ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ നടപടി; നിലയ്ക്കലിൽ പാർക്കിംഗ് സൗകര്യം കൂട്ടാനും തീരുമാനം
തിരുവനന്തപുരം: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ നടപടികളുമായി ദേവസ്വം ബോർഡ്. പ്രതിദിന ഭക്തരുടെ എണ്ണം 90,000 ആയി പരിമതിപ്പെടുത്താനാണ് തിരുമാനം.തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. ദർശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞ സാഹചര്യത്തിലാണ് ഇപ്പോഴത്തെ തീരുമാനം.

ശബരിമലയിൽ തീർഥാടകരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ദർശന സമയം കൂട്ടുന്നതിന്റെ സാധ്യത ഹൈക്കോടതി ആരാഞ്ഞിരുന്നു. എന്നാൽ ശബരിമയിൽ ദർശന സമയം ഇനിയും വർധിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു നേരത്തേ തന്ത്രി കണ്ഠര് രാജീവര് വ്യക്തമാക്കിയത് തിരക്ക് പരിഗണിച്ച് ഇപ്പോൾ തന്നെ ഒരു മണിക്കൂർ വർധിപ്പിച്ചിട്ടുണ്ടെന്നും ഇനിയും കൂട്ടാൻ സാധിക്കില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
അതേസമയം ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഭക്തജനങ്ങള്‍ക്ക് പ്രയാസമില്ലാതെ പതിനെട്ടാം പടി കയറി സന്നിധാനത്തെത്തി സംതൃപ്തമായ ദര്‍ശനം ഒരുക്കല്‍ പ്രധാനമാണ്. അതിന് ആവശ്യമായ ക്രമീകരണം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ദര്‍ശനസമയം ദിവസം 19 മണിക്കൂറായി വര്‍ദ്ധിപ്പിച്ചത് കൂടുതല്‍ പേര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കിയിട്ടുണ്ട്. വാഹനപാര്‍ക്കിംഗ് സൗകര്യം വര്‍ദ്ധിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡും പത്തനംതിട്ട ജില്ലാ ഭരണസംവിധാനവും നടപടികള്‍ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലയ്ക്കലിലുള്ള പാര്‍ക്കിംഗ് സൗകര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 17 മൈതാനങ്ങളിലായി 6,500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. ദേവസ്വം വകുപ്പുമന്ത്രി പങ്കെടുത്ത് ആഴ്ചയിലൊരിക്കല്‍ ഉന്നതതല യോഗം ചേര്‍ന്ന് അവലോകനം നടത്തും.
യോഗത്തില്‍ ദേവസ്വം വകുപ്പുമന്ത്രി കെ രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത്, പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
തിങ്കളാഴ്ച ശബരിമലയില്‍ ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് 1,07,260 പേരാണ്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ബുക്കിംഗാണിത്. ഇത് രണ്ടാം തവണയാണ് ഈ സീസണില്‍ ഒരു ലക്ഷത്തിന് മുകളില്‍ ബുക്കിംഗ് വരുന്നത്. ഡിസംബര്‍ 13 ന് 77,216 പേരും, 14 ന് 64,617 പേരുമാണ് ശബരിമല ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്.ശനിയാഴ്ച വൈകിട്ട് അഞ്ച് വരെ അറുപതിനായിരത്തോളം പേരാണ് ശബരിമലയില്‍ ഇതുവരെ ദര്‍ശനം നടത്തിയത്.












Click it and Unblock the Notifications