരം: ചക്കിട്ടപാറ ഖനന വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഖനനത്തിന് അനുമതി നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വ്യവസായ വകുപ്പ് നല്‍കിയ കത്ത് മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു. അന്വേഷണം സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും എന്നാണ് സൂചന.
ഡിസംബര്‍ 4 ന് നടന്ന മന്ത്രിസഭ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല. വ്യവസായ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അന്വേഷണം സംബന്ധിച്ച് തീരുമാനം എടുക്കൂ എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്.

ഖനന വിവാദം സംഭവിച്ച് ഉടന്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. അന്വേഷണം വൈകുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് ചെന്നിത്തലയുടെ കത്ത് എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. രമേശ് ചെന്നിത്തല അയച്ച കത്ത് ലഭിച്ചു എന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി വിഎം സുധീരന്റെ കത്ത് ലഭിച്ചിട്ടില്ലെന്നാണ് പറഞ്ഞത്.
ഖനന വിവാദം സംബന്ധിച്ച് ഏത് തരം അന്വേഷണം പ്രഖ്യാപിച്ചാലും അതിനെ സ്വാഗതം ചെയ്യുന്നതായി മുന്‍ വ്യവസായ മന്ത്രി എളമരം കരീം പറഞ്ഞു. സംശയങ്ങള്‍ ഉണ്ടെങ്കില്‍ അവ ദൂരീകരിക്കപ്പെടേണ്ടതുണ്ടെന്നും എളമരം കരീം പറഞ്ഞു.
വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പോരെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വിഎം സുധീരന്‍ അഭിപ്രായപ്പെട്ടത്. ഖനന അഴിമതി സിബിഐ അന്വേഷിക്കണം എന്ന് സുഎധീരന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications