പ്രവാസികളുടെ കാശ് കുറേ പൊടിയും: വിമാന ടിക്കറ്റുകളുടെ നിരക്ക് ഇനിയും ഉയരും, രണ്ട് പ്രധാന കാരണങ്ങള്‍
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള റൗണ്ട് ട്രിപ്പ് ഇക്കണോമി ടിക്കറ്റുകൾ കഴിഞ്ഞ വർഷം 935-ദിർഹം മുതല്‍ 1,018 ആയിരുന്നെങ്കില്‍ ഇത്തവണ മാർച്ച് 21 മുതൽ മാർച്ച് 30 വരെയുള്ള യാത്രയ്‌ക്ക് 1,316 ദിർഹമാണ്

ദുബായ്: ഇന്ത്യ, യുകെ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കൂലിയില്‍ അടുത്തിടെ വലിയ തോതിലുള്ള വർധനവാണ് ഉണ്ടായിരിക്കുന്നത്. പത്ത് മുതല്‍ 25 ശതമാനം വരെയാണ് വർധന. മാർച്ച് 23-ന് റമദാന്‍ കൂടി ആരംഭിക്കുന്നതോടെ യു എ ഇയില്‍ നിന്നടക്കമുള്ള വിമാനടിക്കറ്റ് കൂടുതല്‍ ചിലവേറിയതാവും. സാധാരണഗതിയിൽ, റമദാനിലെ ആദ്യ രണ്ടാഴ്‌ചകളില്‍ ടിക്കറ്റിന് അത്ര ഡിമാന്‍ഡ് ഉണ്ടാവാറില്ല. എന്നാല്‍ പെരുന്നാള്‍ അടുക്കുന്നതോട് ടിക്കറ്റ് നിരക്കില്‍ ഗണ്യമായ വർധനവുണ്ടാവും. എന്നാല്‍ ഇത്തവണ സ്കൂള്‍ അവധികളുടെ കാര്യം കൂടി പരിഗണിക്കുമ്പോള്‍ നേരത്തെ തന്നെ ടിക്കറ്റിന് വലിയ ഡിമാന്‍ഡാണ് ഉള്ളത്. ഇതോടെ ടിക്കറ്റിന്റെ നിരക്കും ഉയർന്നു.
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള റൗണ്ട് ട്രിപ്പ് ഇക്കണോമി ടിക്കറ്റുകൾ കഴിഞ്ഞ വർഷം 935-ദിർഹം മുതല്‍ 1,018 ആയിരുന്നെങ്കില്‍ ഇത്തവണ മാർച്ച് 21 മുതൽ മാർച്ച് 30 വരെയുള്ള യാത്രയ്‌ക്ക് 1,316 ദിർഹമാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. അതേസമയം, മനിലയിലേക്കുള്ള ഒരു വിമാനം ബുക്ക് ചെയ്യുന്നതിന് 2019-ലെ 1,960 ദിർഹത്തെ അപേക്ഷിച്ച് 2,728 ദിർഹമാണ് ഇപ്പോള്‍ നല്‍കേണ്ടത്. അതുപോലെ, യുകെ, യു.എസ്, തുടങ്ങിയ ജ്യങ്ങളിലേക്കുള്ള ടിക്കറ്റിനും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധനവുണ്ട്.

യു.എ.ഇ.യിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രാനിരക്ക് ചെലവേറി വരികയാണെന്നാണ് സിറ്റി വൺ ടൂറിസം ആൻഡ് ട്രാവൽ മാനേജിംഗ് ഡയറക്ടർ ഹേമലി ഷാ വ്യക്തമാക്കുന്നത്. റമദാൻ സാധാരണയായി യാത്രയ്ക്കുള്ള സമയമല്ലെങ്കിലും, സ്‌പ്രിംഗ് ബ്രേക്കിനായി സ്‌കൂളുകൾ അടച്ചിരിക്കുന്നതിനാൽ ആളുകൾ യാത്ര ചെയ്യാൻ തയ്യാറെടുക്കുന്നു. ടിക്കറ്റ് ചാർജ് ഉയർന്നെങ്കിലും യുഎഇയിൽ നിന്നുള്ള വിമാനങ്ങളില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നതെന്നും ഹേമലി ഷാ പറയുന്നു.
നിരക്ക് ഉയരുന്നത് മുന്‍കൂട്ടി കണ്ട് പ്രവാസികളില്‍ പലരും നേരത്തെ തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. കൂടുതല്‍ സർവ്വീസുകള്‍ നടത്തുന്നതിനാല്‍ ടിക്കറ്റ് നിരക്ക് പിടിവിട്ട രീതിയില്‍ ഉയരില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തിലും സ്കൂള്‍ അവധി വരുന്നതിനാല്‍ ഗള്‍ഫിലേക്കുള്ള നിരക്കും ഉയർന്നതാവും. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ടിക്കറ്റിന് ഏറ്റവും കൂടുതൽ ഡിമാൻഡ്. ഏതാനും ആഴ്‌ചകൾ കൂടി അനുയോജ്യമായ കാലാവസ്ഥയുള്ളതിനാൽ ടൂറിസം യാത്രക്കാരുടെ എണ്ണത്തിലും വലിയ വർധനവുണ്ടെന്നും ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications